ഞങ്ങളുടെ കോളേജിലെ ഇലക്ഷൻ കഴിയുമ്പോൾ
നമ്മൾ, എന്ത് കൊണ്ട് തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാൽ എന്താ?
എന്നൊരു ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല
കാരണം വലിയ പ്രത്യയ ശാസ്ത്രങ്ങളോ, കക്ഷീരാഷ്ട്രീയമോ ഇല്ലാത്തതാണു ഞങ്ങളുടെ ഇലക്ഷൻ
ജയിക്കുന്നതാരാണെന്നും, തോൽക്കാൻ പോകുന്നത് ആരാണെന്നും ഒട്ടു മുക്കാൽ എല്ലാവര്ക്കും അറിയാം…. സ്ഥാനാർത്ഥികൾ ജയിക്കാൻ പോന്നവരാണെകിലും അണികളുടെ കൈയ്യിലിരുപ്പു കൊണ്ട് മാത്രം; സ്ഥിരമായി തോൽക്കുന്ന പാനലുകൾ.
ജനിച്ചപ്പഴേ വലത്തോട്ടൊ, ഇടത്തോട്ടൊ ഒരു ചായ്വോടെ ഉണ്ടായ കുട്ടികൾ ധാരാളം ഉണ്ടായിരുന്നു; എങ്കിലും, കക്ഷി രാഷ്ട്രീയം കോളേജിന്റെ ഏഴയലത്തു കയറ്റില്ല എന്ന വാശി അന്നത്തെ TKM -ലെ വിദ്യാർത്ഥികൾക്കുണ്ടായിരുന്നു.
1977 -ൽ ഞാൻ കോളേജിൽ ചേർന്നപ്പോൾ ഇലക്ഷൻ നല്ല ചൂട് പിടിച്ചു നിൽക്കുന്ന സമയം.
വിദ്യാര്ഥികളുടെ പാനലും, വോട്ടു പിടിത്തവും, വോട്ടെടുപ്പും, എണ്ണിത്തിട്ടപ്പെടുത്തലുകളും എനിക്ക് കൗതുകം ഉണർത്തുന്ന അനുഭവം ആയിരുന്നു.
ആകെ അറിയാവുന്നതു St. Joseph’s- ലും St. Teresas – ലും വെച്ച് ടീച്ചർമാരും കുട്ടികളും ചേർന്നു ക്യാപ്റ്റൻ, പ്രീഫെക്ട് എന്നൊക്കെയുള്ള ഉത്തരവാദിത്വങ്ങൾ ഏല്പിക്കുന്നതും, ചോദ്യവുമില്ല, പറച്ചിലുമില്ല. വര്ഷം മുഴുവൻ ക്ലാസ്സിലെ പല പല ജോലികൾ ചെയ്യുന്നതും .
TKM-ലെ രീതികൾ എല്ലാം വളരെ വ്യത്യസ്തമായിരുന്നു, തിരഞ്ഞെടുപ്പും, അത് കഴിഞ്ഞുള്ള ബഹളങ്ങളും, പ്രദക്ഷിണങ്ങളും, , ആഘോഷങ്ങളും പരിപാടികളുമെല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു.
വീട്ടിലെ പ്രസ്സിൽ അച്ചടിച്ച നോട്ടീസും, വീട്ടിൽ നിന്ന് കൈ വണ്ടിയിൽ എടുത്തു കൊണ്ട് പോയ പ്ലാവിന്റെ വേരും, ഞാൻ സംഘടിപ്പിച്ചു കൊടുത്ത പൂക്കളും ഒക്കെയായി, മത്സരാർത്ഥികളെ നേരിട്ട് അറിയാമായിരുന്നതിനാൽ വോട്ട് ആർക്കു ചെയ്യണം, എന്നുള്ളതിനെ പറ്റി യാതൊരു ആശയക്കുഴപ്പവും ഇല്ലായിരുന്നു.
പ്രസ്സിലെ നോട്ടീസിൽ പേരുണ്ടായിരുന്ന ആള്കാര്ക്കെല്ലാം വോട്ട് ചെയ്തു, അവരെല്ലാം ജയിക്കയും ചെയ്തു.
ആദ്യത്തെ വർഷ കുട്ടികൾ കാഴ്ചക്കാരാണ്, മുതിന്ന കുട്ടികൾക്ക് കിട്ടുന്ന അടിപൊളി സമയമാണ് ഇലക്ഷൻ
സത്യത്തിൽ ഇലക്ഷൻ സമയത്തു മാത്രം കിട്ടുന്ന ഒരു അസുലഭ ഭാഗ്യം
ഭയമില്ലാതെ
ശങ്കക്ക് വക ഇല്ലാതെ
പഞ്ചാര അടിക്കാനുള്ള വേദി
ഒതുക്കും,
എന്ന് പേടിക്കാതെ, എല്ലാ ഇടവേളകളിലും, ആർക്കും, ഏതു ക്ലാസ്സിലും, വോട്ടു പിടിക്കാനെന്ന വ്യാചേന കയറി വരാനും, ഏതു പെണ്കുട്ടിയെയും പഞ്ചാര അടിക്കാനുമുള്ള സ്വാതന്ത്ര്യം.
എല്ലാ ബ്രേക്കിനും ഓരോ പാനലിലെ കുട്ടികൾ കൂട്ടത്തോടെ ക്ലാസ്സുകളിൽ കയറി വരും. പലപ്പോഴും ഒരു ആചാര്യൻ ഘോര ഘോരം പ്രസംഗിക്കും, തിരിച്ചറിയാൻ വരിവരിയായി നിറുത്തുന്നത് പോലെ , മത്സരാർത്ഥികൾ നിരന്നു നിൽക്കും എന്നിട്ടു ഓരോ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തും, അതിനു ശേഷം പൊതുവായി വോട്ട് ചോദിക്കും
പെൺകുട്ടികളെ ഒറ്റയ്ക്ക് പിടിച്ചു നിർത്തി ഓരോരുത്തരോടായി വോട്ടു ചോദിക്കുന്ന ഒരു പരിപാടിയുണ്ട്,
ഒരാളെ കേറി പ്രേമിക്കും, അല്ലെങ്കിൽ മോഹിപ്പിക്കും ഒന്നും പറ്റിയില്ലെങ്കിൽ വിരട്ടും എന്നിട്ടു അവരോടു മറ്റു പെൺകുട്ടികളുടെ വോട്ടു പിടിക്കാൻ പറയും,
ആകെകൂടി ഞങ്ങൾക്ക് കോളേജിലുള്ള ഒരു പൊതുവായ നേരമ്പോക്ക്, ഏറ്റവും വലിയ വിനോദം, അല്ലെങ്കിൽ കലാപരിപാടി, കോളേജിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഇലക്ഷൻ തന്നെ ആയിരുന്നു,
സെമസ്റ്റർ 8 ഉണ്ടെങ്കിലും 2 എണ്ണം കൂടുമ്പോഴേ ഇലക്ഷൻ ഉണ്ടാവൂ, അത് കഴിഞ്ഞാൽ പിന്നെ കുറെ അധികം പരിപാടികൾ സംഘടിപ്പിക്കും, അതിന്റെ ഇടയിലൂടെ പുട്ടിനു തേങ്ങപ്പീര ഇടുന്ന പോലെ Assignment-o, പരീക്ഷയും എല്ലാം എല്ലാം അങ്ങനെ മുറ പോലെ നടക്കും.
Friends, Rationals, Revolutionaries, Radicals, Liberation 80, Prathyasa, ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ പാനലിന്റെ പേരുകൾ.
ആദ്യത്തെ വര്ഷം കഴിഞ്ഞതും ഞാൻ തീരുമാനിച്ചുറച്ചു, അടുത്ത ഇലക്ഷൻ തൊട്ട്, ഒരൊറ്റ എണ്ണം പോലും വിടില്ല എന്ന്.
കോളേജ് ഇലക്ഷനിൽ പങ്കാളി ആകുന്നതു, ഇന്നത്തെ സമൂഹമാധ്യമത്തിൽ സഹരിക്കുന്ന പോലെ, വെറുതെ ഒരു രസം, എല്ലാവരോടും മിണ്ടാം
എന്റെ ക്ലാസ്സിലെ ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ അവർക്കു കട്ട പിന്തുണ, പിന്നെ അവർക്കു വേണ്ടി എല്ലാ ബ്രേക്കിനും ക്ലാസ്സുകൾ തോറും കയറി ഇറങ്ങി, ഓടി നടന്ന് വോട്ട് പിടിക്കുക
ഉച്ചക്ക് വെയ്റ്റിംഗ് റൂമിലെ മൂത്തവരുടെയും, ഇളയവരുടെയും വോട്ട് അഭ്യര്ത്ഥിക്കുക, തന്ത്രങ്ങളും കു-തന്ത്രങ്ങളും, ഉപായങ്ങളുമായി ഓടി നടക്കുക
തിരഞ്ഞെടുപ്പിന് മുന്നേയുള്ള മാസങ്ങൾ കോളേജിൽ ഒരു ഉത്സവം പോലെ ആണ്,
ശരിക്കും ബിനാലെ, ഭാരതത്തിലെ തന്നെ പല യൂണിവേഴ്സിറ്റികളിലെയും കുട്ടികൾ ഞങ്ങളുടെ കോളേജിലെ പോസ്റ്റർ വിപ്ലവം കാണാൻ വരുമായിരുന്നു. ബിനാലെ രണ്ട് വർഷത്തിൽ ഒരിക്കലാണെങ്കിൽ ഇവിടെ എല്ലാവർഷവും.
ആ ദിവസങ്ങളിലെ ആവേശം, അപ്പോൾ പുറത്തു വരുന്ന പാടവം, ചാതുര്യം ഇതൊക്കെ അനുഭവിച്ചറിയാനും, പങ്കാളിയാകാനുമുള്ള ഭാഗ്യം കിട്ടിയത് പിൽക്കാലത്തു ഒത്തിരി പ്രയോജനപ്പെട്ടിട്ടുണ്ട്
പഞ്ചാരയടി, പാരടി , കവിത, നോട്ടീസ്, പോസ്റ്റർ, മുദ്രവാക്യം, ക്ലാസ്സുകളിലെ പ്രസംഗങ്ങൾ, ഇപ്പോഴത്തെ ട്രോൾ പോലെ ആകര്ഷകമായ പരസ്യവാചകം, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കുട്ടികളുടെ അസാമാന്യമായ കഴിവുകൾ കണ്ടിട്ട് കൈ കൂപ്പി നിന്നിട്ടുണ്ട്.
ഓരോരുത്തരുടെയും സൃഷ്ടികളെ പറ്റി പറഞ്ഞാൽ തീരാത്തത്രയുണ്ട്…
തിരഞ്ഞെടുപ്പിന്റെ പിന്നിൽ പ്രവർത്തിക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം, അപ്പോൾ അനുഭവിക്കുന്ന ആനന്ദം മത്സരിക്കുമ്പോൾ കിട്ടില്ല; എന്ന് മാത്രമല്ല ജയിച്ചൊരു സ്ഥാനം കിട്ടിയിട്ട് പറയത്തക്ക മെച്ചവും ഉണ്ടായിരുന്നില്ല
ജയിച്ചവരാരും തന്നെ ഭൂലോകം കീഴ്മേൽ മറിച്ചതായി അറിയുകയും ഇല്ല
സാറന്മാർ നിഷ്പക്ഷരാകണം എന്നാണ് വെപ്പ്
എല്ലാ ഡിപ്പാർട്മെന്റിലെയും സാറന്മാർ
പേര് വിളിക്കില്ല തൊട്ട് കാണിക്കാം
അതാതു ഡിപ്പാർട്മെന്റിലെ പിള്ളേരോട് മൗനമായി ഒരു കാര്യം പറയും
നമ്മുടെ പിള്ളേർ തോൽക്കാൻ പാടില്ല
കേട്ടല്ലോ
അതിനിപ്പോ കുറച്ചു താമസിച്ചു ക്ലാസ്സിൽ വന്നാലും വേണ്ടീല
വോട്ടു ശരിക്കങ്ങു മുറുകെ പിടിച്ചേക്കണം
മറ്റുള്ളവരുടെ മുഖത്ത് നോക്കേണ്ടതാണ്
കുട്ടികളെക്കാൾ വാശി സാറന്മാർക്
ഞങ്ങളുടെ കോളേജിൽ എന്റെ പാത്തുവിന്റെ അണ്ണൻ, എന്റെയും അണ്ണൻ
Prem B Chembakasseril
പുള്ളിക്കാരന് പ്രസംഗം എന്ന് പറഞ്ഞാൽ പുലിവാല് പിടിച്ച പോലെയാണ്
പക്ഷെ സ്ഥാനാർഥി ആയാൽ പ്രസംഗിക്കണം
വോട്ടെടുപ്പിന് തൊട്ടു മുന്നേ മീറ്റ് ദി ക്യാൻഡിഡേറ്റ്സ് പ്രോഗ്രാം ഉണ്ട്
10 മിനിറ്റ് സംസാരിക്കാൻ കിട്ടുന്ന അവസരം
ഇത് നടക്കുന്നത് താഴത്തെ Quadrangle-ൽ , ക്ലാസ് മുറിയിലെ സാറന്മാർ ഉപയോഗിക്കുന്ന തടിയുടെ പ്രസംഗപീഠത്തിൽ (Podium) കയറി നിന്ന് വേണം പ്രസംഗിക്കാൻ
പിന്നെ ഒന്നും നോക്കിയില്ല
Trinity Lyceum- ത്തിൽ, സുരേഷ് ഗോപിയുടെ കൂടെ പഠിച്ചപ്പോൾ ചൊല്ലി പഠിച്ച പദ്യംപോലെ ,
ഫീലിങ്സോടെ പറഞ്ഞു
“I love all of you
If you don’t love me
I will never be able to serve you
So please vote for me”
ചരിത്രപ്രധാനമായ പ്രസംഗം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.
മുകളിലത്തെ ജാ ളികളുള്ള കൈവരികളിൽ പിടിച്ചും, താഴെ ഡിപ്പാർട്മെന്റിന്റെ മുന്നിലുമായി സാറന്മാരും കുട്ടികളും
നിരന്നു നിന്നിരുന്നു
കേട്ടു നിന്ന സാറന്മാർ പോലും അറിയാതെ കൈ അടിച്ചു…
കുട്ടികൾ ആർത്തു വിളിച്ചു..
അന്ന്, ആ നിമിഷം റഷ്യയിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞു വന്ന, ആദരണീയനും, ശ്രേഷ്ഠനും ഉന്നതകുലജാതനും ആയ റസ്വി സാറിനു സമാധാനമായി
ഒരു മെക്കാനിക്കൽകാരനെങ്കിലും ജയിക്കും
എതിരില്ലാതെ Prem തിരഞ്ഞെടുക്കപ്പെട്ടു
ഇലക്ഷൻ കഴിയുമ്പോഴേക്കും
എല്ലാം മറന്നു ഒറ്റകെട്ടായി
അടുത്ത പരിപാടി തുടങ്ങും
ടൂർ
ഉൾപാർട്ടി രാഷ്ട്രീയം ഇല്ലാത്തതിന്റെ നേട്ടങ്ങൾ
പക്ഷെ ഇവിടെയും ചില വളവും തിരിവുമൊക്കെ ഉണ്ടായിട്ടുണ്ട്………..
സന്ദേശം എന്ന എക്കാലത്തെയും പൂർണ സിനിമയിലെ
ശങ്കരാടി ചേട്ടന്റെ കുമാര പിള്ള സാറിനെയും, ശ്രീനിവാസന്റെ പ്രഭാകരനെയും, ബോബികൊട്ടാരക്കരയുടെ ഉത്തമനെയും, ഓർക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല, അതിലെ പഞ്ച് ഡയലോഗ് പോലെ,
വർഗ്ഗാതിപത്യവും കൊണോളിയലിസ്റ്റ് ചിന്താ ശരണിക ളും റാഡിക്കലായിട്ടുള്ള മാറ്റങ്ങളൊന്നും കൊണ്ടുവരാനില്ല……………. പക്ഷെ
പ്രതിക്രിയാവാതകവും, കൊളോണിയലിസ്സവും, എന്നൊക്കെ പറഞ്ഞു വെറുതെ കൺഫ്യൂഷൻ ഉണ്ടാക്കി വോട്ടു പിടിക്കുന്നവരും ഉണ്ടായിരുന്നു.
ബൂർഷ്വസികളെ തറപറ്റിക്കണം എന്ന് പറഞ്ഞു തക്കം പാർത്തിരിക്കുകയായിരുന്നു വേറെ കുറെ പേർ,
അവർ ഒരു 10 പൈസ പോയിന്റ് എടുത്തങ് അലക്കി…..
അതൊരു യാഥാർഥ്യം
അന്ന് കാവനാട് മുതൽ കരിക്കോട് വരെ, കൈയ്യിലൊരു പുസ്തമുണ്ടോ, 10 ps പോയിന്റ് ആയിരുന്നു പ്രൈവറ്റ് ബസിൽ.
രാത്രിയുടെ അന്ത്യ യാമത്തിൽ ഒരുമിച്ചിരുന്നു ദിനേശ് ബീഡി വലിക്കയും, പുട്ടടിക്കയും, കൊച്ചാപ്പിയുടെ ബോഞ്ചി കുടിക്കയും ഒക്കെ ചെയ്യുമെങ്കിലും
അച്ചടക്കം ഇല്ലാതെ പെരുമാറിയാൽ അറിയാല്ലോ
ഞങ്ങൾ അത് പഠിപ്പിക്കും എന്നായി
ആരും മുതിർന്ന ക്ലാസ്സിലെ ബുദ്ധിജീവികളേ ചോദ്യം ചെയ്യാൻ ധൈര്യ പെട്ടിരുന്നില്ല.
ഉൾപാർട്ടി ജനാതിപത്യം അനുവദിച്ചിട്ടുണ്ട്
പക്ഷെ ബെൻസിൽ കൊള്ളുന്ന വർത്തമാനം പറഞ്ഞാൽ
ചോദിച്ചിരിക്കും
ഗുരുതരമായ ആരോപണങ്ങൾ ചാർത്തിയതിനെ എങ്ങിനെ നേരിടണം എന്ന്
ക്രിയാത്മകമായി ചർച്ച ചെയ്യാനായി പതിനെട്ടര കമ്പനിയിലെ സുൽത്താന്മാർ കരിക്കോട്ടൂ നിന്ന് ആന വണ്ടി കയറി, പാർവതി മില്ലിന്റെ അടുത്തെത്തുമ്പോൾ ഡ്രൈവർ ബ്രേക്ക് ഒന്ന് താങ്ങും, അപ്പോൾ ചാടി ഇറങ്ങി
വെച്ച് പിടിച്ചു സുദർശൻ ഹോട്ടലിലേക്ക്
അവിടെ മാത്രമുള്ള തണുപ്പുള്ള ഇരുട്ട് മുറിയിൽ കയറി ഇരുന്നു
ഓരോരുത്തരായി ഘോരഘോരം വാദങ്ങൾ നിരത്തി
ഇതിന്റെ ഇടയ്ക്കു
വെള്ള ഉടുപ്പും തൊങ്ങലു വെച്ച തൊപ്പിയും അരപ്പട്ടയും ഇട്ടു വന്ന സപ്പ്ളയർ പയ്യൻ, ഓരോ അണ്ണന്മാരുടെയും അടുത്ത് ചെന്ന്
കൊല്ലം സ്റ്റേഷനിൽ വേണാട് പിടിക്കുമ്പോ പ്ലാറ്റഫോമിൽ കേൾക്കുന്ന BGM ഉണ്ടല്ലോ കാപ്പി, കാപ്പിയെ, ചായ, ചായേ, വടൈ, പരിപ്പുവടയ് അങ്ങനെ എന്തൊക്കെയോ ഐറ്റംസ് പറഞ്ഞു
എല്ലാവരും ഓരോന്നിനായി തലകുലുക്കി
സാധനങ്ങൾ പ്ലേറ്റുകളിലെത്തി
കൈ പൊങ്ങിയപ്പോഴെല്ലാം വാ തുറന്നു
ഉറച്ച തീരുമാനങ്ങൾ എടുത്തു
RSP-യുടെ അനിഷേധ്യ നേതാവിന്റെ കണ്ണിലുണ്ണിയായ മകൻ ആദ്യം ഇറങ്ങി
അളിയാ അപ്പച്ചൻ നോക്കിയിരിക്കും
എല്ലാം പറഞ്ഞ പോലെ
സപ്ലയർ ആദ്യം മുതലേ കൂട്ടത്തിലെ ധാര്ഷ്ട്രക്കാരനായ നേതാവിനെ ആദരവോടെ നോക്കിയിരുന്നു, ബാക്കി എല്ലാവരും സാധാ ഉടുപ്പ് , പുള്ളിക്കാരൻ ഒരു ചെത്ത് മഞ്ഞ ടി ഷർട്ട് അതിലെഴുതിയിരുന്നതോ LONDON UNDERGROUND
അപ്പോൾ ഇദ്ദേഹം തന്നെ ആണിവരുടെ നേതാവ്
എന്നുറപ്പിച്ചു
കൈ കഴുകി തിരിഞ്ഞപ്പോൾ
ആളിന്റെ കൈയ്യിൽ ഒരു ഡയറി പോലത്തെ മടക്കു പുസ്തകത്തിൽ രസീത് കൊടുത്തു.
പുള്ളിക്കാരൻ തുറന്നു നോക്കാതെ മേശയിൽ വെചു,
മച്ചാൻ അതെടുത്തു അടി മുതൽ മുടി വരെ വായിച്ചു, അവസാനത്തെ അക്കങ്ങൾ കണ്ടിട്ട് ഒന്ന് ഇളകി ഇരുന്നു,
എല്ലാവരും ഓർത്തു മറ്റവന്റെ കൈയ്യിൽ കാണുമെന്നു
എല്ലാവരും കൂടി
മുച്ചീട്ടു കളിക്കുന്നവരെ പോലെ ഇടുകയും വെട്ടുകയും ഒക്കെ ചെയ്തിട്ടും 20 രൂപയുടെ കുറവ്
പിന്നെ 2 കൊച്ചിക്കാരും കൂടി ഓട്ടോറിക്ഷ വിളിച്ചു മുണ്ടക്കലുള്ള S N Women’s College പ്രിൻസിപ്പലി-ന്റെ വീട്ടിലേക്കു വിട്ടു
രാത്രി 11 മണി
കതകിൽ മുട്ടി
30 ചോദിച്ചു
ഒന്നും മിണ്ടാതെ പ്രിൻസിപ്പൽ
കൊടുത്തു
കതകടച്ചു
അന്ന് ഉറപ്പിച്ചു
ഇനി തിന്നുന്നതിനു മുന്നേ
സഹമുറിയന്റെ കീശ തപ്പിയിരിക്കണം…
തുടരും……………..
1 comment(s)