എന്റെ ‘അമ്മ എന്നെ പറ്റി പറയുന്ന ഒരു വിശേഷണമുണ്ട്
അപ്പന്റെ തനി സ്വഭാവം എന്തെങ്കിലും ഒരു പണി കിട്ടിയാൽ അതുടനെ തന്നെ എങ്ങനെയും ചെയ്തു തീർക്കണം
ഉറക്കവുമില്ല, ഊണുമില്ല ..
എന്റെ ജോലി തീർക്കാനുള്ള വ്യഗ്രതയും മറ്റുള്ളവരെ എങ്ങനെയും സഹായിക്കണം എന്നുള്ള അതിയായ മോഹവും കാരണം
ഏതു സാറോ, ടീച്ചറോ എന്ത് Assignment തന്നാലും അത് ഒറ്റ ദിവസം കൊണ്ടെഴുതി തീർക്കും.
ചിന്നക്കടയിലുള്ള പ്രഭാത് ബുക്ക് ഹൌസ്സിലെ റഷ്യൻ പുസ്തകങ്ങൾ ആയിരുന്നു എന്റെ ആശ്രയം; വളരെ കുറഞ്ഞ വിലക്ക് Paperback പുസ്തകങ്ങൾ ധാരാളം കിട്ടുമായിരുന്നു .
ആദ്യമായി സിമന്റ് മിക്സ് ചെയ്യുന്ന വണ്ടിയുടെ പടം കണ്ടതും, അങ്ങനെ പല തരം യന്ത്രസാമഗ്രികൾ ഉപയോഗിച്ചാണ് ലോകത്തിന്റെ പല ഭാഗത്തുള്ള നിർമാണങ്ങൾ നടക്കുന്നതെന്നു അറിയുന്നത് തന്നെ ആ പുസ്തകങ്ങളിൽ നിന്നാണ്. ആ പുസ്തകങ്ങൾ ആയിരുന്നു അന്നെന്റെ Google:
ഏതൊരു Assignment കിട്ടിയാലും പല പുസ്തകങ്ങൾ നോക്കി അതിനെ പറ്റി വായിച്ചു പഠിച്ചിട്ടു, സമഗ്രമായി എഴുതണം എന്ന ശീലം ഉണ്ടായത് സ്കൂളിലെ കോമ്പോസിഷൻ എഴുത്തിൽ നിന്നോ, അതുമല്ലെങ്കിൽ ഞാൻ തനിയെ എഴുതി പിടിപ്പിക്കാറുള്ള മോണോ ആക്ടിന്റെ സാങ്കല്പിക കഥകളുടെ രേഖകളിൽ നിന്നോ ആവാം.
പിന്നെ എഴുതുന്നതിലുപരി പടങ്ങൾ വരച്ചു കൂടുതൽ വിസ്തരിക്കുക എന്റെ ഒരു ശീലമായിരുന്നു. അങ്ങനെ സ്വന്തമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനാൽ ആരെയും കാത്തു നിൽക്കണ്ട കാര്യമില്ല, ചോദ്യം കിട്ടിയാൽ ഉടനെ തന്നെ ഉത്തരം എഴുതി തീർക്കാൻ പറ്റും; സത്യത്തിൽ അപ്പോൾ മാത്രമേ ഞാൻ രാത്രി 8 മണി കഴിഞ്ഞിരിക്കാറുള്ളൂ.
Assignments അങ്ങനെ Day Scholars, MH (Mens Hostel) , അവിടെ നിന്ന് അവർ തീരുമാനിക്കുന്ന LH (Ladies Hostel) അന്തേവാസിനികൾ , അങ്ങനെ ചുറ്റി കറങ്ങി സംഗതി സമർപ്പിക്കണ്ട അവസാന ദിവസത്തിന്റെ അന്ന് രാവിലെ പശുവിന്റെ വായിൽ നിന്ന് കൈയിട്ടു വലിച്ചെടുത്ത പോലെ ചുരുണ്ടു കൂടി മുഷിഞ്ഞ Assignment സാറന്മാരുടെ മേശപ്പുറത്തെത്തിയിരിക്കും.
സത്യത്തിൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ വീഴ്ച നമ്മുടെ പഠന രീതികളാണ് , നഴ്സറി മുതലേ തലക്കകത്തേക്കു കുത്തി തള്ളി തിരുകി കയറ്റി വെക്കുന്ന ഒത്തിരി ഒത്തിരി കാര്യങ്ങൾ; തനിയെ വായിച്ചു പഠിച്ചു, കേട്ടറിഞ്ഞു, കാര്യങ്ങൾ ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല.
എന്റെ കുട്ടിക്കാലത്തു പറയുന്നത് അത് പടിചെയ്യുക, പഠിക്കുക, സംശയങ്ങൾ ചോദിച്ചാൽ നമ്മൾ ചീത്ത കുട്ടികളാവും
അങ്ങനെ മുദ്ര കുത്തപെട്ടാൽ പിന്നെ ജന്മത്തു രക്ഷയില്ല,
അനുസരണയില്ലാത്ത അഹങ്കാരി കുട്ടി…. അങ്ങനെ പോകും
സ്കൂളിലും കോളേജിലുമൊക്കെ പ്രശ്നക്കാരാവും
അതുകൊണ്ടു തന്നെ എഞ്ചിനീയറിംഗ് കോളേജിലെത്തി സാറന്മാര് പഴയ Question Paper- ലെയോ, മറ്റുള്ള യൂണിവേഴ്സിറ്റികളിലെയോ ചോദ്യങ്ങൾ തന്നാൽ: പ്രത്യേകിച്ച് നിർദ്ദേശിച്ചിട്ടുള്ള പുസ്തകങ്ങൾ ഇല്ലാത്ത വിഷയങ്ങൾ തരുമ്പോൾ മിക്കവർക്കും വലിയ അങ്കലാപ്പാണ്. വ്യത്യസ്ത രീതിയിൽ തനിയെ മിനക്കെടുന്ന ശീലം നമ്മൾക്കില്ല. പറയുന്നത് അത് പടി വിഴുങ്ങി, തിരികെ കടലാസ്സിലോട്ടു പുറന്തള്ളുന്ന രീതിയാണ് പലപ്പോഴും. അഥവാ അങ്ങനെ സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ളവരുണ്ടെങ്കിൽ അവർക്കു മെനക്കെടാൻ നേരവുമില്ല.
Assignments: ഇതെല്ലാവർക്കും പറ്റുന്ന കാര്യമാണ് കേട്ടോ അത്ഭുതമല്ല, വലിയ ബുദ്ധിയും ആവശ്യമില്ല, അല്പം അച്ചടക്കം മാത്രം മതി.
പക്ഷെ എന്നെ തല്ലണ്ട അമ്മാവാ, ഞാനിതൊന്നും തനിയെ ചെയ്യില്ല, എന്ന് പറഞ്ഞു നടന്ന എന്റെ പ്രിയ സ്നഹിതന്മാർ ഇതെല്ലം ഒപ്പിക്കും അതിനെല്ലാം പല പല ഉടായിപ്പു പണികളും അവർക്കുണ്ടായിരുന്നു.
കാരണം വെറുതെ കിട്ടുന്ന 20 മാർക്കാണ്; അത് പോയാൽ പിന്നെ കയ്യാലപ്പുറത്തെ തേങ്ങപോലെ ആവും ജീവിതം
അപ്പോൾ പിന്നെ ഒരു വഴിയേ ഉള്ളൂ
എഴുതിയവരുടെ Assignments വാങ്ങി പകർത്തി എഴുതുക
എന്നിട്ടു നല്ല നിറമുള്ള പേനകൾ കൊണ്ട് സൈഡിലും മുകളിലും വരകൾ വരക്കുക
ഇങ്ങനെ പകർത്തുമ്പോൾ ആദ്യം മുതലേ പകർത്തുന്ന അതിബുദ്ധിമാന്മാരും ഉണ്ടായിരുന്നു
അങ്ങനെ എത്രയോ തവണ അവരുടെ പേരും, എന്റെ റോൾ നമ്പറും പകർത്തി കൊടുത്തിരിക്കുന്നു ..
അന്നൊക്കെ അത് വളരെ ലാഘവത്തോടെ എടുത്തിട്ടുള്ള ഒരാളായിരുന്നു ഗിരിജ ടീച്ചറിന്റെ K.C. Nair Sir
പുള്ളിക്കാരൻ St. Teresas-ൽ എന്റെ കൂടെ പഠിച്ച എന്റെ പ്രിയ കൂട്ടുകാരി Maya R- ന്റെ അങ്കിൾ ആയിരുന്നു, പോരാത്തതിന് എന്റെ അപ്പയുടെ പരിചയക്കാരനും.
ഞങ്ങളുടെ ആദ്യത്തെ Semester-ൽ മെക്കാനിക്കൽ Assignments submit ചെയ്യുമ്പോൾ പുള്ളിക്കാരൻ പല വട്ടം പറയുമായിരുന്നു:
എന്തിനാ എല്ലാരും കൂടി എഴുതുന്നെ? ബീനയുടേത് വച്ചാൽ പോരെ ബാക്കി കുറെ അധികവും അതിന്റെ ട്രൂ കോപ്പി ആണല്ലോ എന്ന്,
K C Nair Sir : നല്ല മനുഷ്യൻ, സൗമ്യൻ, പലപ്പോഴും കോളേജിന്റെ 90 ഡിഗ്രി മൂലകളിലൂടെ ഒതുങ്ങി ,ചുരുങ്ങി, നടന്നു പോകുമ്പോൾ എനിക്കെന്നും ഭയമായിരുന്നു, ചാട്ടുളി പോലെ നടക്കുന്ന ആരെങ്കിലും സാറിനെ ഇടിക്കുമോ എന്ന് ……
കുട്ടികളെ സ്നേഹിച്ച, കുട്ടികളുടെ കേടുകളും കുറവുകളും കുരുത്തക്കേടുകൾ ആയിട്ട് കണ്ടിരുന്ന സർ
എഞ്ചിനീയറിംഗ് പഠനത്തിൽ വരകൾക്കുള്ള സ്ഥാനം വളരെ വളരെ വലുതാണ്
പടി വരയ്ക്കാൻ കഷ്ടപ്പെടുന്ന Civil Engineers എത്രയോ പേരെ എനിക്കറിയാം
പിന്നെ Engine -ന്റെ Section വരയ്ക്കുമ്പോൾ മനസ്സിൽ അതിന്റെ പൂർണ രൂപം ദൃശ്യവൽക്കരിക്കണം , മുറിച്ചിട്ട് നോക്കുമ്പോൾ ഉള്ളിലുള്ള ഭാഗങ്ങൾ 2D ആയും 3D ആയും വരയ്ക്കണം
അതിനൊരു പ്രത്യേക ചാതുര്യം വേണം
സത്യത്തിൽ മനസ്സിൽ ഓരോ മുക്കും, മൂലയും സങ്കല്പിക്കണം
എന്നിട്ടു അതിന്റെ ഘടനയും, ആകൃതിയും, രേഖാചിത്രമായി പ്രതിഭലിപ്പിക്കണം
മനസ്സിലാണ് അത് ആദ്യം കോറിയിടേണ്ടത്
അതിൽ നിന്ന് പിടി വിടാതെ വരച്ചു തീർക്കണം
അതിനുള്ള ക്ഷമയോ, സമയമോ ഇല്ലാത്ത എന്റെ പ്രിയ പെട്ടവർ 5 രൂപ നോട്ടു കൊടുത്തിട്ടോ, ( കൊടുത്ത രൂപ അതിന്റെ ഇരട്ടിയായി കടമായി തിരികെ വാങ്ങാൻ അപാര കഴിവുള്ള വില്ലന്മാർ), കട്ടനും കടിയും വാങ്ങി കൊടുത്തിട്ടോ, കള്ളും കപ്പയും വാഗ്ദാനം ചെയ്തിട്ടോ, റാഗിംഗ് സമയത്തു താഴെ ക്ലാസ്സിലെ കുട്ടികളെ കൊണ്ടോ, അതല്ലെങ്കിൽ അതിന്റെ പേരിൽ ഏതെങ്കിലും പെണ്ണിനെ പ്രേമിച്ചോ വരച്ചെടുപ്പിക്കും.
ഏതെങ്കിലും ഒരാൾ വരച്ച ഷീറ്റ് കിട്ടിയാൽ മതി അതെടുത്തു, ഹോസ്റ്റലിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിരുക്കന്ന കണ്ണാടി drawing board-ൽ, അതായതു അടിയിൽ കത്തുന്ന, മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം വീശുന്ന ബൾബിന്റെ പ്രകാശത്തിൽ Mini Drafter/ T scale/ Scale/ Protractor ഉപയോഗിച്ച്
ഒരറ്റത്ത് നിന്ന് തുടങ്ങി X Axis/ Y Axis-നും സമാന്തരമായി അതേപടി വരകൾ പകർത്തുന്നു . സത്യത്തിൽ പകർത്തുന്ന ആളിന് ഇതെന്തു കുന്ത്രാണ്ടമാണെന്നു ഒരിക്കലും മനസ്സിലാവില്ല, പക്ഷെ എല്ലാം ഭംഗിയായി പകർത്തും.
പടങ്ങൾ അനങ്ങാതിരിക്കാൻ നാല് മൂലയും ബന്ധിപ്പിക്കുന്നതാണ് ആദ്യത്തെ പടി അത് ബലമായി ചെയ്തില്ല എങ്കിൽ കാര്യം കുളമാകും
ടേപ്പ് ഒട്ടിച്ചൊക്കെ ബലവത്താക്കി ആണിത് ചെയ്യുക
ആദ്യം വരയ്ക്കുന്ന ആൾ മടക്കാൻ പാടില്ല; അപ്പോൾ പിന്നെ പകർത്താൻ വലിയ പ്രയാസമാണ്, അങ്ങനെ ചുരുണ്ടിരിക്കാൻ ഒരു പണിയുണ്ട് ചുരുട്ടിയിട്ടു ഞാനതിന്റെ അറ്റത്തു ഒരു A4 പേപ്പർ കുറച്ചു താഴോട്ടാക്കി വെച്ച് ചുരുട്ടും, എന്നിട്ടു അറ്റം അകത്തോട്ടു തള്ളി വെക്കും അപ്പോൾ കൈ പിടിക്കാനായി, ഷീറ്റ് അഴുക്കാകുയതും ഇല്ല, തുറന്നു വരികയും ഇല്ല പകർത്തുന്ന ആൾക്ക് മടക്കില്ലാതെ കിട്ടുകയും ചെയ്യും
A 1 ഷീറ്റ് മടക്കുന്ന ഒരു രീതിയുണ്ട്, ഇന്നും തനിയെ അത് ചെയ്യാൻ അറിയാത്തവർ പലരാണ് . അവസാന നിമിഷം തിരികെ കിട്ടുന്നതിനാൽ പെട്ടെന്ന് മടക്കാനുള്ള വൈദഗ്ദ്ധ്യം എനിക്കുണ്ടായിരുന്നു, അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുന്നതെത്ര സത്യം. ഇന്നും മേശപുറത്തു വെക്കാതെ Drawing Sheet – കൾ മടക്കാറുണ്ട്, ഈ പത്തിരി വീശുന്ന പോലെ….
കൂർമ്മയാണോ; കുനിഷ്ടാണോ എന്നറിയില്ല ബുദ്ധിയുള്ള സാറന്മാർ ഒറ്റ നോട്ടത്തിൽ പറയും ആരാരുടെതാണ് പകർത്തിയതെന്നു
നാലു മൂലക്കും കിഴുത്ത ഇല്ലാത്തവന്റെ ഗതി അധോഗതി തന്നെ….
V D Rajappan എന്ന കാഥികൻ, ഒരു Stand up Comedian.
ഒരിക്കൽ ഞങ്ങളുടെ കോളേജിൽ വന്നു
ഒരു പ്രത്യേക തരം ഹാസ്യ പ്രകടനമായിരുന്നു പുള്ളിക്കാരന്റേത്.
പ്രേക്ഷകരുമായി നേരിട്ട് സംസാരിക്കുന്ന പോലെ തമാശകൾ കോർത്തിണക്കി കഥകൾ പറയുക, എന്റെ ഓർമ്മ ശരിയാണെങ്കിൽ “ചികയുന്ന സുന്ദരി” എന്നായിരുന്നു കഥയുടെ പേര്
പുള്ളി വന്നു പോയ ഉടനെ ആണ് ഞങ്ങളുടെ ബഹുമുഖപ്രതിഭകളായ, ഉഴപ്പിൽ PHD എടുത്ത ഉസ്താതുക്കളെ തറപറ്റിക്കാൻ, ചില സാറന്മാരും, ടീച്ചറുമാരും ഒരു പരിപാടി ഇട്ടു.
അന്ന് വരെ വീട്ടിൽ പോയി പകർത്തി എഴുതി 10 ദിവസത്തിനകം കൊണ്ടുവരേണ്ട Assignments ക്ലാസ്സിൽ ഇരുന്ന് എഴുതുന്ന ഒരു പരിപാടി, നോക്കിയെഴുതാം പക്ഷെ ക്ലാസ്സിൽ തന്നെ വേണം, അതോടെ ഒട്ടു മുക്കാൽ വിദ്വാന്മാരുടെയും അടിസ്ഥാനം ഇളകി. പ്രത്യേകിച്ച് Royal Mech!!- ന്റെ
ഇതിന്റെ ഓമന പേരാണ് “ഒതുക്ക്”
ഞങ്ങൾ ഒറ്റകെട്ടായി
അത് പൊളിച്ചടുക്കി
അന്ന്, അപ്പോൾ എഴുതിയ ഒരു പാരഡി ഇവിടെ ചേർക്കുന്നു:
ഈണത്തിൽ സംഗതി ഒപ്പിച്ചു പാടി നോക്കൂ …
🎵ക്ലാസ് Assignment എഴുതരുതേ പിള്ളാരേ… 🎼
വീട്ടിൽ പോയെ എഴുതാമേ പിള്ളാരേ…🎵
അയ്യോ…… 🎼
ക്ലാസ് Assignment എഴുതരുതേ പിള്ളാരേ.. 🎶
വീട്ടിൽ പോയെ എഴുതാമേ പിള്ളാരേ… 🎼
🎶ബെഞ്ചി ന്റിടവഴി ഡെസ്കിന്റിടവഴി 🎵
ഓടുവേൻ ഞാൻ ഓടുവേൻ.. 🎼
Hypothecated to Sri V D Rajappan
Leave A Comment