പരീക്ഷ എന്ന കുട്ടിച്ചാത്തനെ പിടിച്ചു കെട്ടാൻ പലർക്കും പല അടവുകളായിരുന്നു, പല പല ഒടിവിദ്യകൾ;
ക്ലാസ് പരീക്ഷയുടെ കരാളഹസ്തങ്ങളിൽ പെട്ട് നിരന്തരമായി പൊറുതി മുട്ടുന്നവർക്കു, സെഷനൽ മാർക്ക് നഷ്ടപ്പെടാൻ പറ്റില്ലായിരുന്നു
നിലമേൽ നിന്നൊരു ബെൻസ് കാർ……………………..
അതിൽ ചെത്തി, മിനുങ്ങി, നടന്ന ഞങ്ങളുടെ എല്ലാം പ്രിയങ്കരനായ,
സുന്ദരനും, സുമുഖനും, സിംപ്ലനും, സുസ്മേരവധനനും, സിനിമ തലയ്ക്കു പിടിച്ചു, പ്രേം നസീർ എന്ന നിത്യഹരിത നായകനെ ആരാധിച്ചു,
കോളേജിന്റെ വീതിയുള്ള വരാന്തകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നവാസിന്, സത്യമായും സിവിൽ എൻജിനിയറിങ് അരച്ച്, കലക്കി, കുടിച്ചു കെട്ടിടമോ പാലമോ പണിയുന്ന ഒരു എഞ്ചിനീയർ ആവാൻ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല.
ഏതെങ്കിലും ഒരു വിദ്യാർത്ഥിയെ കാണുമ്പോൾ വാധ്യാന്മാര്കും കുസൃതിയിൽ പൊതിഞ്ഞ നിർദോഷമായ പുഞ്ചിരി വരുമെങ്കിൽ അത് നവാസിനെ കാണുമ്പോൾ മാത്രം ആയിരുന്നു.
പുള്ളിക്കാരൻ ബെൻസ് കാറുമായി ഒന്ന് ജയിച്ചു കിട്ടാനായി കൈ വിട്ടു പോകുന്ന ഉത്തര കടലാസ്സുകൾക്കൊപ്പം പറക്കാനും തയ്യാറായിരുന്നു.
പുള്ളിക്കാരൻ ഒരു സ്വപ്നാടകൻ ആയിരുന്നു
ഇപ്പോഴെങ്ങാനും ആയിരുന്നേൽ എത്ര കുട്ടി സിനിമകൾ പിടിച്ചേനെ; നായകനും നായികയും ആയേനെ, പുള്ളിക്കാരൻ ഒരിക്കൽ യൂണിവേഴ്സിറ്റി തലത്തിലുള്ള ഫാൻസി ഡ്രസ്സ് മത്സരത്തിന് ഒരു സൈഡ് ആണും, മറ്റേ സൈഡ്പെണ്ണുമായി ഒരുങ്ങി ഒന്നാം സമ്മാനം വാങ്ങിയിട്ടുണ്ട്.
ഒരു സിനിമയിൽ അഥിതി വേഷത്തിൽ അഭിനയിച്ചത് ഞാൻ കാണുകയും ചെയ്തു.
ഉപ്പക്കും ഉമ്മക്കും നല്ല കാശുണ്ടായിരുന്നു, നവാസിന്റെ ഇക്കയും കുട്ടികളുടെ ഇടയിൽ ഒരു താരം ആയിരുന്നു.
തിരുവന്തപുരത്തെ ‘താരാ’ ഹോട്ടൽ പുള്ളിക്കാരന്റെതായിരുന്നു.
ഒത്തിരി ഒത്തിരി സ്നേഹമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട നവാസ്, ബെൻസ് നവാസ്.
എനിക്കും നവാസിനും ഒരേ പോലത്തെ ഒരു കറുപ്പും വെളുപ്പും ചെക്ക് ഉടുപ്പുണ്ടായിരുന്നു, ആ ഒരൊറ്റ ഉടുപ്പൊഴിച്ചാൽ, നവാസിന്റെ ഉടുപ്പുകൾക്കൊക്കെ തന്നെ ഒരു ഈസ്റ്റ് മാന് കളർ ടോൺ ആയിരുന്നു.
ഒരിക്കൽ ഞാനും എന്റെ അമ്മയും അപ്പയും എല്ലാരും കൂടി ഒരു പെരുന്നാളിന് നിലമേൽ നവാസിന്റെ വീട്ടിൽ പോയി.
നവാസിന്റെ വീട് ഒരു ട്രാൻസ്പോർട് ബസ് സ്റ്റാൻഡ് പോലെ നീണ്ടു നിവർന്നു കിടന്ന ഒന്നായിരുന്നു, മുറ്റം നിറയെ മുന്തിയ വണ്ടികളും, അവരുടെ ഉപ്പാക്ക് ബിസിനസ് ആയിരുന്നു, നവാസിന്റെ ഉപ്പ അവരുടെ തൊഴിലാളികളുമായി ഇരുന്നാണ് പെരുന്നാളിന്റെ നെയ്ച്ചോറും കോഴിപൊരിച്ചതും കഴിക്കാറ്, അവിടെ ചെന്നപ്പോൾ ഞങ്ങളും കൂടി; അവരുടെ കൂടെ,
സ്നേഹമുള്ള, നാട്യമില്ലാത്ത, ശുദ്ധാത്മാക്കൾ.
ഞങ്ങളുടെ പഴയ മോറിസ് മൈനർ വണ്ടി കുന്നിന്റെ മുകളിലോട്ടു പതിയെ പതിയെ ഉരുണ്ടു കയറിയപ്പോൾ രണ്ടു സൈഡിലും പച്ച നിറത്തിലുള്ള തൂണുകൾ, ഒന്ന് രണ്ടല്ല വഴിയുടെ രണ്ടു സൈഡിലും, ഇതിപ്പോ ഞങ്ങൾ വരുന്നത് പ്രമാണിച്ചു………………………,
സന്ദേശം സിനിമയിലെ യശ്വന്ത് സഹായിക്കു വേണ്ടി, പൊതുവാൾ നാട്ടിയ, പ്രകാശന്റെ വീട്ടിലെ കവുങ്ങു പോലെ????
വിശാലമായ മുറ്റത്തെത്തി കാറിൽ നിന്ന് ചാടി ഇറങ്ങി മാനത്തോട്ടു നോക്കിയപ്പോൾ അമ്പരപ്പോടെ വാ പൊളിച്ചു നിന്ന് പോയി ,നവാസിന്റെ നിറങ്ങളോടുള്ള അതിയായ അഭിനിവേശം കാരണം വീടിന്റെ മുന്നിലുള്ള സകലമാന “നാരിയൽ കാ പാനി കീ തെങ്ങിനും” നല്ല പച്ച പെയിന്റ്, അടിമുതൽ മണ്ട വരെ അടിച്ചു വെച്ചിരിക്കുന്നു . …ഇന്നും ഞാൻ ചിരിച്ചു മൂക്ക് കുത്തുന്ന ഓർമ്മയാണത്.
അന്ന് ഉമ്മ എന്നോട് പറഞ്ഞു, മോളുടെ കാര്യം അവനിവിടെ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്, മോൾക്കും അവനും പലപ്പോഴും ക്ലാസ് പരീക്ഷക്കു ഒരേ മാർക്ക് ആണെന്ന്……ചിലതിനൊക്കെ മോളെകാട്ടിൽ കൂടുതലും ….
കേട്ടറിവുള്ളതും, കണ്ടറിഞ്ഞതും, അനുഭവിച്ചറിഞ്ഞതുമായ, ചില നുറുങ്ങു വിദ്യകൾ; തീർത്തും വൈവിധ്യമേറിയ അനുഭവങ്ങൾ ഇവിടെ പറയാം.
ക്ലാസ് പരീക്ഷകളുടെ മാർക്ക് വരുമ്പോൾ എന്റെ ഓര്മ ശരിയാണെങ്കിൽ മിക്ക വിഷയത്തിനും 19/20 വരെ സെഷനൽ വാങ്ങുന്ന മിടുമിടുക്കരായ വിദ്യാർത്ഥികളുണ്ടായിരുന്നു ഒഴപ്പന്മാരുടെ കൂട്ടത്തിൽ. എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയിരുന്നില്ല, പഠിച്ചും പഠിപ്പിച്ചും പരീക്ഷയെ സ്നേഹിച്ച എനിക്ക് ക്ലാസ് പരീക്ഷ കഴിഞ്ഞാൽ കൂടിയാൽ 15/20 കിട്ടും ഇവർക്കൊക്കെ 19/20.
അങ്ങനെ ചില വിഷയങ്ങളിൽ ഇവർക്ക് മുന്തിയ മാർക്കും; മറ്റു ചില വിഷയങ്ങൾക്ക് ഒരു കൈയ്യിലെ വിരലിൽ എണ്ണാവുന്ന മാർക്കും. മാർക്ക് ഇടുന്ന സാറന്മാർ ഞെട്ടി വിറങ്ങലിച്ചിട്ടുണ്ട്.
എന്നാൽ വലിയ പരീക്ഷ വരുമ്പോൾ മിക്കവാറും ഇവരൊക്കെ സപ്ലി കുത്തിയിരിക്കും
അപ്പോൾ പിന്നെ എങ്ങനെ ആണീ ക്ലാസ് പരീക്ഷക്ക് സുനിശ്ചിത വിജയം കൈ വരിക്കുക…
ഇന്നത്തെ പോലെ അല്ലല്ലോ അന്നൊന്നും…..
പറയാം ധൃതി പിടിക്കല്ലേ …
പക്ഷെ ആ ഒരു തീപ്പൊരി ഇന്നും ഞാൻ ഓർക്കും, പഴയ ക്രെഡിറ്റ് കാർഡ് നശിപ്പിക്കുമ്പോൾ, എന്തെങ്കിലും രേഖകൾ കീറി കളയണ്ട വരുമ്പോൾ
പ്രത്യേകിച്ച് രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ, ഇപ്പോഴാണെങ്കിൽ Passwords എവിടെയെങ്കിലും എഴുതി വെച്ചത് നശിപ്പിക്കുമ്പോൾ… ഓർത്തോളൂ, ഗൗരവമുള്ള ഒരൊറ്റ രേഖ പോലും ചവറ്റുകൊട്ടയിൽ ഇടാൻ പാടില്ല.
ഓഫീസുകൾ വൃത്തിയാക്കുന്ന Cleaning Contract കമ്പനികൾ, വീട്ടിലെ Recycling Waste എടുക്കുന്ന കമ്പനികൾ ഇവരെ ഒക്കെ വളരെ സൂക്ഷിക്കണം.
പ്രത്യേകിച്ച് പൊട്ടിക്കാത്ത ബാങ്കിന്റെ കടലാസുകൾ, അല്ലെങ്കിൽ പൊട്ടിച്ചിട്ടുള്ള Statements, Credit Cards, Bills, Address Slips, ഒപ്പുകൾ, നമ്പറുകൾ, ചെക്കുകൾ എല്ലാം എല്ലാം
ഇതൊക്കെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം
Shredder ഉപയോഗിച്ചാൽ കൂടി അതെടുത്തു ഒട്ടിച്ചു വായിക്കുന്നവരുണ്ട്,
Criss Cross Shredder വേണം
എന്നാൽ മാത്രമേ രക്ഷയുള്ളൂ
Credit Cards- ന്റെ Signature, Name, Number, കത്രിക കൊണ്ട് മുറിച്ചിട്ട് പല സ്ഥലങ്ങളിലായി നിക്ഷേപിക്കണം.
ഞങ്ങൾ പഠിക്കുന്ന സമയത്തു സാറന്മാർ പരീക്ഷയുടെ ചോദ്യക്കടലാസ്സുകൾ ഓഫീസ് റൂമിൽ കൊടുക്കും. അത് Cyclostyle ചെയ്തു മുദ്രകുത്തി സാറന്മാരെ എൽപ്പിക്കുന്ന ജോലി കബീറിനാണ്.
അതിന്റിടെ ഒരു കാര്യം പറയാതെ വയ്യ, എനിക്കറിയാവുന്ന ആദ്യത്തെ സിനിമാനടന്മാരുടെയും നടികളുടെയും രസികസംഘ തലവനായിരുന്നു ഞങ്ങളുടെ നവാസ്
കുറ്റിച്ചിറ സ്റ്റാറിന്റെ ഏറ്റവും മുന്നിൽ തറയിൽ പോയിരുന്നു മുകളിലോട്ടു നോക്കി സീമ ചേച്ചി യെയും ഉണ്ണിമേരിയെയും കണ്ടു കണ്ണ് തള്ളാറുള്ള എന്റെ കൂട്ടുകാർ…
ഇടയ്ക്കിടെ തുറക്കുകയും അലക്ഷ്യമായി താഴോട്ടിടുമ്പോൾ വാപൊളിക്കയും ചെയ്യുന്ന മണി പഴ്സിന്റെ പ്ലാസ്റ്റിക് വലിപ്പിൽ പുള്ളിക്കാരൻ, സീമ ചേച്ചിയും, ഉണ്ണിമേരിയും, ഉമ്മർക്ക, പ്രേം നസീർ സർ മുതലായവരുടെ കൂടെ നിൽക്കുന്ന പടങ്ങൾ ഉണ്ടായിരുന്നു, അടുത്ത് നിൽക്കുക മാത്രമല്ല തോളിൽ കൂടെ കൈയുമിട്ടു നിൽക്കുന്ന പടങ്ങൾ.
നവാസിന്റെ ബെൻസിലൊന്നു കയറി പുള്ളിക്കാരൻ യഥേഷ്ടം കയറി ഇറങ്ങാറുള്ള പഞ്ച നക്ഷത്ര ഹോട്ടലുകളി ൽ പോയി ഇവരെയൊക്കെ ഒന്ന് കാണാൻ കൊതിക്കുന്ന, ആ ആഗ്രഹങ്ങൾ സ്വപ്നത്തിൽ കാച്ചിക്കുറുക്കി അയവിറക്കി നടന്ന കുറെ ശിങ്കിടികളും ഉണ്ടായിരുന്നു.
ഇവരൊക്കെ എന്ത് ചെയ്യാനും തയ്യാറായിരുന്നു, ഹോസ്റ്റലിലെ പട്ടികളുടെയും, പാമ്പിന്റെയും കടിയും കൊത്തും കൊണ്ടാലും വേണ്ടില്ല, പരീക്ഷയുടെ തലേന്ന് ഇവർ “കന്നാസും, കടലാസുമായി” രൂപം പ്രാപിക്കുന്നു, കുട്ടൻ ചേട്ടൻ ഓഫീസിലെ വേസ്റ്റ് , വർക്ഷോപ്പിന്റെ പുറകിലുള്ള കുപ്പക്കൂനയിൽ നിക്ഷേപിക്കും. മൂവന്തി നേരത്തു മതില് ചാടി, കൈലി മുണ്ടു തല വഴിയേ ഇട്ടു കുത്തിയിരുന്ന് അതിൽ നിന്ന് Cyclostyle Stencil പേപ്പറുകൾ മുഴുവൻ പെറുക്കി എടുക്കുന്നു,
പാവം കബീറിന് അറിയില്ലല്ലോ…………!!!!!
പിന്നെ ഈ പൊതിയാ തേങ്ങാ കിട്ടിയിട്ട് പുള്ളിക്കാരന് വലിയ കാര്യമൊന്നുമില്ല
ഉത്തരം വേണ്ടേ
അത് ഒരു ചരിത്ര സംഭവം
ചുരുട്ടി കൂട്ടിയ Stencil Paper നേരെ ചൊവ്വേ പകർത്താൻ പെടുന്ന പാടു ചില്ലറ ആവില്ല
ഒന്ന് വിഷയത്തിനെ പറ്റി യാതൊരു ഗ്രാഹ്യവുമില്ല
എന്നാലും ആ പേപ്പറുകൾക്കിടയിൽ നിന്ന് കിട്ടുന്ന വിഷയങ്ങളുടെയെല്ലാം ചോദ്യ കടലാസെടുത്തു എങ്ങനെയും പകർത്തി മുതിർന്നവരുടെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കും
പിന്നെ എങ്ങനൊക്കെയോ അത് കാണാതെ പടിക്കും, പരീക്ഷ ഹാളിൽ കയറുന്നതും ചോദ്യ കടലാസു കിട്ടുന്നതിന് മുന്നേ പേപ്പറിലോട്ടെഴുതും
ഓർമ്മ ആവിയായി പോകുന്നതിനു മുന്നേ
അവസാനമേ ഉത്തരങ്ങളുടെ നമ്പർ പോലും ഇടുകയുള്ളൂ, വിശദീകരണം വേണ്ടാത്ത സംഭവങ്ങൾ
പിന്നെ ഇതൊക്കെ ദോഷമില്ലാത്ത നമ്പറുകൾ; എങ്ങനെയും ജീവിച്ചു പോകണമല്ലോ അത്രേ ഉള്ളൂ
ക്ലാസ്സിലെ എല്ലാവരും ജയിച്ചു കാണാൻ ഞങ്ങൾക്കെല്ലാം വലിയ താല്പര്യമായിരുന്നു
അത്രയ്ക്ക് സ്നേഹവും സാഹോദര്യവും ആയിരുന്നു ഞങ്ങൾക്കിടയിൽ സത്യം ഇതിനൊന്നും ആരും പാര വെച്ചിരുന്നില്ല
പാരകൾ വെച്ച ഒത്തിരി ഒത്തിരി കാര്യങ്ങൾ വേറെ കിടക്കുന്നു
പാരകളുടെ പരമ്പരകൾ
എന്റെ പേർ “ B” യിൽ തുടങ്ങുന്നത് കാരണം ആലിസ് കഴിഞ്ഞാൽ ആദ്യമേ തന്നെ ആണ് സ്ഥാനം, ആൺകുട്ടികളാണ് ചുറ്റും. Drawing Hall -ൽ പരീക്ഷ നടക്കുമ്പോൾ ഒരു Drawing Board-ന്റെ ചുറ്റും ഒരു മീറ്റർ ചുറ്റളവിൽ ഇടയുണ്ട്
6 മാസം പഠിച്ചതും, പഠിക്കാത്തതും 2.5 മണിക്കൂർ കൊണ്ട് എഴുതി തീർത്തു എല്ലാം നേടിക്കളയാം എന്ന് വിശ്വസിക്കാത്ത ഒരു സ്നേഹകൂട്ടമായിരുന്നു അന്നൊക്കെ, എല്ലാവരും എങ്ങനെയും ജയിക്കട്ടെ എന്ന് മാത്രം ആയിരുന്നു ചിന്ത. കൂടെയുള്ള സഹമുറിയന്മാർ ചോദിക്കുമ്പോൾ കാണിച്ചു കൊടുക്കാൻ പേപ്പർ താഴോട്ടു നീക്കി വെച്ചും, പരീക്ഷ എഴുതി തീർന്നിട്ടും ഹാളിൽ നിന്നും , പിന്നെ ഒരു സൈഡിലോട്ടു മാറി നിന്നെഴുതിയും. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സാറിനെ “ശൂ, ശൂ” എന്ന് വിളിച്ചു വരുത്തിയിട്ട് എന്തെങ്കിലും അർത്ഥമില്ലാത്ത സംശയങ്ങൾ ചോദിച്ചും, ആ നേരം കൊണ്ട് രക്ഷപെടുന്നവർ രക്ഷപെട്ടോട്ടെ എന്ന് കരുതി ഒരു സഹകരണഅടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്തിരുന്ന കുറെ പേര് എന്നും ഉണ്ടായിരുന്നു. ഇതിൽ ചിലരെങ്കിലും വാധ്യാന്മാരായി, പുറം രാജ്യങ്ങളിൽ വലിയ നിലയിലുള്ള പ്രൊഫസർമാരായി. ഇവർക്കാർക്കും ഒരിക്കലും കുട്ടികളുടെ ചുറ്റികളികൾ മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടായി കാണില്ല ഒരിക്കലും…
കാലം മാറി, കഥ മാറി Cyclostyle എന്ന് പറഞ്ഞാൽ എന്താണെന്നു അറിയാത്ത പുതിയ തലമുറ, പരീക്ഷാ സമ്പ്രധായങ്ങൾ കീഴടക്കി!!!
നവാസ് എന്ന് കേട്ടാൽ മനസ്സ് തരളിതമാകാത്ത ഒരു വിദ്യാർത്ഥിയും അന്നുണ്ടായിരുന്നില്ല, ഓമനത്തമുള്ള ഒരു വ്യക്തിത്വമായിരുന്നു നവാസിന്റേത്. ഞങ്ങൾ കൂട്ടുകാർക്കു എല്ലാവര്ക്കും ഇതൊരു വേദനിക്കുന്ന ഓർമ്മ ആണ്
പുള്ളിക്കാരന്റെ ഓർമ്മകൾ എന്നും ഞങ്ങളുടെ ഓരോരുത്തരുടെയും ആത്മാവിൽ പ്രപഞ്ചത്തോളം നിറഞ്ഞു നിൽക്കും …ഞാൻ പലപ്പോഴും നവാസ് എന്ന മനുഷ്യ സ്നേഹിയെ, ജീവിത സ്നേഹിയെ പറ്റി ഓർക്കാറുണ്ട് , ഉണ്ടായിരുന്നെങ്കിൽ എന്ന്ആഗ്രഹിക്കാറുണ്ട്, പുഞ്ചിരിയിൽ പൊതിഞ്ഞ കണ്ണുനീരോടെ ….
Leave A Comment