ഉത്സവങ്ങൾ എന്നും ദൃശ്യവിസ്മയങ്ങളുടെ കൂടിച്ചേരലാണ്
ദൃശ്യവിസ്മയങ്ങൾ പലതരത്തിലാണ് പലർക്കും
ഷാജി യുടെ കാര്യം പറഞ്ഞാൽ ഒരൊന്നൊന്നര കഥയാ
ചെണ്ട പുറത്തു കോലിടുന്ന ഏത് ഉത്സവം എവിടെ ഉണ്ടെങ്കിലും അവിടെ ഷാജി ഉണ്ടാവും, ഷാജി ഇല്ലാത്ത ഉത്സവം കൊല്ലം ജില്ലയിൽ ഇല്ല എന്ന് തന്നെ പറയാം
ഷാജിയുടെ മനസ്സിൽ എന്നും എപ്പോഴും ഉണർന്നു കിടക്കുകയും നടക്കുകയും ചെയ്യുന്ന ഒരു കലാകാരനുണ്ട്.
ആ കലാഹൃദയത്തെ പരിഭോഷിപ്പിക്കാനായി നിരന്തരം ഉത്സവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്കു പലായനം ചെയ്യുന്ന ഷാജി
കൊല്ലത്തു നിന്നുള്ള സിനിമാനടന്റെ വീടിന്റെ അടുത്തുള്ള അടികൊള്ളി കോവിൽ, നമ്മള് തിരുമുല്ലവാരത്തു പോകുമ്പോ അങ്ങെത്തിക്കഴിഞ്ഞു നോക്കിയാ കാണുന്ന വിഷ്ണുതു കാവ്, ലോകത്തിലെ ഏറ്റവും വലിയ ഗജ മേള, നൂറു കണക്കിന്ആനകളെ എഴുന്നള്ളിച്ചു ഘോഷയാത്ര നടത്തുന്ന ശൂരനാട് ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം, ആശ്രാമത്ത് അഷ്ടമുടി കായലിന്റെ തീരത്തുള്ള ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം,
കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ആനന്ദവല്ലീശ്വരം അമ്പലം മാടന്നടയിലുള്ള കൊല്ലുവിള ദേവി ക്ഷേത്രം എന്ന് വേണ്ട ഉത്സവങ്ങളുടെ ഒരു ഘോഷ യാത്ര തന്നെ ആയിരുന്നു എപ്പോഴും ഷാജിയുടെ പഞ്ചാംഗത്തിൽ.
ഷാജി തീർത്തും ഒരു ഉത്സവ ജീവി ആയിരുന്നു.
ഉത്സവപ്പറമ്പിലെ, സാംബശിവന്റെ കഥാപ്രസംഗം, മാർക്കോസിന്റെ ഗാന മേള, പല സഹോദരിമാരുടെ സംഗീത കച്ചേരി, ഉർവശി ശാപം ഉപകാരം, തുടങ്ങിയ നാടകങ്ങൾ, നാദസ്വര കച്ചേരി, ഗധിക, കുമ്പള നൃത്തം, കളിയാട്ടം, എന്ന് വേണ്ട
നല്ല ഒരു നടനും, അതിലുപരി ഇമ്പത്തോടെ ഏതു പാട്ടും ക്ഷണനേരം കൊണ്ട് പഠിച്ചും, പഠിക്കാൻ പറ്റാത്ത വരികൾ സ്വയം എഴുതി ഉണ്ടാക്കിയും പാടുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു.
ആവശ്യത്തിന് പരോപകാരവും എല്ലാവരുമായും നല്ല സൗഹൃദവും ഉള്ള ആളായതിനാൽ ഞാനൊക്കെ മരിച്ചു കിടന്നു വോട്ടു പിടിച്ച പാനലിന്റെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥി ആയിരുന്നു, ഇലക്ഷനിൽ ജയിക്കുകയും ചെയ്തു.
കോളേജിലെ ഓരോ കലാസാംസ്കാരിക വേദികളിലും സ്വയം എഴുതി ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന നാടകങ്ങൾ അവതരിപ്പിച്ചിരുന്നു.
ചെയ്യുന്ന കാര്യങ്ങൾ വളരെ ഭംഗിയായി, ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവൈചിത്യ്രം ഗാഢമായി അപഗ്രഥിച്ചു, ചേരുംപടി ഹാസ്യവും, ശോകവും, ആക്ഷേപഹാസ്യവും കുത്തിനിറച്ച കലാരൂപങ്ങൾ മെനഞ്ഞെടുക്കാനായി, ഉത്സവപ്പറമ്പുകൾ അന്നത്തെ ഗൂഗിൾ ആക്കിയിരുന്നു ഷാജി.
ഉശിരും ഉൽസാവഹം വീര്യവുമുള്ള ചവിട്ടു നാടകം, സത്യത്തിൽ ഇതിനൊരു പോര്ടുഗിസ് പാരമ്പര്യമുണ്ട്, തങ്കശ്ശേരിയിലുള്ള റാൻസിലി സായിപ്പിനും പ്രിയപ്പെട്ട ഒരിനം ആയിരുന്നു ഇത്,
തബല, ചെറിയ വയലിന്, ഓടക്കുഴല്, ബുൾബുൾ ഇത്യാദി സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് പലകകൾ നിരത്തിയ തറയിൽ ചവുട്ടി ചവുട്ടി പുറപ്പെടുവയ്ക്കുന്ന താളാത്മികമായ പ്രതിധ്വനിയുടെ അകമ്പടിയോടെ ആൾക്കാരും, നൃത്തവും, സംഗീതവും, ചേർന്നുള്ള ഒരു സംഗീതനാടകം
ഉല്ക്കടവും, തീവ്രവുമായ പ്രമേയങ്ങൾ എഴുതി ഒപ്പിച്ചു എല്ലാം ക്രമീകരിച്ചു കൊണ്ട് വന്ന് സംവിധാനം ചെയ്യാൻ തുടങ്ങുമ്പോൾ കൂടെയുള്ള ശുംഭന്മാർ എന്തെങ്കിലും ഒരു മുടന്തൻ ന്യായവുമായി വരും ,
എടാ ഷാജി ഇത് ബുദ്ധിജീവികൾക്കേ മനസ്സിലാവൂ പിന്നെ നിന്റെ കടിച്ചാൽ പൊട്ടാത്ത ഡയലോഗ് കാണാതെ പഠിക്കാൻ വലിയ പാടാടാ
ഇത് പഠിക്കാൻ പറ്റിയെങ്കിൽ ഞങ്ങളെന്നേ സിവിലിലെ മൃണാളിനി ടീച്ചറിന്റെ – ബെൻഡിങ് മോമെ ന്റും, സ്ട്രെസും, സ്ട്രൈനും, ഷിയർ ഫോഴ്സും പഠിച്ചേനെ.
എന്നാ പിന്നെ സപ്ലി കുത്താതിരുന്നേനെ, എന്നും പറഞ്ഞു അവസാനം എല്ലാവരുടെയും പ്രിയപ്പെട്ട , കള്ളനും പോലീസും നാടകത്തിൽ ചെന്ന് നിൽക്കും.
ഒരിടത്തൊരിടത്തൊരു കള്ളൻ പവിത്രൻ
അവൻ ഓരോ വീട്ടിലും കയറി കിണ്ടിയും മൊന്തയും ഒക്കെ കക്കുന്നു
അവനെ പിടിക്കാൻ ഓടിക്കുന്ന പോലീസുകാർ
അവസാനം ഷാജിയും പ്രിയ സുഹൃത്ത് രെജിയും എന്നും പോലീസ് വേഷം കെട്ടും , ഇന്നാരെന്നില്ല ആര് വേണമെങ്കിലും കള്ളന്റെ വേഷവും കെട്ടും.
കോളേജിലെ ഏതു നാടകത്തിനും വേഷങ്ങൾ ഒപ്പിക്കുന്നതു വിദ്യാർത്ഥികൾ തന്നെ ആയിരുന്നു
ചവിട്ടു നാടകമൊക്കെ കളിക്കണമെങ്കിൽ വളരെ സങ്കീർണമായ തയ്യാറെടുപ്പുകൾ വേണം പ്രത്യേകിച്ച് വേഷ വിധാനങ്ങൾക്ക് കാശ് ഒത്തിരി ഇറക്കണം
അപ്പൊ പിന്നെ പോലീസും കള്ളനുമാണ് എല്ലാവര്ക്കും താങ്ങാൻ പറ്റുന്നത്
ഷാജിയും രെജിയും ഒരളവ്. കള്ളന്റേതു, ഹോസ്റ്റലിൽ ഉള്ള ആരുടെയെങ്കിലും കള്ളിമുണ്ടും ബനിയനും ആയാൽ മതി, എല്ലാം ഏതു കള്ളനും ചേരുന്നതായിരിക്കും.
ഒരു ദിവസം നാടകമെല്ലാം കഴിഞ്ഞു ഷാജിയും രെജിയും കൂടി തിരിച്ചു ശങ്കരന്റെ ആശുപത്രിയുടെ അടുത്തുള്ള രെജിയുടെ ലോഡ്ജ് മുറിയിൽ പോകാൻ കോളേജിൽ നിന്നിറങ്ങി.
ബസ് സ്റ്റാൻഡിൽ ഒരുത്തനും രാത്രി ആയാൽ വണ്ടി നിർത്തില്ല
പിന്നെ ഒരു വഴിയേ ഉളളൂപാലത്തിന്റെ മുകളിൽ കയറി കൈ കാണിക്കുക
കോളേജിന്റെ മുന്നിലുള്ള റെയിൽവേ പാളത്തിന്റെ സൈഡിൽ ബംഗ്ലാദേശ് എന്ന് വിളിക്കുന്ന പുറമ്പോക്കിൽ പാലത്തിൻറെ മുകളിൽ കയറാനുള്ളൊരു പടിയുണ്ട്.
നാടകം കഴിഞ്ഞു വരുന്ന വരവാണ് , പടി കയറി പാലത്തിന്റെ ഉച്ചസ്ഥാനത്തു നിന്നിട്ടു രെജി കൈ കാണിച്ചു
ആദ്യം വന്ന ആന വണ്ടി, ഫാസ്റ്റ് ആയിരുന്നു അവൻ ഇവരെ ഗൗനിച്ചു പോലുമില്ല ഒന്ന് കൂടി ആക്സിലറേറ്റർ ചവുട്ടി ഇരപ്പിച്ചങ്ങു വിട്ടു
പുറകെ വന്നത് ഒരു പാണ്ടി ലോറി. കച്ചിയും കയറ്റി വരുന്ന വരവാണ്
ചില സമയത്തു എത്ര ശ്രമിച്ചാലും എല്ലാ കെട്ടുപാടുകളുടെയും പുറത്തോട്ടു അധികമുള്ള മാംസം ചാടി മറിഞ്ഞു കിടക്കുന്ന മനുഷ്യരെ പോലെ കച്ചിയുടെ കെട്ടുകൾ ലോറിയുടെ രണ്ടു വശത്തോട്ടും
മദിച്ചു അങ്ങ് കിടക്കുന്നു, ലോറിക്കാരൻ അണ്ണാച്ചിയുടെ കണ്ണ് ബൾബ് ആയി
പിടിച്ചിട്ടു നിൽക്കുന്നില്ല , ചവുട്ടി വിട്ടിട്ടു കാര്യമില്ല
പൊലീസാണ് മുന്നിൽ വിട്ടുപോയാൽ ഒരു തീപെട്ടികൊള്ളിയുടെ ചിലവേ വരൂ
അതോടെ എല്ലാം തീരും, അണ്ണാച്ചി വണ്ടി ഒതുക്കി, ഹാൻഡ്ബ്രേക്ക് ഇട്ടു
വണ്ടി ഓഫ് ആക്കാതെ ബുക്കും പേപ്പറുമായി ഓടിയിറങ്ങി. കൂടെയുള്ള സ്റ്റെപ്പിനി ചെറുക്കൻ ലോറിയുടെ ഡോർ വെളിയിൽ കൂടി കൈയ്യിട്ടു തുറന്നു എന്നിട്ട് ഹനുമാന്റെ ഗദ പോലെ രണ്ടു തടികഷണോം എടുത്തോണ്ട് ചാടി ഇറങ്ങി
രെജിയുടെയും ഷാജിയുടെയും നല്ല ജീവനങ്ങു പോയി. നോക്കിയപ്പോ അവൻ ടയറിനു അട വെക്കാൻ പോയതാ. രണ്ടാളും ശ്വാസം വിട്ടു
അപ്പോഴേക്കും അടുത്ത മാരണം, ഡ്രൈവർ അണ്ണാച്ചി കൈ കൂപ്പി ഏതാണ്ട് കരച്ചിലിന്റെ വക്കത്തെത്തി മുന്നിൽ നിൽക്കുന്നു
അയ്യാ കാപ്പാത്തുങ്കോ, മന്നിചിടിങ്കോ
ഷാജിയും രെജിയും ഒരു നിമിഷം ഒന്ന് പതറി
പക്ഷെ പെട്ടെന്ന് ജാള്യത മറച്ചു മുഖത്തു, മൂക്കിൽ കൊളുത്തി വച്ച മീശ തൊട്ടു തൊടാതെ പിരിച്ചു,
വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടുങ്കോ…
അപ്പൊ അണ്ണാച്ചി ബുക്കിന്റെ അകത്തൊരു നൂറിന്റെ നോട്ട് എടുത്തു വെച്ചിട്ടു ബുക്ക് നീട്ടി
ഇത് എന്നാടാ ഇത്? നീ എന്ന നിനച്ചതു? കേരളം പോലിസിക്കിട്ടെ വിളയാടിതാ
വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടുങ്കോ…
റെയിൽവേ സ്റ്റേഷന്റെ കിട്ടെ EAST POLICE STATION …
വിടുങ്കോ…
അറിയാവുന്ന തമിഴ് കൂട്ടി കലർത്തി പറഞ്ഞൊപ്പിച്ചു…….
അണ്ണാച്ചി ഏങ്ങി ഏങ്ങി മോങ്ങാൻ തുടങ്ങി, ഏങ്ങലിന്റെ സ്വരാരോഹണം ഉച്ചസ്ഥായിയിൽ എത്തിയപ്പോ അണ്ണാച്ചിയുടെ കറുത്ത കുടവയർ ചുവന്ന കൈയ്യില്ലാത്ത ബന്യൻറെ ഇടയിലൂടെ പുറത്തേക്കു ചാടാൻ തുടങ്ങി
കണ്ണ് ചിമ്മുന്നതിനു മുന്നേ ദേ കിടക്കുന്നു അണ്ണാച്ചി രണ്ടുപേരുടെയും ഓരോ കാലിൽ മുറുക്കെ പിടിച്ചു കൊണ്ട് , എന്നിട്ട് അലമുറയിടാൻ തുടങ്ങി
സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ രണ്ടു പേരും പുലിവാല് പിടിച്ച പോലെ ആയി, നായരല്ലെന്നു മാത്രം, അണ്ണാച്ചി പിടിച്ച പുലിവാല്.
അണ്ണാച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല .
അയ്യാ കാപ്പാത്തുങ്കോ , നാൻ പോലീസ് സ്റ്റേഷൻ പോക മാട്ടേൻ.
എന്നും പറഞ്ഞു നിർത്താതെ അലമുറയിട്ടുകൊണ്ടേ ഇരുന്നു
രണ്ടു പേരുടെയും ഓരോ കാല് വീതം അണ്ണാച്ചിയുടെ ബലിഷ്ഠമായ കൈകൾക്കുള്ളിൽ. അവസാനം രണ്ടു പേരും കൂടി ടാറിട്ട പാലത്തിലിരുന്നു
വിടുങ്കോ, വിടുങ്കോ, വണ്ടി ഓടിച്ചു പോങ്കോ, പോങ്കോ..
എന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു. അണ്ണാച്ചി ഉരുണ്ടുരുണ്ടു എഴുന്നേൽക്കാൻ ശ്രമിച്ചു. ഒരു നിമിഷം അണ്ണാച്ചി പാലത്തിന്റെ സൈഡിലോട്ടു ഉരുണ്ടുപോകാൻ തുടങ്ങി.
രെജിയും ഷാജിയുംകൂടി എങ്ങനെയൊക്കെയോ പിടിച്ചു പൊക്കി നിർത്തി. ഇത് കണ്ടതും സ്റ്റെപ്പിനി ചെറുക്കൻ അപ്പോഴേക്കും കട്ട മാറ്റി വണ്ടിയിൽ ചാടി കയറി.
അണ്ണാച്ചി പതുക്കെ പതുക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു പോയി, വണ്ടിയിൽ കയറി വണ്ടിയുടെ ഗിയര് മാറ്റി , വണ്ടിക്കു പഴയ പോലെ പിക്ക് അപ്പ് ഇല്ല. എന്നാലും എങ്ങനെയും വലിഞ്ഞു വലിഞ്ഞു മുന്നോട്ടു പോയി
രണ്ടാളും എന്താണ് സംഭവിച്ചതെന്നറിയാതെ മുഖത്തോടു മുഖം നോക്കി ഒരു നിമിഷം നിന്ന്
ഷാജി എല്ലാ ദൈവങ്ങളേയും ഒറ്റ വിളിക്കു വിളിച്ചു. എത്രയും പ്രിയപ്പെട്ട MS സുബ്ബു്ലക്ഷ്മിയുടെ ശ്രീ വെങ്കടേശ്വര സുപ്രഭാതത്തിലെ സ്തോത്രം ഉരുവിടാൻ ചുണ്ടനക്കി, അയ്യോ എത്ര ശ്രമിച്ചിട്ടും ശരിക്കുള്ള വരികൾ വരുന്നില്ല കോളേജിലെ സ്റ്റേജിൽ പാടിയ പാരഡിയാണ് വരുന്നത്, ദൈവമേ പൊറുക്കണേ എന്നും പറഞ്ഞു
തിരിഞ്ഞു നോക്കിയതും പാലം കയറി വരുന്ന 2 ഹെഡ് ലൈറ്റ് അവരുടെ അടുത്തോട്ടു അടുപ്പിക്കുന്നു, റെജി കൂവി വിളിച്ചു
വിട്ടോടാ ഷാജി അത് ഒറിജിനൽ പോലീസാടാ
രണ്ടാളും ഒരൊറ്റ പടി പോലും ചവുട്ടാതെ മിന്നൽ വേഗത്തിൽ താഴെഎത്തി ,പാളത്തിലൂടെ ബംഗ്ലാദേശിലൂടെ തിരികെ വീണ്ടും കോളേജിലേക്ക് ഓടി കയറി
അപ്പൊ ഉറങ്ങി കിടന്ന കുട്ടൻചേട്ടൻ ചാടി എഴുന്നേറ്റു സല്യൂട്ട് അടിച്ചു ശിലാപ്രതിമ പോലെ അങ്ങ് നിന്നു.
1 comment(s)