Sessional Marks-ന്റെ അവസാന കണ്ണിയാണ് ക്ലാസ് പരീക്ഷ
കോളേജിൽ നടത്തുന്ന, അതാതു ഡിപ്പാർട്മെന്റിലെ, നമ്മളെ പഠിപ്പിക്കുന്ന സാറന്മാർ തയ്യാറാക്കുന്ന ചോദ്യ കടലാസുകൾ:
യൂണിവേഴ്സിറ്റി പരീക്ഷയെ ഓർമപ്പെടുത്തുന്ന ഒരു സാമ്പിൾ വെടിക്കെട്ടു
ഇതിനുള്ളത് 20 മാർക്ക്
ഇത് കൈ വിട്ട കളിയാണ്, കാരണം പരീക്ഷ എഴുതുന്ന സമയം, നമ്മൾക്ക് തുണ നമ്മൾ മാത്രം.
ഓരോരുത്തരും തനിയെ ആണ് (എന്നാണ് വെയ്പ് അത് വഴിയേ പറയാം)
“പരീക്ഷ” എന്നാൽ അറിവ് അളക്കുന്ന പ്രക്രിയ എന്നു പറയാം.
പലർക്കും അത് അറിവ് അറക്കുന്ന മലപ്പുറം കത്തിയോ, വടിവാളോ മറ്റോ ആയിരുന്നു….ആകെ മൊത്തം ഒരു ഭയം പിടിപെടുന്ന അവസ്ഥ
അവസാന നിമിഷം കാണാതെ പഠിച്ചതൊന്നും തന്നെ തലയിലും മനസ്സിലും നില്കാത്തവർ ; വിഷയങ്ങളിൽ അടിസ്ഥാനമില്ലാത്ത അപകടകരമായ അവസ്ഥ.
“DEBILE FUNDAMENTUM FALLIT OPUS” അടിസ്ഥാനം കെട്ടുറപ്പുള്ളതല്ല എങ്കിൽ, പണി പാളും.
അതാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്
എന്തെങ്കിലുമൊക്കെ കാണാതെ പഠിച്ചെഴുതി പ്രീഡിഗ്രിയും, പത്തും പാസ്സായ പോലെ പറ്റുന്ന കാര്യമാണോ എഞ്ചിനീയറിംഗ്
ഇവിടെ ആണ്, അതി പ്രഗത്ഭരായ അദ്ധ്യാപകരുടെ സ്ഥാനം
ഞങ്ങൾ ഭാഗ്യമുള്ളവരായിരുന്നു .
ഞങ്ങളെ പഠിപ്പിച്ചിരുന്ന 90% വാധ്യാന്മാരും ഒന്നിനൊന്നു മെച്ചമായിരുന്നു.
ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ഓർക്കാതിരിക്കാൻ പറ്റില്ല. അവർ ഓരോരുത്തരെ പറ്റിയും പറയുമ്പോൾ മാത്രമേ ഞങ്ങളുടെ കോളേജിലെ അന്നത്തെ പല സാറന്മാരുടെ മനസ്സിന്റെ വലുപ്പവും അവരുടെ ആത്മാര്ഥതയും കുട്ടികളോടുള്ള പ്രതിബദ്ധതയും മനസ്സിലാവുള്ളൂ
ഞങ്ങൾ പഠിച്ച കാലഘട്ടം 1977 – 1982 ഞങ്ങൾക്കെന്നും, ഞങ്ങളുടെ കോളേജിന്റെ സുവർണ കാലഘട്ടം ആയിരുന്നു
പരീക്ഷ പലർക്കും ഒരു പേടി സ്വപ്നമായിരുന്നു
കാരണം
നേരത്തിനും കാലത്തിനും ക്ലാസ്സിൽ വരാറില്ല
വന്നാൽ തന്നെ സാറന്മാര് പറയുന്നത് ശ്രദ്ധിക്കാറില്ല
എന്നാൽ പിന്നെ വീട്ടിലോ ഹോസ്റ്റലിലോ പോയിരുന്നു പഠിക്കുമോ അതുമില്ല
ക്ലാസ് വിട്ടാൽ നൂറു കൂട്ടം കാര്യങ്ങൾ ആണല്ലോ
പിന്നെ പരീക്ഷയുടെ തൊട്ടു മുന്നേ; നേരെ ചൊവ്വേ പഠിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ വേറെയും…
സാധനം കൈയ്യിൽ ഉണ്ടാവില്ല: എന്നു വെച്ചാൽ പുസ്തകം അല്ലെങ്കിൽ നോട്ട്, പിന്നെ ഏതാണ്, എന്താണ്, പടിക്കണ്ടതെന്നോ, എവിടന്നു എവിടം വരെ ആണ് പടിക്കണ്ടതെന്നോ ഒരു ഗ്രാഹ്യവും ഉണ്ടാവില്ല; എന്നാൽ വലിയ പരീക്ഷക്ക് മുന്നേ കിട്ടേണ്ട Sessional marks കളയുന്നത് ബുദ്ധിയുമല്ല.
കോളേജ് ജീവിതത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള പല ഇനത്തിൽ ഒരു ഇനമായിരുന്നു “പരീക്ഷ”
എനിക്കാണേൽ പരീക്ഷയോടു അതിയായ പ്രതിപത്തി ആയിരുന്നു. “ബലഹീനത” എന്ന് തന്നെ പറയാം
ഇന്നും ഒരു ചോദ്യാവലി കിട്ടിയാൽ, അതിപ്പോൾ ഇൻഷുറൻസ് FORM ആണേലും വേണ്ടില്ല കുത്തിയിരുന്ന് ഒറ്റ അടിക്കു പൂരിപ്പിച്ചു തീർക്കും.
പരീക്ഷ എഴുതുന്ന പോലെ
സംസാരിക്കാതെ ഓടിനടക്കാതെ അടങ്ങി ഒതുങ്ങി ഒരിടത്തിരിക്കുമല്ലോ .. സിനിമയുടെ റീല് പോലെ ഓരോന്നായി, ഇങ്ങനെ പ്രെസ്സിലെ ബൈൻഡ് ചെയ്യുന്ന ചരട് അഴിയുന്നു പോലെ ഓർമ്മകൾ അഴിഞ്ഞഴിഞ്ഞു വരും
അതെല്ലാം കടലാസ്സിൽ എത്രയും പെട്ടെന്ന് പകർത്തിയിട്ടു ഒന്ന് കൂടി വായിക്കാതെ എത്രയും പെട്ടെന്ന് ഇറങ്ങി ഓടും
സത്യത്തിൽ പരീക്ഷയോടുള്ളതിനേക്കാൾ, അതിനു വേണ്ടിയുള്ള തയാറെടുപ്പിനോടായിരുന്നു എന്റെ ഭ്രമം
കാരണം പലതാണ്
പഠിപ്പിക്കാനുള്ള അവസരം
ഞാണിന്റെ ഒരറ്റത്ത് മതിലും മറ്റേ അറ്റത്തു അങ്ങുമിങ്ങും രണ്ടു പേർക്ക് മിണ്ടാവുന്ന കറുത്ത കുന്ത്രാണ്ടം എന്നു വീട്ടിൽ വന്നോ, അന്ന് മുതലേ എന്റെ ജോലി പഠിപ്പിക്കലായിരുന്നു…
പഠിപ്പിക്കുമ്പോൾ, മറ്റുള്ളവരുടെ സംശയങ്ങൾ ദുരീകരിക്കുമ്പോൾ നമ്മൾ പഠിക്കുന്നു; ഒരിക്കലും മറക്കാത്ത വണ്ണം വിഷയങ്ങൾ നമ്മുടെ തലയിലെ കോശങ്ങളിൽ പതിയുന്നു…
സ്കൂളിൽ നിന്ന് വന്നാലുടൻ തന്നെ എന്റെ പ്രിയ കൂട്ടുകാരികളെ കൊണ്ട് ഗൃഹപാഠം ചെയ്യിപ്പിക്കുക, പരീക്ഷക്ക് പഠിപ്പിക്കുക ഇതൊക്കെ ആയിരുന്നു എന്റെ പ്രധാന ജോലി
പഠിപ്പിക്കുമ്പോൾ ഞാൻ പെട്ടെന്നെല്ലാം പഠിക്കുന്നു എന്ന രഹസ്യം എന്റെ അപ്പക്കും അമ്മയ്ക്കും സ്കൂള് മുതലേ അറിയാമായിരുന്നു. അതുകൊണ്ടു എന്റെ കൂടെ പഠിക്കുന്ന ആർക്കും എപ്പോഴും എന്റെ വീട്ടിൽ കയറി വരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു
കൊടുക്കും തോറും ഏറിടും; വിദ്യ തന്നെ മഹാധനം
പഠിച്ചു പാസ്സാവാൻ ഇച്ചിരി ആൾ താമസം വേണം
ഒത്തിരി അച്ചടക്കം വേണം
ജയിച്ചില്ല എങ്കിൽ വീട്ടിൽ കയറാൻ പറ്റില്ല എന്ന ഒറ്റ കാരണത്താൽ അവസാന നിമിഷം എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ എന്നന്വേഷിക്കുന്ന കുറച്ചു പേര്, അവരാണ് എന്റെ അടുത്ത കൂട്ടുകാർ
കംബൈൻഡ് സ്റ്റഡി (Combined Study)
സത്യത്തിൽ എനിക്ക് ഇതൊരു വലിയ ഉത്തരവാദിത്വമായിരുന്നു
പക്ഷെ വരുന്ന പല വില്ലന്മാർ കൂടുതലും, നിർലോഭമായി കിട്ടുന്ന ഭക്ഷണം മാത്രം കണ്ണ് വെച്ച് വരുന്നവർ…
അച്ചപ്പം, കുഴലപ്പം, മുറുക്ക്, കേക്ക്, ബിസ്ക്കറ്റ്, ചക്ക വിളയിച്ചത് , പ്രഷർ കുക്കറിലെ 5 മിനിറ്റ് ബിരിയാണി, കരുപെട്ടി കാപ്പി എല്ലാ വിധ അച്ചാറുകൾ ഇത്യാദി ഭക്ഷണ പദാർത്ഥങ്ങൾ .. എവിടെ ഇരിക്കുന്നു എന്നു എന്നേക്കാൾ നിശ്ചയമുള്ള എന്റെ പ്രിയ കൂട്ടുകാർ ..
പഠിക്കാനുള്ള ആഗ്രഹത്തിനേക്കാൾ എങ്ങിനെ ചുളുവിന് പരീക്ഷ പാസ് ആകാം എന്നുള്ള ഒറ്റ ഉദ്ദേശത്തോടെ എത്തുന്നവർ .
അപ്പയുടെ ചാരുകസേരയുടെ കാലിൽ ഘടിപ്പിച്ച തടി പലകയാണെന്റെ പഠിപ്പിക്കൽ പീഠം അതാവുമ്പോൾ എനിക്ക് വരാന്തയിൽ ഇരിക്കാം, ചുറ്റും ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ചൂരലിന്റെ കൊച്ചു മൂടയിൽ എല്ലാവര്ക്കും നിരന്നിരിക്കാം എഴുതുന്നതെല്ലാം കാണുകയും ചെയ്യാം, പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന അമ്മയ്ക്കും അപ്പക്കും ഞങ്ങളുടെ മേൽ ഒരു നോട്ടവും ഉണ്ട്
ഇതൊക്കെ നേരത്തെ തീരുമാനിച്ചുറച്ച സജ്ജീകരണങ്ങളാണ്.
പക്ഷെ ഞങ്ങളോട് പറഞ്ഞത്
കാറ്റൊണ്ട്, വെളിച്ചമുണ്ട്, പിന്നെ അരമതിലിൽ കൊറിക്കാനും തിന്നാനുമുള്ളതു വെക്കാനിടമുണ്ട് എന്നൊക്കെയാണ്
ഇന്നിപ്പോൾ ആലോചിക്കുമ്പോൾ അറിയാം അവർ എന്തിനാണ് അങ്ങനെ ഞങ്ങളെ അവിടെ ഇരുത്തിയത് എന്നു.
റോങ്ങ് ആയിട്ടൊന്നും ചെയ്യാനും പാടില്ല, അങ്ങനെ ഓർക്കാനുള്ള അവസരം ഉണ്ടാകാനും പാടില്ല
എന്റെ ‘അമ്മ ഒരു സംഭവം തന്നെ ആയിരുന്നെ
ഞാനാണേൽ എങ്ങനെയും ഇവരെ പഠിപ്പിച്ചു ജയിപ്പിക്കണം എന്ന കടുത്ത ദൃഢനിശ്ചയം വച്ച് പുലർത്തിയ ഒരു സഹവിദ്യാര്ഥിയും
പരീക്ഷയുടെ ടൈം ടേബിൾ കിട്ടിക്കഴിഞ്ഞാൽ അതിനു മുന്നേയുള്ള 10 ദിവസം ഓരോ വിഷയവും പഠിക്കാനായി കൃത്യമായ സമയം തീരുമാനിച്ചു ടൈം ടേബിൾ ഉണ്ടാക്കും, working backwards, അങ്ങനെ 2 പ്രാവശ്യം എല്ലാ വിഷയവും ഓടിച്ചു വായിച്ചു പഠിച്ചു തീർക്കാനുള്ള ക്രമീകരണമായിരുന്നു എന്റെ ടൈം ടേബിൾ.
പരീക്ഷയുടെ തലേന്ന് പിറ്റേ ദിവസത്തെ വിഷയത്തിൽ കൊണ്ടെത്തിക്കും
ഓരോ വിഷയത്തിന്റെയും വലിപ്പവും, വ്യാപ്തിയും, കാഠിന്യവും അനുസരിച്ചു സമയം ക്രമീകരിക്കും, അതിന്റെ കൂടെ ചോദ്യ കടലാസിൽ നിന്ന് തിരഞ്ഞെടുത്ത ഏറെ സാദ്ധ്യതയുള്ള ചോദ്യങ്ങൾക്കു കുറച്ചു കൂടി ഊന്നൽ കൊടുത്തു എഴുതി പഠിപ്പിക്കും
അതിനു മുന്നേ തന്നെ മദ്രാസ് യൂണിവേഴ്സിറ്റിയുടെ കഴിഞ്ഞ കുറെ വർഷത്തെ Question Papers സംഘടിപ്പിക്കും, അത് വെച്ചിട്ടാണ് പഠിപ്പിക്കലും പടുത്തവും
അതിൽ പൊതുവായി വരുന്ന ചോദ്യങ്ങൾ എല്ലാം എടുത്തിട്ട് അത് പഠിപ്പിക്കുക, പിന്നെ എളുപ്പാണ്, പടിക്കത്തക്ക നോട്സ് ഉണ്ടാക്കുക, ഫോർമുല, തിയറം, ഡെറിവേഷൻ, ഇതൊക്കെ ഗൈഡ് പോലെ സംക്ഷിപ്തമാക്കി; അത് പഠിപ്പിക്കുക, അടിസ്ഥാനപരമായ മൂലസിദ്ധാന്തങ്ങൾ തലക്കകത്തു കുത്തി കയറ്റുക.
അവസാന നിമിഷത്തിൽ പിന്നെ വേറെ എന്ത് ചെയ്യാനാണ്
ഭക്ഷണം കാണിച്ചും കൊടുത്തും വേണം ഇതൊക്കെ നടത്താൻ
അങ്ങനെ പല പ്രാവശ്യം ചെയ്തിട്ട്, ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതാൻ ശ്രമിക്കുമ്പോൾ ഞാൻ പഠിക്കയായിരുന്നു, പിന്നെയും പറ്റാത്ത ചോദ്യങ്ങൾ ഉടനെ തന്നെ സൈക്കിൾ എടുത്തു സാറന്മാരുടെയും ടീച്ചർമാരുടെയും വീട്ടിൽ പോയി സംശയ നിവാരണം നടത്തി വീണ്ടും പഠിക്കുക
സത്യത്തിൽ എത്രയോ തവണ ഞാൻ ഓരോരുത്തരുടെയും വീട്ടിൽ പോയിരിക്കുന്നു
ഇങ്ങനെ, എങ്ങനെ എങ്കിലും പാസ്സാകാനുള്ള കഠിന പ്രയത്നം ആയിരുന്നു ആ ദിവസങ്ങളിൽ. ഈ രീതി 8 Semesters-ലെ എല്ലാ പരീക്ഷക്കും തുടർന്ന് കൊണ്ടിരുന്നു.
തുടരും…….
Leave A Comment