വീഴ്ച പലവിധം
പഴത്തൊലിയിൽ തെന്നി വീഴും,
പടിയിൽ തട്ടി വീഴും
ഇതൊക്കെ സർവസാധാരണം
അപൂർവങ്ങളിൽ അത്യപൂർവമായ
ഒരു വീഴ്ചയുടെ പൊൻ തൂവൽ ഓർമച്ചെപ്പിൽ സൂക്ഷിക്കാൻ ഭാഗ്യമുള്ള ഒരു സർവ്വകലാവല്ലഭൻ
തിരുമുല്ലവാരത്തുള്ള വിഷ്ണുതു കാവ് ക്ഷേത്രം
വിഷ്ണുതു കാവിലെ ഉത്സവം കാണാൻ പോയ ഷാജിയും, അള്ളി എന്ന വിളിപ്പേരുള്ള, Ransley- യും കോട്ടമുക്കിലെ കുറെ സുഹൃത്തുക്കളും.
പ്രശാന്ത ഗംഭീരമായ ഒരിടം
തെങ്ങോലകളുടെ സംഗീതം മാത്രം കേൾക്കുന്നിടം
ഓലകൾ വെൺകൊറ്റക്കുട ചൂടി നിൽക്കുന്ന ഒരു സുന്ദര പ്രദേശം
എത്ര കൊടുംചൂടിലും തിരുമുല്ലവാരത്തെത്തിയാൽ തണൽ, അതെ തണൽ വന്നു നമ്മെ പൊതിയും, ഒരു കരിമ്പടം, അല്ല കമ്പിളിപുതപ്പു തലവഴിയെ ഇട്ട പോലെ
കടൽ മിക്കപ്പോഴും വളരെ ശാന്തമാണ്
കടലിലൂടെ കുറെയധികം ഉള്ളിലേക്കു നടന്നു പോകാം
ആഴമില്ലാത്ത കടലിൽ മുങ്ങി നിവരാം
ഉപ്പു വെള്ളത്തിൽ നനഞ്ഞു കുളിച്ചിട്ട് ഈറനുമായി വന്നു
കരയിലെ കള്ളുഷാപ്പിന്റെ മുന്നിലുള്ള കുളത്തിൽ നിന്നു നല്ല മധുരമുള്ള ശുദ്ധ ജലം കോരി കുളിക്കാം
എന്നിട്ട് ലോകത്തുള്ള ഒരു മിഷെലിന് സ്റ്റാർ വെയ്പുകാരനും ഈ ജന്മത് കിടപിടിക്കാനാവാത്ത
കൊഞ്ചും, കരിമീനും, കപ്പയും, കണമ്പും, കക്കയും, ഞണ്ടും ഇലയിൽ വിളമ്പി നല്ല അന്തിക്കള്ളും മോന്താം
ഷാജി കമ്പം കാണാൻ പോയപ്പോൾ മേല്പറഞ്ഞതെല്ലാം ചെയ്തിരുന്നു, കഴിച്ചത് വയറു നിറയെ, കുടിച്ചത് അടുത്തുള്ളവർക്കും കൂടി . അതങ്ങനെയാ, തിരുമുല്ലവാരത്തെ കള്ളുകണ്ടാൽ ആരുടെ കരളും ഒന്നിളകും
ഓരോ പരിപാടിയും സ്റ്റേജിന്റെ മുന്നിൽ പോയിരുന്നു കണ്ടു. കമ്പം തുടങ്ങാറായപ്പോൾ തോന്നി ഇനിയിപ്പോ ഇച്ചിരി പൊക്കത്തിൽ ഇരുന്നു കാണാമെന്നു
ഗ്രാൻഡ് തീയേറ്ററിലെ സ്വകാര്യ അറ പോലെ എല്ലാവരേക്കാളും ഉയരത്തിൽ
അങ്ങനെ നടന്നു നടന്നു ചെന്നപ്പോൾ മുന്നോട്ടുള്ള വഴി അടഞ്ഞിരിക്കുന്നു, 10/12 അടി പൊക്കത്തിൽ ഒരു കോട്ട മതിൽ.
ഷാജി അള്ളിയെ, കുനിച്ചു നിർത്തി അള്ളിപ്പിടിച്ചു തോളിൽ കയറി, അള്ളി നിവർന്നു, അപ്പോൾ മതിലിനെ അള്ളി പിടിച്ചു, മതിലിന്റെ പുറത്തു കയറി
അങ്ങനെ ഓരോരുത്തരായി കയറി, അവസാനത്തെ ആൾ അത് വഴി വന്ന പയ്യനോട് പറഞ്ഞു എന്റെ ഒരു നോട്ടിവിടെ വീണു എനിക്ക് കണ്ണ് പറ്റുന്നില്ല ഒന്ന് നോക്കാമോ,
പയ്യൻ നോക്കാൻ കുനിഞ്ഞു ആൾ അവന്റെ തോളിൽ ചാടിക്കയറി;
അള്ളി കാലു രണ്ടും മതിലിന്റെ രണ്ടു വശത്തുമിട്ട് അവന്റെകൈയ്യിൽ പിടിച്ചു മുകളിലോട്ടു പൊക്കി
നോട്ടു തപ്പിയവൻ അന്തം വിട്ടു
ഓരോരോ കരിമരുന്നു പ്രയോഗങ്ങൾ കാണുമ്പോഴും ഷാജിയുടെ ലോല ഹൃദയത്തിന്റെ ഉള്ളിൽ പൂത്തിരി കത്തുക ആയിരുന്നു
പല വർണങ്ങളിൽ
മാനത്തു വിടരുന്ന ചന്തമെല്ലാം, ഹൃദയത്തിന്റെ ഉള്ളിൽ നക്ഷത്രങ്ങളായി മിന്നിക്കൊണ്ടിരുന്നു
കമ്പം കണ്ടു, കണ്ടു, കേട്ടു, കേട്ടു, ഷാജി പരിസരബോധമില്ലാതെ സുഖ നിദ്രയിൽ ആണ്ടു
മെല്ലെ മെല്ലെ ഉറക്കം തലയ്ക്കു പിടിച്ചു
മൂടും കാലും ഉറക്കാഞ്ഞ ഷാജി
അപ്പൊ മാനത്തോട്ടു വിട്ട റോക്കറ്റ് നേരെ വന്നു വീണത് മതിലിന്റെ പുറകിലെ വയലിൽ
റോക്കറ്റ് വയലിൽ പൊട്ടുന്നത് നോക്കാൻ ഓടി കൂടിയ ജനം കണ്ടത്
മതിലിന്റെ മുകളിൽ നിന്ന് തല കീഴായി വയലിലോട്ടു വീണ ഷാജിയെ
പടക്കവും, കഴുത്തും ഒരു പോലെ പൊട്ടി
റോക്കറ്റ് പോയ പോക്ക് നോക്കി നോക്കി തല തിരിഞ്ഞ അല്ല തിരിച്ച അള്ളി ഇടത്തോട്ടു നോക്കിയപ്പൊ, ഷാജിയെ കാണാനില്ല
ആരൊക്കെയോ പുറകിൽ വയലിൽ കൂകി വിളിക്കുന്നു
എല്ലാവരും വയലിലേക്ക് ചാടി
വാഴയിൽ ചാരിയിരിക്കുന്ന ഷാജിയുടെ മൂക്കിൽ വിരൽ വെച്ചു നോക്കി
ഉണ്ട് ; നേരിയ ശ്വാസം ഉണ്ട്
പൊക്കിയെടുത്തു
സമയം വെളുപ്പിനെ 2 മണി
പരിചയക്കാരൻ മോഹനൻ ഡോക്ടറിന്റെ വീട്ടിൽ പോയി
ഡോക്ടർ ഉറക്കത്തിൽ എവിടൊക്കെയോ വെച്ച് കെട്ടി പറഞ്ഞു വിട്ടു
നേരം വെളുത്തപ്പോൾ പ്രശ്നം ഗുരുതരം
C4- ൽ കുരുക്കിട്ടു, സ്റ്റൂള് മറിഞ്ഞുമില്ല, ഫാനും ഒടിഞ്ഞു, സാരിയും പിഞ്ചിയ
നിരാശ കാമുകനെ പോലെ
അനങ്ങാൻ പറ്റുന്നില്ല
പൊക്കിയെടുത്തു ടാക്സിയിലിട്ടു
വണ്ടി നേരെ ഉപാസനയിലേക്കു വിട്ടു
ജീവനക്കാർ ആശുപത്രിയിലെ ഉരുട്ടുന്ന ഉരുക്കു മഞ്ചലിൽ കയറ്റി
ഉരുട്ടി ഉരുട്ടി ചുവന്ന ലൈറ്റ് കത്തുന്ന മുറിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തിയിട്ടു പതുക്കെ അകത്തോട്ടു കയറ്റി
പിന്നെ കുറെ കഴിഞ്ഞിറക്കി
ഒരു കട്ടിലിൽ കൊണ്ട് വന്നു കിടത്തി
കപ്പിയും കയറും കട്ടിയും കഴുത്തിൽ ഘടിപ്പിച്ചു കിടത്തി
തൂക്കിലിട്ട ചികിത്സ
അവിടെ വീണ്ടും കഥ തുടങ്ങുന്നു
കൂടെ നിൽക്കാനും പരിചരിക്കാനെന്ന ഭാവേനയും
കട്ടിലിനു ചുറ്റും നോക്കുകുത്തി പോലെ നിൽക്കാനും തള്ളോട് തള്ള്
സ്നേഹം ഇറ്റ് വീഴുന്ന പ്രിയപ്പെട്ടവർ
അള്ളി, പ്രേം, രാജഗോപാൽ, സോമൻ, ബിനു
ഒരു കാര്യത്തിൽ എല്ലാവര്ക്കും സമാധാനം
ശങ്കറിന്റെ ആശുപത്രി അല്ലല്ലോ
റെജികുമാരന്റെ മേൽവിലാസമില്ലാതെ വിലസാമല്ലോ
പത്തു മണിയോടെ ഇളം പച്ച പുള്ളിയുള്ള വെളുത്ത ഉടുപ്പിട്ട്
എന്റെ വീട്ടിലുള്ള പൂക്കൾ; ചുവപ്പു നിറത്തിലെ ആന്തുര്യം
പരിമളം പരത്തുന്ന പനിനീര്പ്പൂക്കൾ, ഭംഗിയുള്ള പനയോലകൾ,
ഇടത്തെ തോളിലൊരു സഞ്ചി, സഞ്ചിയിൽ ചോറ്റു പാത്രം
സ്റ്റീലിന്റെ വട്ട ചോറ്റു പാത്രം
അതിൽ കൊതിയൂറും കോഴി ബിരിയാണി,
ഇതെല്ലാമായി പടി കയറി വന്ന ഞാൻ കണ്ട കാഴ്ച
ദൂരെ എന്റെ അമ്മയുടെ മുറിയുടെ മുന്നിലെന്തോ ഒരാൾക്കൂട്ടം,
പുറം കണ്ടാൽ പരിചയമുള്ള മൂന്നാലു പേര് ഇടനാഴി നിറഞ്ഞു നിൽക്കുന്നു
എന്റെ അമ്മ
സ്ഥിരമായി എഞ്ചിനീയറിംഗ് ഭാഷയിൽ പറഞ്ഞാൽ
എക്സ്റ്റൻഷൻ, അതായതു, വലിവ് , സാക്ഷാൽ ആസ്ത്മ
കൂടി കൂടി ഓരോരോ ആശുപത്രിയായി മാസത്തിൽ പകുതി ദിവസമെങ്കിലും കിടക്കും
കോലാപ്പൂരി ചെരുപ്പിട്ടു ഞെരുക്കി ഞെരുക്കി ശബ്ദമുണ്ടാക്കി എത്തിയപ്പോ
അതിലൊരാൾ തിരിഞ്ഞു നോക്കിയതും
ഞാൻ
പിന്നെ ആകെ ഒരു ചമ്മൽ
അടുത്ത മുറിയിലേക്ക് നടന്നു കയറുന്ന Florence Nightingale – ന്റെ പരമ്പരയിലെ ഒരു മാലാഖ
പ്രേമും അള്ളിയും ഓടി വന്നു
എന്നേ സഹായിക്കാൻ
ഭാരമില്ലാത്ത പൂവ് എന്റെ കൈയ്യിൽ നിന്നു കൈയ്യോടെ വാങ്ങി
മാലാഖ കയറിയ മുറിയുടെ വാതിലിൽ എത്തിയപ്പോ ഞാനൊന്നു നോക്കി
അയ്യോ ഇത് നമ്മുടെ ഷാജി അല്ലെ എന്ത് പറ്റി
അള്ളി പറഞ്ഞു
ഇന്ന് വെളുപ്പിനെ കണ്ടു പിടിച്ച പുതിയ ന്യൂട്ടൺ -ന്റെ ചട്ടമാണ്
കമ്പം കണ്ടു കണ്ടു മതിലിന്റെ മുകളിൽ നിന്നു വീണിട്ടു
സ്വന്തം വീഴ്ചയുടെ ശബ്ദത്താൽ ഉണർന്ന്
വീണ്ടും ആ മതിലിൽ അള്ളി കയറിയ
വലിച്ചാലും, വീണാലും, ഒടിച്ചാലും, പറിച്ചാലും
പൂർവസ്ഥിതി പ്രാപിക്കുന്ന
ഒരു അസാധാരണ ജന്മം
പൂ പോയത് ഷാജിയുടെ മുറിയിലേക്ക്
ആ പ്രദേശത്തുള്ള മാലാഖമാരെല്ലാം ഓടി കൂടി
പിന്നെ
ഞങ്ങൾ ഒരു കരാറിലെത്തി
എന്നും പൂ വരും
ബിരിയാണി വരും
പക്ഷെ ഞാൻ മാത്രം മുകളിലോട്ടു വരാൻ പാടില്ല
അവര് താഴെ വന്നു എന്റെ സൈക്കിളിന്റെ അടുത്ത് വന്നു റോഡിൽ നിന്ന് വാങ്ങി കൊണ്ട് പോകാമെന്നു
അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവണ്ട എന്നൊരു മധുരമായ താക്കീതും
ഒരു ദിവസം ഇച്ചിരി ഇരുട്ടി ഞാൻ അമ്മയുടെ അടുത്ത് വന്നു
അടുത്ത മുറിയിൽ നിന്ന് കേട്ടുമറന്ന ഒരു പാട്ട്
നോക്കിയപ്പൊ
ഒരു പത്തു പതിനഞ്ചു മാലാഖമാർ കട്ടിലിനു ചുറ്റും
ഷാജി അവരെ വാർഷിക ദിനത്തിനു പാടാനുള്ള പാട്ടു പഠിപ്പിക്കുന്നു.
അപ്പോൾ ഞാൻ മനസ്സിൽ ഓർത്തു
നമ്മുടെ കോളേജിലെ പിള്ളേർക്കു വേണ്ടി ഇനി എത്ര എത്ര ന്യൂട്ടൺ-ന്റെ തത്വങ്ങൾ ഉണ്ടാക്കേണ്ടി വരുമെന്ന്
ഇന്നും തുടരുന്നു………….. ആ സ്നേഹം, ആ കുറുമ്പ്, ആ ചിരി
കഥകൾ അയച്ചു തരൂ ………ഓർത്തോർത്തു ചിരിക്കാൻ
കഴിഞ്ഞ 2 കഥകളുടെയും 90% സത്യങ്ങൾ തന്നത് സ്വന്തം ഷാജി
ഏതു പോലീസ് സ്റ്റേഷനിൽ വേണമെങ്കിലും ഞാനിതു വന്നു പറയാം
10% എന്റെ ഭാവന അതിനെന്നെ പോലീസ് പിടിക്കുമോ
Leave A Comment