പോസ്റ്റർ വരകൾ മുന്നേറി കൊണ്ടിരുന്നു. അവിടെയും ഇവിടെയും എന്തൊക്കെയോ അടക്കം പറച്ചിലുകൾ കേൾക്കാം.
Rationals, Liberation 80
നാളിതു വരെ കണ്ടിട്ടില്ലാത്ത പോരാട്ടം
കുട്ടി ചോദിച്ചു
ഈ ഇലക്ഷന് നടക്കുമ്പോൾ നമ്മുടെ കോളേജിലെ സാറന്മാരും, മാനേജ്മെന്റുമൊക്കെ എങ്ങനെയാണു ഇതൊക്കെ നോക്കികാണുന്നത്? അവർ എങ്ങനെയാണിതിൽ പങ്കാളികളാവുന്നതു ആരായിരിക്കും? തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ?
അപ്പോൾ മുതിർന്ന വിദ്യാർത്ഥി പറഞ്ഞു
അത് പിന്നെ ഞാൻ പറയുന്നതിലും ഭേദം നാളെ കോളേജിൽ ചെല്ലുമ്പോൾ ഒരാളെ പരിചയപ്പെടുത്താം, പുള്ളിക്കാരിയോട് ചോദിക്കുന്നതാ നല്ലതു
കിറു കൃത്യമായിട്ടു പറഞ്ഞു തരും
അങ്ങനെ കുട്ടി എങ്ങനെ ഒക്കെയോ വരച്ചു തീർത്തിട്ട് നേരം വെളുക്കാനായി കാത്തിരുന്നു
പിറ്റേന്നു രാവിലെ കോളേജിൽ ചെന്നപ്പോ മുതിർന്ന വിദ്യാർത്ഥി ആളിനെ പരിചയപ്പെടുത്തി തന്നു .
കുട്ടി ചോദിച്ചു
നമ്മുടെ തിരഞ്ഞെടുപ്പിനെ കോളേജിലെ സാറന്മാരും, മാനേജ്മെന്റുമൊക്കെ എങ്ങനെ നോക്കി കാണുന്നു? അവരുടെ ചുമതലഎന്താണ്, തിരഞ്ഞെടുപ്പുദ്യോഗസ്ഥൻ ആരായിരിക്കും?
പുള്ളിക്കാരി പറഞ്ഞു തുടങ്ങി
ആദ്യം നമ്മുടെ കോളേജിനെ പറ്റി പൊതുവായ കുറച്ചു കാര്യങ്ങൾ പറയാം.
ജനാബ് തങ്ങൾ കുഞ്ഞു മുസലിയാർ, വളരെയധികം ദീർഘവീക്ഷണമുള്ള , മനുഷ്യസ്നേഹിയും പരോപകാരിയും ആയ ഒരു വ്യവസായിയായിരുന്നു. കൊല്ലം പട്ടണത്തിൽ വിപുലമായ ബിസിനസ്സുകൾ നടത്തികൊണ്ടിരിക്കുമ്പോഴാണ് വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിലെ പോരാഴികകൾ കുറയ്ക്കാനാകും എന്ന് ദൃഢമായി വിശ്വസിച്, കൊല്ലത്തു ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത്
കെട്ടുറപ്പുള്ള ഒരു ഘടന, അച്ചടക്കത്തോട് കൂടിയ പെരുമാറ്റച്ചട്ടങ്ങൾ, ശ്രദ്ധാപൂര്‍വ്വമായ പ്രവർത്തന രീതി ഇതെല്ലം അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. തുടക്കം മുതലേ വിശ്വാസത്തിൽ അധിഷ്ഠിതമായ, ഉത്തരവാദിത്വത്തോടെ ഭാരവാഹിത്വം വഹിക്കുന്ന ഒരു കൂട്ടം വ്യക്തികൾ ഈ സ്ഥാപനത്തിനെ പരിപൂര്‍ണ്ണതയിലെത്തിക്കാൻ നിരന്തരം പ്രയത്നിച്ചിരുന്നു.
ഒരു പ്രത്യേകത, തുടങ്ങിയ നാൾ മുതൽ, വര്‍ഷങ്ങളായി മാനേജ്മെന്റ് അംഗങ്ങളോരോരുത്തരും മുൻപിൻ വിചാരമില്ലാതെ കോളേജിന്റെ യശസ്സും പ്രൗഢിയും, ജനാബ് മുസ്ലിയാരുടെ ദീര്ഘവീക്ഷണങ്ങൾക്കൊന്നും കോട്ടം തട്ടാതെ, ഓരോ വർഷവും മുൻപുള്ളതിനേക്കാളേറെ ,അതുല്യമായി, അനന്യമായി, അതിവിശിഷ്ടമായി കാത്തുസൂക്ഷിക്കണം എന്ന് പ്രതിജ്ഞാബദ്ധരായിരുന്നു.
നമ്മുടെ ചെയര്മാന് ഷഹാൽ മുസ്ലിയാർ പുറം രാജ്യങ്ങളിൽ താമസിക്കയും, സമഗ്രമായി യാത്ര ചെയ്യുകയും, ചെയ്തതിനാൽ അവിടത്തെ പുരോഗമന പരമായ രീതികളിൽ നിന്ന്, നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും പിന്തുടരാവുന്ന മാതൃകകൾ തിരഞ്ഞെടുത്തു, സമന്വയിപ്പിച്ചു, ഇന്ത്യയിലെ മാത്രമല്ല, ലോക ബാങ്കുൾപ്പെടെയുള്ള, ലോകത്തിന്റെ നാനാ ഭാഗത്തുള്ള സംഘടനകളും , രാജ്യങ്ങളും തമ്മിൽ പങ്കാളിത്തം ഉണ്ടാക്കാൻ മുൻകൈ എടുത്തിരുന്നു. ഇത് സമാനതകളില്ലാത്ത ഒരു വൈവിധ്യമാണ്.
പേരുകേട്ട ബിസിനസ്സ്കാരനായ അദ്ദേഹത്തിന്റെ ബിസിനസ് ബന്ധങ്ങളും, സൂക്ഷ്മബുദ്ധിയും, യുക്തിയും, നമ്മുടെ കോളേജിനെ ഒരു ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമാക്കാൻ പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു എന്ന് മാത്രമല്ല. മാനേജ്മന്റ് സമാഹരിക്കുന്ന മൂലധനം കോളേജിന്റെ വികസനത്തിന് ഉപയോഗിക്കുന്ന പാരമ്പര്യവും തുടർന്ന് കൊണ്ടിരുന്നു.
നമ്മുടെ കോളേജ് തുടങ്ങി വെച്ച ജനാബ് തങ്ങൾ കുഞ്ഞു മുസ്ലിയാരുടെ കാഴ്ചപ്പാടുകൾ ഒരു കണിക പോലും നഷ്ടപ്പെടാതെ ചെയർമാന്റെ നേതൃത്വത്തിൽ കാത്തു സൂക്ഷിക്കുന്ന മുസലിയാർ കുടുംബവും, ട്രുസ്ടിലെ മറ്റു അംഗങ്ങളും, അധ്യാപകരും, വിദ്യാർത്ഥികളും TKM കോളേജിനെ മറ്റേതൊരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും വിശിഷ്ടമാക്കാനും അസാധാരണമാക്കാനും സഹായിക്കുന്നു.
നമ്മുടെ കോളേജിലെ ഗുരുക്കന്മാർ, സെനറ്റിലും ബോർഡ് ഓഫ് സ്റ്റഡീസിലു മൊക്കെ അദ്ധ്യയനക്രമങ്ങളും, നിയമങ്ങളും, ചട്ടങ്ങളും, തീരുമാനിക്കുന്നതിൽ വലിയ തോതിൽ മുന്‍കൈയെടുക്കുന്നു എന്നത് അവരുടെ ഓരോരുത്തരുടെയും തീക്ഷ്ണമായ സമര്‍പ്പണത്തിന്റെ പരിണിതഫലം ആണ്.
മാതാ, പിതാ, ഗുരു, ദൈവം എന്നാണല്ലോ നമ്മൾ പഠിച്ചതും പറയാറുള്ളതും.
ഗുരു എന്നാൽ ആരാണ്?
കോളേജിലോ സ്കൂളിലോ എന്തെങ്കിലും വിഷയം ഓരോ ക്ലിപ്ത സമയത്തു വന്ന് പഠിപ്പിച്ചിട്ടു പോകുന്നവരെയല്ല ഗുരു എന്ന വാക്കു കൊണ്ട് ഞങ്ങൾ ഉദ്ദേശ്ശിക്കുന്നതു.
മറ്റുള്ളവരെ സ്വാധീനിക്കാൻ ഉതകുന്ന വ്യക്തിപ്രഭാവവും, അനുഭവജ്ഞാനമുള്ള, സവിശേഷവ്യക്തിത്വങ്ങൾ; മാത്രമല്ല കോളേജിന്റെയും, വിദ്യാർത്ഥികളുടെയും അഭിവൃദ്ധിയിൽ. . പ്രതിജ്ഞാബദ്ധരായി ഞങ്ങളെ ഓരോരുത്തരെയും അത്യുജ്ജ്വലമായ നക്ഷത്രങ്ങളാക്കാൻ ആത്മസമര്‍പ്പണം ചെയ്തവർ, കുറ്റങ്ങളും, കുറവുകളും അർഹിക്കുന്ന ഗൗരവത്തിൽ മാത്രം കാണാൻ കഴിവുള്ള മാര്‍ഗദര്‍ശികൾ.
പൊരിഞ്ഞ അടികൾ, സമരങ്ങൾ, ഘെരാവോ, ജയിൽ വാസം, എന്ന് വേണ്ട കൗമാര പ്രായക്കാർ കാണിക്കാവുന്ന എല്ലാ വികൃതികളും, അക്രമങ്ങളും, ആലോചിച്ചു നോക്കിയാൽ ഉത്തരമില്ലാത്ത അന്യായങ്ങളുമൊക്കെ അരങ്ങേറിയ പുണ്യ ഭൂമി തന്നെ ആണ് സംശയമില്ല. പക്ഷെ വിദ്യാർത്ഥികളും അദ്ധ്യാപകരും സഹകരിച്ചു നേടിയ നേട്ടങ്ങൾ വളരെ വലുതാണ്, ശാശ്വതമാണ്.
ഞങ്ങളെ പഠിപ്പിച്ച പല ഗുരുക്കന്മാരും, ഞങ്ങൾക്ക് പ്രചോദനമായിരുന്നു, അവരുടെ വ്യക്തിപ്രഭാവം ഞങ്ങളിൽ ചെലുത്തിയ സ്വാധീനം പറഞ്ഞറിയിക്കാവുന്നതല്ല. അവർ നീട്ടിയ കരങ്ങളിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ കരുത്തും, ഊർജവും, സമാധാനവും, സ്നേഹവും, കരുതലും ഇന്നും ഞങ്ങളെ നയിക്കുന്നു.
പല തുറകളിൽ പ്രാവീണ്യം, പല കാര്യങ്ങളിൽ നൈപുണ്യം, അങ്ങനെ തഴക്കവും , പ്രാഗല്ഭ്യവും, വൈദഗ്ധ്യവുമുള്ള ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ പഠിക്കാനും, അവർ ഒരു സംഘമായി, ഒരു കുടുംബം എങ്ങനെ ആദരണീയമായി മുന്നോട്ടു കൊണ്ടുപോകാം എന്ന കരുതലോടെ കോളേജിനെ കൊണ്ടുനടത്തിയതും സ്നേഹിച്ചതുമാണ് നമ്മളുടെ കോളേജിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്ന അളവുകോൽ.
ആ വികാരത്തിന്റെ തീവ്രത ഞങ്ങൾ ഓരോരുത്തരിലും അറിഞ്ഞോ അറിയാതെയോ പകർന്നു തന്നിരുന്നു.
ശരി തെരഞ്ഞെടുപ്പുദ്യോഗസ്ഥൻ ആരാണ് എന്ന് ചോദിച്ചില്ലേ?
പ്രിയപ്പെട്ട നിസാർ സർ
കേരളത്തിന്റെ വടക്കു നിന്നുള്ളവർ എത്രമാത്രം നിര്‍മ്മലരും ശുദ്ധരും ആണെന്ന് അറിയണമെങ്കിൽ നിസാർ സാറിനെ അറിഞ്ഞാൽ മാത്രം മതി.
Transportation Engineering – ൽ IIT Kharaghpur ൽ നിന്ന് Mtech, എടുത്ത സാറിന്റെ വിഷയത്തിലുള്ള നൈപുണ്യം അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ വിദ്യാർത്ഥികൾ.
സാറിനു അസാമാന്യ ഓര്മ ശക്തി ആണ്, കൊല്ലം പട്ടണത്തിലെ ഒട്ടു മിക്ക ക്വിസ് മത്സരങ്ങളുടെയും ചോദ്യകര്‍ത്താവും, വളരെ തന്മയത്വത്തോടെ, കുശാഗ്രബുദ്ധിയുള്ള ഉചിതമായ ചോദ്യങ്ങൾ തിരഞ്ഞെടുത്തു ചോദിക്കുന്ന സാറിന്റെ പ്രാവീണ്യവും അഭിമാനാര്‍ഹമാണ്. പക്ഷപാതമില്ലാത്ത നിസാർ സർ
സാറിന്റെ വാക്ചാതുര്യവും, ശബ്ദം ക്രമീകരിക്കുന്നതിലുള്ള നൈപുണ്യവും അതിവിശിഷ്ടമായിരുന്നു. കുറ്റമറ്റ ആംഗലേയ ഭാഷ എഴുതാനും അതിലുപരി പറയാനുമുള്ള സാറിന്റെ ഗ്രാഹ്യശക്തി അപാരമാണ്
സർ ഒരിക്കൽ പോലും ശുണ്ഠിപിടിച്ചോ, ക്ഷോഭിച്ചോ അലോരസപ്പെട്ടോ കുട്ടികളോടാരോടെങ്കിലും സംസാരിച്ചതായി ഒരു രേഖയും ഉണ്ടാവില്ല
എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം,
ഒരിക്കൽ കുട്ടികളുടെ കണ്ണിലുണ്ണിയായ OS ഞങ്ങളുടെ ഉമ്മൻ സാമുവൽ സർ മുതിർന്ന ക്ലാസ്സിലെ ഒരു സിവിൽ എഞ്ചിനീയറിംഗ് ചോദ്യ കടലാസിന്റെ ഉത്തരങ്ങൾ തയ്യാറാക്കണ്ട ചുമതല ഡിപ്പാർട്മെന്റിൽ വിളിച്ചിട്ടു എന്നെ ഏല്പിച്ചു
അന്ന് നിസാർ സർ പറഞ്ഞ കാര്യം, ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു
കണ്ണുമടച്ചു വിശ്വസിക്കാം, ഉത്തരങ്ങൾ നൂറു ശതമാനം ശരിയായിരിക്കും.
അതിന്റെ കൂടെ ചേർത്ത് വായിക്കാൻ സർ ഒന്ന് കൂടി പറഞ്ഞു
എവിടെ പോയാലും തിരികെ ഇവിടെ TKM-ൽ പഠിപ്പിക്കാൻ വരണം
സത്യം, ഇന്ന് ഞാനതു ചെയ്യുന്നു, എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, സർ പറഞ്ഞ പോലെ എനിക്ക് അറിയാവുന്നതെല്ലാം നൂറായിരം പേർക്ക് പകർന്നു കൊടുക്കുന്നു, എന്റെ കൂടെ എന്റെ കൂട്ടുകാരെല്ലാവരും കൈ കോർക്കുന്നു.
നമ്മുടെ കോളേജിന്റെ ഹൃദയത്തുടിപ്പുകൾ ഒത്തിരിപേരുടെ മനസ്സിൽ സ്നേഹം ഉണർത്തുന്നു, കൈ നീട്ടാൻ കൈ കോർക്കാൻ വെമ്പുന്നു, ചിരിയുടെ, മാല പടക്കങ്ങൾ പൊട്ടുന്നു, സന്തോഷം അലയടിക്കുന്നു
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കുഞ്ഞുങ്ങളെ പോലെ നിർമലമായ സ്നേഹം പങ്കിടുന്നു. സാറിന്റെ നാക്കു പൊന്നായിരിക്കുന്നു.
സാറിന്റെ കാർ, അലക്കി തേച്ച ഉടുപ്പ്, തിളങ്ങുന്ന ഷൂസ്, പോക്കറ്റിൽ കുത്തി വെക്കുന്ന മെറൂൺ നിറത്തിലെ ഹീറോ പേന, എല്ലാം തന്നെ വളരെ വൃത്തിയായി അടുക്കോടെ സൂക്ഷിച്ചിരുന്നു.
ചിട്ടയുള്ള മനുഷ്യൻ, നല്ല വടിവൊത്ത അക്ഷരമാണ് സാറിനു.
വളരെ സുന്ദരിയായ ഒരു ഭാര്യ മിടുക്കരായ 3 ആൺ കുട്ടികൾ.
സാറിന്റെ നീണ്ട മുഖത്തെ ചിരിക്കു ചില നേരത്തു നമ്മളെ ചമ്മിപ്പിക്കുന്ന ഒരു ഭാവം ഉണ്ടായിരുന്നു
പ്രത്യേകിച്ച് ബെൻഡിങ് മോമെന്റും, സ്ട്രെസും, പഠിക്കാൻ പുറകെ നടക്കുന്ന Royal Mech -കാരുടെ കൂടെ നമ്മളെ കാണുമ്പോൾ ഒന്നും പറയില്ല, പക്ഷെ ഒന്നുമറിയാത്ത ഭാവത്തിൽ ഒരു നോട്ടം നോക്കും, ആ നോട്ടത്തിൽ എല്ലാം പറയാതെ പറഞ്ഞിട്ടുണ്ടാവും. ആ പുഞ്ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ടായവും.
സാർ ഞങ്ങളുടെ മാത്രകാപുരുഷൻ ആയിരുന്നു.
സാറിനെ ആരാധിക്കാൻ മാത്രമേ ഞങ്ങൾക്കെല്ലാം കഴിഞ്ഞിട്ടുള്ളൂ
ഒരിക്കൽ പോലും എത്ര ഉഴപ്പരാണെങ്കിലും ശരി സാറിന് ഒതുക്കേണ്ട ഗതികേട് വന്നിട്ടില്ല .അത്രയ്ക്ക് ഭംഗിയായി ഏതു പൊട്ടനും മനസ്സിലാകത്തക്കവണ്ണം ആത്മാർഥമായിട്ടാണ് സാർ പഠിപ്പിച്ചിരുന്നത്.
ഒരു തവണ കേട്ടാൽ മതി, വരാന്തയിൽ നിന്നാണെങ്കിലും മതി, കാര്യങ്ങൾ പഠിക്കാൻ, സാറിന്റെ ക്ലാസ് കട്ട് ചെയ്യാൻ ആർക്കും മനസ്സ് വരാറില്ലായിരുന്നു അത്രയ്ക്ക് ശാന്തവും, സുന്ദരവുമായ , അധ്യയനം. മലയാളി പെണ്ണായ പെരിയാറിനെ പോലെ ശാന്തമായി ഒഴുകി ഒഴുകി.
പഠിപ്പിച്ചത് റോഡും പാലവുമൊക്കെ ആണെങ്കിലും ഗട്ടർ ഇല്ലാത്ത റോഡിലൂടെ പോകുന്ന ഒരു അനുഭവമായിരുന്നു സാറിന്റെ ക്ലാസുകൾ. കാര്യങ്ങൽ ഭംഗിയായി നല്ല ഭാഷയിൽ, എങ്ങും തട്ടിയും മുട്ടിയും കുഴിയിൽ വീഴാതെയും നിർലോഭം ഒഴുകുന്ന പ്രഭാഷണങ്ങളിലൂടെ പഠിപ്പിക്കുന്ന സർ.
ആ ഒഴുക്കിൽ സംശയങ്ങൾ വരാൻ അവസരമില്ല, ഒന്നും തെളിയാതെയുമില്ല, കണ്ടു നിൽക്കുന്ന പ്രതീതി, പിന്നെ എങ്ങനെ മറക്കാനാണ്ഏതു ചോദ്യം വന്നാലും നേരിടാനുള്ള ചങ്കുറപ്പ് ആർക്കും പകർന്നു തരുന്ന പ്രിയപ്പെട്ട നിസാർ സർ.
സാർ ആദ്യം പണിഞ്ഞത് ഏറ്റവും ബലവത്തായ അടിത്തറയാണ്, ഒരിക്കലും ഇളകാത്ത അടിത്തറ.
സാർ ഒരിക്കലും ഒരു വിവാദ പുരുഷൻ ആയിരുന്നില്ല, പ്രിൻസിയുടെ ഉപദേശകരിൽ ഞങ്ങളുടെ ഡിപ്പാർട്മെന്റിനെ പ്രതിനിധീകരിക്കുന്ന സാർ; മറ്റുള്ള എല്ലാ ഡിപ്പാർട്മെന്റിലെ സാറന്മാരുമായും നല്ല ബന്ധമായിരുന്നു.
ഞങ്ങളുടെ സിവിലിന്റെ ഒരു സ്ഥാനപതി എന്ന് പറയാം, എല്ലാവര്ക്കും പ്രിയങ്കരൻ
സെനറ്റ് അംഗം, TKM കോളേജിനെ പ്രതിനിധീകരിക്കാൻ യോഗ്യനും, സ്വാധീനവുമുള്ള വ്യക്തിത്വം
ആത്മവിശ്വാസം, അച്ചടക്കം, ഇതൊക്കെ സാറിന്റെ സവിശേഷത ആയിരുന്നു
പഠിച്ച പാഠങ്ങൾ ഏറെ, ഇന്നും പ്രാവർത്തികമാക്കുന്ന പാഠങ്ങൾ അനവധി.
അസംബന്ധങ്ങളൊന്നും സാറിന്റെ അടുത്ത് വിലപ്പോവില്ല അതുകൊണ്ടു തന്നെയാണ് ഇത്തവണത്തെ റാഷണൽസും ലിബറേഷനും തമ്മിലുള്ള പൊരിഞ്ഞ ഇലക്ഷനിൽ എല്ലാവര്ക്കും സ്വീകാര്യനായ നിസാർ സാറിനെ റിറ്റേർണിങ് ഓഫീസർ ആക്കിയത്.
നിസാർ സാറിനെ പോലെയുള്ള നിരവധി ഗുരുക്കന്മാരുണ്ടാവട്ടെ എന്റെ TKM കോളേജിന്റെ മുന്നോട്ടുള്ള മഹത്തായ യാത്രയിൽ
ഇതാണ് എന്റെ പ്രാർത്ഥന
Leave A Comment