വെള്ളിയാഴ്ച വണ്ടിയിൽ കയറുന്നതിനു മുന്നായി MH-൦ കൂട്ടരും തമ്മിൽ ഒരു ധാരണയിലെത്തി, എന്ത് വന്നാലും രാക്കമ്മയെ കാണാൻ പോയപ്പോ പറ്റിയ പറ്റു ജന്മത് പുറത്തു പറയില്ല എന്ന്, ആര് ചോദിച്ചാലും കുറച്ചു എരിവും പുളിയുമൊക്കെ ചേർത്ത് മുഴുവനാക്കാതെ, അവിടെയും ഇവിടെയും അറ്റവും മുറിയും പറഞ്ഞു രക്ഷപ്പെടണം.
ശനിയാഴ്ച രാവിലെ കോളേജിലൊരു ഫുട്ബോൾ മാച്ച്, കൊല്ലം ഫാത്തിമ കോളേജുമായി.
കളിയുള്ള അവധി ദിവസങ്ങളിൽ നമ്മുടെ ഗോളി, രാജഗോപാൽ, അച്ഛന്റെ ഓമന അംബിയിലാണ് വരാറ്. അംബാസിഡർ കാറിൽ.
MH ഊണ് കഴിച്ചെഴുന്നേറ്റപ്പോൾ, ദേ നില്കുന്നു ഷാജി മുന്നിൽ; സലീമേ നീ സത്യം പറ
ആരായിരുന്നു. ഇന്നലെ ഓച്ചിറയിൽ, മുണ്ടക്കൽ ശാന്ത, കുണ്ടറ സുഭദ്ര
MH ഞരങ്ങുന്ന പോലെ ഒരു ശബ്ദം ഉണ്ടാക്കി ചോദിച്ചു
ങേയ്
MH നീ ഒരു കാര്യം മനസ്സിലാക്കണം സൗന്ദര്യം ഒരു സങ്കല്പമാണ്
അത് കണ്ണും മനസ്സും കൂടി ചേർന്ന് തീരുമാനിച്ചുറക്കുന്ന ഒരു ചേതോവികാരമാണ്
നീ പെട്ടെന്ന് പറ ആരായിരുന്നു ഇന്നലെ ഓച്ചിറയിൽ
MH ദയനീയമായി നോക്കിയിട്ടു പറഞ്ഞു
അളിയാ, അവള് പെണ്ണല്ലായിരുന്നു
നീ ഇതാരോടും പറയല്ലേ ഞാൻ ഇവിടൊന്നു ജീവിച്ചു പോട്ടെ
ഷാജി മൂക്കു കുത്തി ചിരിച്ചു , തറയിൽ ഉരുണ്ടു കിടന്നു ചിരിച്ചു,
ചിരിച്ചു, ചിരിച്ചു ആകെ പാടെ മെലിഞ്ഞു തൊലിഞ്ഞിരിക്കുന്ന ഷാജിയുടെ വാരിയെല്ല് എല്ലാം തള്ളി നാല് വശത്തോട്ടും പോയി
തറയിൽ നിന്ന് MH –ന്റെ കാലിൽ പിടിച് എഴുനേറ്റിട്ടു പറഞ്ഞു
ഇപ്പൊ എനിക്ക് സമാധാനമായി.
പന്ത് കളി കഴിഞ്ഞു. എല്ലാവരും ഊണും കഴിഞ്ഞു.
ആരെ ഓസും എന്ന് ആലോചിച്ചു നിന്നപ്പോൾ, ദേ വരുന്നു രാജഗോപാൽ, കോളേജ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ സേതുമാധവനെയും വിക്ടർ മഞ്ഞിലയേയുമൊക്കെ ഓർമിപ്പിക്കുന്ന ഞങ്ങളുടെ ഗോളി, ബാസ്കറ്റ് ബോൾ ടീം അംഗം
രാജഗോപാലിനെ കണ്ടില്ലെങ്കിലും പുള്ളിക്കാരന്റെ മോട്ടോർ സൈക്കിളിനെ കണ്ടാൽ മതി പലർക്കും
കൗമാര പ്രായത്തിലുള്ള കുട്ടികളെല്ലാം ഓരോരോ ചുറ്റികളികളുമായി വികാരവിഹായസ്സിൽ വിഹരിക്കുമ്പോൾ രാജഗോപാലെന്ന അതികായൻ മാത്രം ഇരു ചക്രത്തിൽ ഒരിടത്തും തപ്പാതെ തടയാതെ തേവള്ളി തൊട്ടു കരിക്കോട് വരെ ഉരുണ്ടു കൊണ്ടേ ഇരുന്നു. വണ്ടിയിൽ നിന്നിറങ്ങിയാൽ പന്തുകളുടെ പിന്നാലെയും. പരീക്ഷ കഴിഞ്ഞ സമയമാണെങ്കിൽ അമ്പലങ്ങൾ തോറും നേർച്ചയുമായി പേപ്പറിന്റെ പിന്നാലെയും
പുള്ളിക്കാരന്റെ സർവവും ഇരു ചക്ര വാഹനത്തിനു വേണ്ടി സമർപ്പിച്ചിരിക്കയായിരുന്നു. അനശ്വര നടൻ ജയൻ സ്റ്റൈലിൽ, ചെത്തി മിനുങ്ങി കോളേജിലെത്തുന്ന ഒരു യോഗ്യൻ . ആദ്യം കോളേജിൽ ചേരാൻ വന്ന നാൾ മുതൽ തീരുന്നിടം വരെ, ഒരേ ആകാരം, ഒരേ പ്രകാരം, ഒരേ പ്രകൃതം, ഒരേ ആകൃതി, ഒരേ ശബ്ദം, ഒരേ ഭാവം, ഒരേ സ്റ്റൈൽ ഒരു മാറ്റവുമില്ല
അന്നും ഇന്നും എന്നും
എടാ നീ തിരികെ പോകുമ്പോ ഞാനും കൂടി വരുന്നു കൊല്ലത്തോട്ടു, എന്നിട്ട് കൈയ്യിലിരുന്ന ഉത്സവത്തിന്റെ നോട്ടീസ് ഷാജി പതുക്കെ തുറന്നു.
രാജഗോപാൽ ഒന്നേ നോക്കിയുള്ളൂ
അളിയാ ഇത് സത്യമാണോ? ഇതിൽ കാണുന്ന, ഈ പടം ഇങ്ങനൊക്കെ കാണാൻ പറ്റുമോ? എടാ പറയെടാ സത്യം പറ ,
എടാ നീ ആക്രാന്തം കാണിക്കാതെ, ഇതൊന്നുമില്ല, ഇതൊരു പടമല്ലേ ഉള്ളൂ.
അതുക്കും മേലെ, നീ വരുന്നോ?
അളിയാ ഞാനും വരുന്നു, എന്നേം കൂടി
ഒരു പ്രശ്നമുണ്ട് കാശിച്ചിരി ചെലവുണ്ട്
നീ പറ എത്രയാവും
അത്, അതൊരു പത്തു നൂറു
അപ്പോഴേക്കും രാജഗോപാലിന്റെ കൂടെ വണ്ടിയിൽ വന്ന സോമൻ എത്തി, എന്തുവാടെ താമസം? ചോറുണ്ടില്ലേ?
ഇനി പൊയ്ക്കൂടേ ?
ഞങ്ങൾ വേറൊരു വഴിക്കു പോകുവാ സോമാഎന്ന് രാജഗോപാൽ
അതെവിടെയാടാ ഞാനില്ലാതെ? എന്ന് സോമൻ
സോമനെ പറ്റി പറഞ്ഞാൽ നല്ല പൊക്കത്തില് നമ്മുടെ റോഡരുകിൽ നിൽക്കുന്ന വഴിവിളക്കിന്റെ തേക്കുംതടിയിലുള്ള പോസ്റ്റ് തൂണുണ്ടല്ലോ; അതുപോലെ ഒറ്റ നിൽപാ , നല്ല കൊന്ന തെങ്ങു പോലെ, അല്ലെ പോട്ടെ ശീമ കൊന്ന പോലെ, വളരെ മാന്യൻ, സൗമ്യൻ, സുമുഖൻ, എന്തെങ്കിലും ദുശീലങ്ങൾ ഉള്ളതായി കേട്ടറിവില്ല
പൊതുവെ ശാന്തൻ
പിന്നെ കേട്ടത് നല്ല അഞ്ചാറ് തെറിയായിരുന്നു, അതിപ്പോ എഴുതി ചേർക്കാനുള്ള ലിപി ഇതിലില്ല, എന്നിട്ട് ഒരു വാദമങ്ങു തുടങ്ങി
ങ്ങാ ഹ അപ്പൊ ചതിയിൽ വഞ്ചന ആയിരുന്നു അല്ലെ ലക്ഷ്യം? ഞാനില്ലാതെ പോകാനായിരുന്നു പരിപാടി അല്ലെ
ആ വേല മനസ്സിലിരിക്കട്ടെ,
എടാ സോമാ നീ ഒന്ന് പതുക്കെ പറ
നാലാളെ കേൾപ്പിക്കണമെന്നു നിനക്ക് നിര്ബന്ധമാണല്ലേ
നീ ഒന്ന് അടങ്
അപ്പോഴേക്കും ഇസ്പു , കോലൻ ബഷീർ, റഫീഖ്, ലാൽ, വൈദ്യർ, കിർമാണി ,തൊലുക് മീരാൻ, തോമസ് വര്ഗീസ്, റാൻസിലി,
ഇവരെല്ലാം കൂടി,
അഥവാ അടി വീണാൽ പിടിച്ചു മാറ്റാനായി ചാടി ഓടി വന്നു. ആകെ ഒരു അങ്കലാപ്പ്. ബഹളത്തിന്റെ ഇടയിൽ ഷാജിയുടെ കൈയ്യിലെ നോട്ടീസ് വീണ്ടും പറന്നു പറന്നു പോയി .
റഫീഖ് അത് കുതിച്ചു ചാടി പിടിച്ചെടുത്തു, തുറന്നു നോക്കിയിട്ടു എപ്പോഴുമുള്ള സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു അപ്പൊ ഇതാണല്ലേ കാര്യം
എടാ ഷാജി എന്താ നിന്റെ ഉദ്ദേശം എന്ന് ചോദിച്ചിട്ടു, ഞങ്ങളും ഉണ്ടെടാ, കേറടാ വണ്ടിയിൽ ഇവന്മാരെങ്ങനെ ഒറ്റക്ക് സുഖിക്കണ്ട. അവരെല്ലാം അപ്പുറത്തും ഇപ്പറത്തുമുള്ള കതകിലൂടെ ഇടിച്ചു കയറി
വണ്ടി വിടെടാ, ചോദിച്ചു ചോദിച്ചു പോകാം…
അങ്ങനെ വണ്ടി വിട്ടു
പ്രേം അമ്മയുടെ ട്യൂട്ടോറിയലിൽ കാത്തു നിക്കുന്നുണ്ട് അവനെ പൊക്കണം
പോകുന്ന വഴി ലോഡ്ജിൽ ചെന്ന് റെജിയെ കൂട്ടണം, ലോഡ്ജിലെത്തിയപ്പോ ചെയർമാനെ തിരക്കി ബിനു നിക്കുന്നു
എല്ലാരേയും കൂടി വണ്ടിയിൽ കണ്ടതും എന്തിനാണെന്നോ എങ്ങോട്ടാണെന്നോ ചോദിക്കാതെ ; ഞാനുമുണ്ട് കൂടെ എന്ന് പറഞ്ഞു തള്ളി ഇടിച്ചു മുൻപിൽ കയറി,
എല്ലാവരും പ്രേമിന്റെ അമ്മയുടെ ട്യൂട്ടോറിയലിൽ എത്തി ഷാജിയുടെ ഉത്സവ ഭ്രാന്തറിയാവുന്ന ‘അമ്മ ചോദിച്ചു ഇന്ന് ഏതു അമ്പലത്തിലാണ് പോകുന്നെ
ആന്റി നമ്മുടെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ എനിക്കൊരു നേർച്ചയുണ്ടായിരുന്നു
ഷാജിയെ മാറ്റി നിർത്തിയിട്ടു അമ്മ ഒരു കാര്യം പറഞ്ഞേൽപ്പിച്ചു
മോനൊരു കാര്യം ചെയ്യണം 2 കാലും 2 കൈയും വെള്ളിയിൽ വാങ്ങി ഇവന്റെ പേരിൽ നേര്ച്ച ഇടണം പിന്നെ ഒരു വെടി വഴിപാടും
2 കൈക്കു 30 രൂപ 2 കാലിനു 40 രൂപ, വെടി വഴിപാടിന് 30 രൂപ ഇത് 100 രൂപയുണ്ട്
വെളിയിൽ ഇറങ്ങിയതും അള്ളി: ഇവന് വേണ്ടി ശരിക്കും ഒരു തലയുടെ രൂപം വേണം നേരാൻ
ഒന്നും രണ്ടുമല്ല 15 പേരാണ് വണ്ടിയിൽ, അംബാസ്സഡറിന്റെ അവസാനത്തെ ശ്വാസവും ഇവന്മാരെടുക്കും, എന്തൊരു ഉന്തും തള്ളുമാണ് വണ്ടിക്കകത്തു, സത്യമായും നമ്മുടെ റോഡിലൂടെ ഓടുന്ന ഒരു ചങ്ങാടമാണ് അംബാസിഡർ. അവസാനം ചിന്നക്കട വിടുമ്പോൾ രാജഗോപാലിന്റെ പിന്നാമ്പുറം ഡോറിന്റെയും സീറ്റിൻറെയും ഇടയിൽ മുഴുവനായും പെട്ട് പോയിരുന്നു, 2 കാലുകൾ മാത്രം ആക്സിലറേറ്ററിലും , ക്ലെച്ചിലും ബ്രേകിലും മാറി മാറി ചലിച്ചുകൊണ്ടിരുന്നു,
KMML കഴിഞ്ഞു ഇടപ്പള്ളിക്കോട്ടഎത്തിയതും വളവിന്റെ അവിടെ വെച്ച് വണ്ടി പെട്ടെന്നു നിന്നു, പെട്രോൾ തീർന്നു, കോളേജ് വരെ പോകാനും വരാനുമുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളു
പുറപ്പെടുന്ന ബഹളത്തിന്റെ ഇടയിൽ പെട്രോൾ അടിക്കാനും മറന്നു
പിന്നെ എല്ലാവരും കൂടെ ഇറങ്ങി തള്ളി
ഒരു ഫർലോങ് കഴിഞ്ഞപ്പോ കണ്ട പെട്രോൾ പമ്പിൽ കയറ്റി, പ്രേമിന്റെ ‘അമ്മ തന്ന നോട്ടെടുത്തു.
പെട്രോൾ വാങ്ങി ഒഴിച്ചിട്ടു വീണ്ടും പുറപ്പെട്ടു, രാജഗോപാൽ കാൽ അമർത്തി ചവുട്ടി വണ്ടി നൂറിൽ പറന്നു, പിന്നെ ആകെ കേട്ടത് പുറകിലെ സീറ്റിൽ നിന്നു ഉറക്കെയുള്ള ആരുടെയോ നാമജപം മാത്രമാണ്
ഓച്ചിറ എത്തിയതും അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഓരോ ചായയും ഏത്തക്കാപ്പവും കഴിച്ചപ്പോഴേ കാശ് ഒട്ടു മുക്കാലും തീർന്നു
അമ്പലത്തിൽ പോയി തൊഴാൻ തീരുമാനിച്ചപ്പോൾ നേർച്ചയുടെ കൈയും കാലും വാങ്ങാൻ കാശില്ല
എല്ലാവരും അവരോരുടെ കൈയും കാലും നേർച്ചപെട്ടിക്കു മുന്നിൽ കാണിച്ചു പ്രാർത്ഥിച്ചു
അമ്പലപറമ്പു മുഴുവനായി വളഞ്ഞു പുളഞ്ഞു പാമ്പിനെ പോലെ ഒരു Q കണ്ടു, എവിടെ തുടങ്ങുന്നെന്നോ എവിടെ അവസാനിക്കുന്നു എന്നോ അറിയാതെ
ഈരണ്ടു പേര് ഒരിടത്തു നിന്നു രണ്ടു സൈഡിലോട്ടായി പോകാൻ തുടങ്ങി
അറ്റം കണ്ടു പിടിക്കാൻ
2 പേരെന്തായാലും അറ്റത്തെത്തും അപ്പൊ അവരവിടെ ചേരും, മറ്റേവർ സ്റ്റേജിന്റെ മുന്നിലുംഎത്തും.
അറ്റം നോക്കാൻ പോയവർ മറ്റൊരു കാഴ്ച കണ്ടു പരിചയമുള്ള മൂന്നാലു മുഖം ക്ലാസ് റൂമിലെ പ്രസംഗ പീഠത്തിൽ കണ്ടിട്ടുള്ളവർ, അവർ ഞങ്ങടെ തലയുടെ മുകളിലൂടെ അങ്ങ് വിദൂരതയിലേക്ക് നോക്കി, വെള്ളെഴുത്തുള്ളവരെ പോലെ. ആർക്കും ആരെയും കണ്ടറിവോ കേട്ടറിവോ ഇല്ലാത്ത പോലെ
പക്ഷെ ഷാജി വിട്ടില്ല
ഒന്ന് ചരിഞ്ഞു അവരുടെ അടുത്ത് പോയി ഒട്ടി നിന്നിട്ടു പറഞ്ഞു
സാറെ ഞങ്ങൾ നിങ്ങളെ ആരെയും കണ്ടിട്ടില്ല, ഞങ്ങൾ നിങ്ങളെ കണ്ട കാര്യം ആരോടും പറയുകയും ഇല്ല. പക്ഷെ
ഞങ്ങളുടെ കൈയ്യിൽ കാശില്ല 15 ടിക്കറ്റ് എടുക്കണം അടുത്ത മാസം പോസ്റ്റ് മാന് വരുമ്പോ ഹോസ്റ്റലിൽ ഉള്ളവന്മാര് തരും.
അവരൊരക്ഷരം ഉരിയാടിയില്ല
അങ്ങനെ എല്ലാവരുടെയും ടിക്കറ്റ് ഒപ്പിച്ചു.
അകത്തു കയറിയതും ആകെ പ്രശ്നം
സോമൻ എവിടെ നിന്നാലും ആളുകൾ തള്ളി മാറ്റും പൊക്കം കാരണം
അവസാനം സോമൻ സ്റ്റേജിന്റെ മുന്നിൽ സമാന്തരമായി കിടന്നു
ഇനി യിപ്പോൾ ഒരുത്തനും പൊക്കാൻ വരില്ലല്ലോ
കർട്ടൻ അനങ്ങി
മറകെട്ടി അടച്ചതിന്റെ ഉള്ളിലുള്ള വെളിച്ചം അണഞ്ഞു
എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു നിന്നു
കൊല്ലം ലൈല
രാഗേന്ദു കിരണങ്ങൾ ഒളിവിശിയില്ല
രജനിക ദംബങ്ങൾ മിഴിചിമ്മിയില്ല
മദനോല്സവങ്ങൾക്ക് നിറമാല ചാർത്തി
മനവും തനുവും മരുഭുമിയായീ
നിദ്രാ വിഹീനങ്ങളല്ലോ
എന്നും അവളുടെ രാവുകൾ
എന്നും അവളുടെ രാവുകൾ
പെട്ടെന്ന് രാജഗോപാലിന്റെ കൈയ്യിലൊരു പിടി വീണു
രാജഗോപാലിന്റെ അച്ഛന്റെ ഐസ് ഫാക്ടറിയിലെ കുറുപ്പു ചേട്ടൻ
മോനെന്താ ഇവിടെ? എവിടെ? ഇവിടെ
അത് ഞാൻ ഒരു വഴിപാടു കഴിക്കാൻ വന്നതാ
മോനെ വഴിപാട് ഇവിടല്ല
കുറുപ്പു ചേട്ടൻ രാജഗോപാലിന്റെ കൈ പിടിച്ചു , വിടാതെ
എന്നിട്ട് നേരെ നടന്നു അമ്പലത്തിന്റെ നടയിലേക്ക്.
പിന്നെ അന്ന് രാത്രി വെടിക്കെട്ടു തീരും വരെ പുള്ളിക്കാരൻ രാജഗോപാലിന്റെ കൈ വിട്ടില്ല
ജീവിതത്തിൽ എന്തൊക്കെ നേടിയിട്ടും, ഇന്നും രാജഗോപാലിന് ഓച്ചിറ വഴി പോകുമ്പോഴുള്ള നഷ്ടബോധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
1 comment(s)