ഹാജർ എന്ന പ്രഹേളിക
AC
AC എന്നാൽ Attendance Clark
AC എന്നാൽ സാലി
വെറും സാലി അല്ല സാലി സാർ
സൈഡിലെ ഓഫീസ് മുറിയിലെ പൊക്കമുള്ള കൗണ്ടർ
അതിന്റെ പിന്നിലുള്ള മേശ ; മേശക്കു പിന്നിലെ കസേര
സുമുഖനായ ചെറുപ്പക്കാരൻ
മുഖത്തിന്റെ നിറം വിളറിയ വെളുപ്പ്
സത്യത്തിൽ തെക്കോട്ടുള്ള വെളുത്തവരുടെ വെളുപ്പിനെല്ലാം ചോര മയമില്ലാത്ത വിളറിയ വെളുപ്പാണ് …
മുഖത്തൂടെ വിരലോടിച്ചാൽ ചോര പൊടിക്കുന്ന നിറം കാണണേൽ വടക്കോട്ടു പോകണം
കസേരക്ക് തടിയിൽ തീർത്ത രണ്ടു കൈയ്യ് ; ആ കൈയ്യുടെ മുകളിൽ
കട്ടിയുള്ള കാർഡ്ബോർഡ് കൊണ്ടുണ്ടാക്കിയ ഒരു ബോർഡ് ,
ഈ ബോർഡിൻറെ ഒരറ്റം മേശയുടെ അറ്റത്തു വിശ്രമിക്കുന്നു; മറ്റേ അറ്റം കുടവയറിനെയും, ഇല്ലാത്ത വയറിനെയും മറച്ചു കസേരയുടെ കൈയ്യിൽ വിശ്രമിക്കുന്നു.
ബോർഡിൻറെ മുകളിൽ പച്ച നിറത്തിലുള്ള ചെറിയ ചതുരങ്ങളുള്ള കാലിക്കോ ഒട്ടിച്ചിരിക്കുന്നു, 4 മൂലയിലും പഴയ ഫോട്ടോ ആൽബത്തിലെ ത്രികോണങ്ങൾ പിടിപ്പിച്ചിരിക്കുന്നു .
ത്രികോണത്തിലെ കറുത്ത കാലിക്കോയുടെ ഇടയിലേക്ക് തിരുകി കയറ്റി വച്ചിരിക്കുന്ന കൊച്ചു തുണ്ടുകൾ …..കോമോസ് ബസിന്റെ ടിക്കറ്റിന്റെ വലുപ്പമുള്ള തുണ്ടുകൾ, ആ തുണ്ടിൽ എഴുതി വച്ചിരിക്കുന്ന ഒരു കോഡുണ്ട്
അത് വിദ്യാർത്ഥികളുടെ ജീവിത പ്രശ്നമാണ്
S3 M 1234
S2 E 2345
S3 M 1235
അതിലെല്ലാം അടങ്ങിയിരിക്കും
ഇവിടെ നമ്മുടെ അത്താണി സാലിസാറാണ്
മനുഷ്യ ബന്ധങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനം മനസ്സിലാക്കി തരുന്ന ആദ്യത്തെ ചവിട്ടുപടിയാണ്, പുള്ളിക്കാരൻ.
ഒട്ടുമുക്കാൽ ആൺ കുട്ടികളുടെയും അത്താണി
ഈ ഒരു കാര്യത്തിൽ സ്ത്രീ പുരുഷ സമത്വം ഒരിക്കലും ഉണ്ടായിരുന്നില്ല വിരലുകളിൽ എണ്ണാവുന്ന പെൺകുട്ടികൾ ക്ലാസ് കട്ട് ചെയ്തിരുന്നില്ല .
ആര് ചത്താലും ജീവിച്ചാലും എന്ത് തന്നെ സംഭവിച്ചാലും കോളേജിലെ കുട്ടൻ ചേട്ടൻ, കൊട്ടി അടച്ച ജനാലകൾ തുറന്നാൽ ഞാൻ അവിടെ ഉണ്ടായിരിക്കും. മഴയെന്നോ, വെയിലെന്നോ, ഹർത്താലെന്നോ, ഒന്നുമില്ല എങ്ങനെയും ഹാജർ വിളിക്കുമ്പോൾ “എസ് “ എന്ന് പറയാൻ ഞാനുണ്ടാകും; അപ്പോൾ എന്റെ 10 മാർക്ക് ഉറപ്പായേ !!
എത്ര വലിയ കൊമ്പത്തെ കുട്ടിയാണെങ്കിലും AC -യെ തൊട്ടു കളിച്ചിരുന്നില്ല.
ആരും, അതായിരുന്നു ആ ഒരു സ്ഥാനത്തിന്റെ പവർ.
ആദ്യത്തെ പാഠവും അതായിരുന്നു .
പുള്ളിക്കാരൻ നടക്കുമ്പോൾ ചിരിച്ചിരുന്നില്ല …
ആ മുറിയിൽ നിന്ന് വളരെ വിരളമായി എന്തൊക്കെയോ കടലാസ് കെട്ടുമായി Sessional Marks തീർപ്പു കല്പിച്ചു യൂണിവേഴ്സിറ്റിക്ക് അയക്കുന്നതിനു മുന്നേ; പ്രിൻസിയുടെ മുറിയിലേക്ക് ഒരു പോക്കുണ്ട്; ആരെയുടെയും മുഖത്ത് നോക്കാതെ ; ആ പോക്ക് പലരുടെയും ജീവിതം ഉറപ്പിക്കുന്ന പോക്കാണ്…
ഒരിക്കൽ പോലും സമയത്തു ക്ലാസ്സിൽ വരാതെ രാത്രീയുടെ അന്ത്യ യാമങ്ങളിൽ കുറ്റിച്ചിറ സ്റ്റാറിലെ ബെഞ്ചുകളുടെ മൂട്ടകടി ഒരു ഹരമാക്കിയ എന്റെ സതീർത്യർ, കൊച്ചാപ്പിയുടെ കടയിലെ ബോഞ്ചിയും, ഒരിക്കലും നെരിപ്പണയാത്ത വള്ളികയറിന്റെ അറ്റത്തു നിന്ന് പാറുന്ന തീപൊരിയിൽ കത്തി പുകയുന്ന ബീഡികുറ്റികളിൽ, നിന്ന് ആർജ്ജവം കൊണ്ട് ലോകത്തിന്റെ പട്ടിണി മാറ്റാൻ തലപുകയുന്ന വിപ്ലവകാരികളും ….
നാളെ ആരെ ഓസണം , ആരെ പറ്റിച്ചു കാന്റീനിലെ ഒരു കുടിയും രണ്ടു കടിയും മുതലാക്കണം , ഏതു ജൂനിയറിനെ കൊണ്ട് GD Drawing Sheet വരച്ചൊപ്പിക്കണം; ആർക്കു പാര വെക്കണം എന്നൊക്കെ ഗാഢമായി ആലോചിച്ചു ഫുട്ബോൾ ഗ്രൗണ്ടിന്റെ നടുക്കൂടെ പാതി മുക്കാലും നടന്നിട്ടു , മെൻസ് ഹോസ്റ്റലിന്റെ കോമ്പൗണ്ടിലേക്ക് ഓടി കയറുന്ന വേറെ കുറച്ചുപേർ;
രാത്രിയിൽ എന്താഹാരം കഴിച്ചാലും ശരി, കരിക്കോട്ടെ ലോകപ്രശസ്തമായ പുട്ടുകടയിലെ ചേട്ടൻ , തനിയെ നെല്ല് കുത്തി പൊടിച്ചു, മാവ് ചെറുതായിട്ട് വറുത്തു, നനച്ച പുട്ടു പൊടിയും, നല്ല വിളഞ്ഞ തേങ്ങാ തിരുകിയ തേങ്ങാപ്പീരയും മാറി, മാറി, വലുപ്പമുള്ള മുളകുറ്റിയിൽ കൈകൊണ്ടു നിറച്ചിട്ടു, വിറകു കത്തിച്ച അടുപ്പിലെ 6 കുറ്റി വെക്കുന്ന boiler പോലത്തെ ചെമ്പു കുടത്തിന്റെ മുകളിൽ വച്ച് പുഴുങ്ങിയ ആവി പറക്കുന്ന പുട്ടും, പയറും, പപ്പടവും, പാൽചായയുംഅടിച്ചു, നേരം പരപരാന്നു വെളുക്കുമ്പോൾ തിരികെ മുറിയിലേക്ക് നടന്നു പോകുന്നവർ.
പരിസ്ഥിതിയും, പരിസരവും നിരന്തരമായി നിരീക്ഷിച്ചു വിളകളുടെ കൊയ്ത്തു കാലം ടൈം ടേബിൾ പോലെ മനസ്സിൽ കുറിച്ചിട്ടു; രാത്രിയുടെ അന്ത്യ യാമങ്ങളിൽ മാത്രം വിളവെടുക്കുന്ന, കാട്ട് കള്ളന്മാർ; അടുത്ത പറമ്പിലെ വിളഞ്ഞ കുലയും, ഭൂമിക്കടിയിൽ വിങ്ങി നിൽക്കുന്ന മരച്ചീനിയെയും രക്ഷിച്ചു, അയ്യോ പാവം പയ്യന്മാരുടെ മുറിക്കുള്ളിലെ തടി കട്ടിലിന്റെ കീഴി ലുള്ള ട്രങ്ക് പെട്ടിയുടെ പുറകിൽ അവർ ഉറങ്ങുന്ന നേരത്തു, ഞുഴഞ്ഞു കയറി, തിരുകി കയറ്റി, മൂടി പുതച്ചു കിടന്നുറങ്ങുന്ന വേറെ കുറെ വില്ലന്മാർ.
ആരെയും അതിശയിപിപ്പിക്കുന്ന പ്രചോദനങ്ങൾ ഉൾക്കൊണ്ടിരുന്ന ഇവരെല്ലാം വേറിട്ട് നിന്നിരുന്നു..
എല്ലാവരെയും എപ്പോഴും രക്ഷിക്കുന്ന മെസ്സ് ഡ്യൂട്ടി, കുറച്ചു പേര് സ്ഥിരമായി എന്നും എപ്പോഴും മെസ് ഡ്യൂട്ടിയിലായിരിക്കും.
കൊല്ലത്തു കടപ്പുറത്തെ കാറ്റു കൊണ്ട് വിപ്ലവം ചിന്തിച്ചിട്ട്, ചിന്നക്കടയിലെ സലിം ഹോട്ടലിലെ പൊറോട്ടയും കൊഴുപ്പു നിറഞ്ഞ ഇറച്ചിയുടെ ചാറും മുക്കി തിന്ന്, Rest House- ന്റെ വളവിൽ, കുഞ്ഞമ്മ പാലത്തിന്റെ മുകളിൽ, കൊല്ലം കൊട്ടാരക്കര, കൊല്ലം കുണ്ടറ റൂട്ടിലെ ആനവണ്ടിയുടെ ഫുട്ബോര്ഡില് ചാടി കയറി, കരിക്കോട്ടെ പാലം കയറുമ്പോൾ 2nd ഗിയർ ഇട്ടു അല്പം വേഗത കുറയ്ക്കുന്ന വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി തീവണ്ടി പാളത്തിലൂടെ ഇരുട്ടിന്റെ മറവിൽ ഒടിയന്മാരെ കണ്ടാലും പേടിക്കാതെ ഹോസ്റ്റലിലെത്തുന്നവർ.
കമ്മ്യൂണിസ്റ്റ് ചെടികളാൽ തിങ്ങി നിറഞ്ഞ പിന്നാമ്പുറമാണ് ഫുട്ബോൾ ഗ്രൗണ്ടിന്റെ സൈഡും, ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിന്റെ സൈഡിലൂടെ MH- ലോട്ടുള്ള വഴിയും
അവിടെ ഉള്ളത്ര വിഷം ചീറ്റുന്ന പാമ്പിനെ വേറെ എവിടെയും കണ്ടിട്ടുള്ളതായി എനിക്കറിയില്ല.
കമ്മ്യൂണിസ്റ്റ് ചെടി പിരിച്ചിട്ടു ബീഡികുറ്റി കൊണ്ട് കത്തിച്ചു വീശി വീശി; റാഗിങ്ങ് സമയത്തു പഠിച്ച Newton-ന്റെ ഏറ്റവും പുതുമയേറിയ തത്വങ്ങൾ, 3 അല്ല പത്തോളം വരുന്നവ മന്ത്രം പോലെ ഉരുവിട്ട് മുറികളിലേക്ക് പോകുന്ന കൂട്ടുകാർ
ഇടക്കെപ്പോഴോ തിളങ്ങുന്ന അനക്കങ്ങൾ കാണുമ്പോൾ ശ്വാസം വിടാതെ ജീവനും കൊണ്ട് എങ്ങോട്ടൊക്കെയോ ഓടിയിട്ടുണ്ടാവും, ആരുടെയെങ്കിലും മുറിയിൽ കയറി പറ്റിയിട്ടുണ്ടാവും
വാർഡൻ ആയിരുന്ന മുരളി സാറിനു എന്തെല്ലാം കഥകൾ പറയാനുണ്ടാവും
ക്ലാസ് തീരാറാവുമ്പോൾ വളരെ ലാഘവത്തോടെ കയറി വരാറുള്ള എന്റെ മുതിർന്ന വരെ കണ്ടു ഞാൻ അത്ഭുതപെട്ടിട്ടുണ്ട്
പക്ഷെ ആ 10 മാർക്ക് അവർക്കൊരു മാർഗ്ഗതടസമായിരുന്നില്ല
ജീവിതം ഹാജരിൽ തട്ടി മുട്ടി മുങ്ങാതെ നോക്കാനുള്ള പാടവം
ലോകത്തെ സേവിക്കാനുറങ്ങുന്ന അവർക്കറിയാമായിരുന്നു
ഉദ്ദേശ ശുദ്ധിയുള്ള കാര്യങ്ങൾ ചെയ്യൂമ്പോൾ
വരും വരായ്കകളെ പറ്റി ആകുലപ്പെടേണ്ട കാര്യമില്ല
ആപ്പിൾ ആമസോൺ തുടങ്ങിയ വമ്പൻ കമ്പനികളുടെ സാരഥികളുടെ ജീവിതം പാഠപുസ്തമാക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പഠിക്കാൻ ഒരായിരം കൂട്ടമുണ്ട് എന്റെ കോളേജിലെ എന്റെ സതീർഥ്യരുടെ ജീവിതവഴികളിൽ
ഇന്നും AC ഇല്ലായിരുന്നെങ്കിൽ എത്രയോ ബുദ്ധി രാക്ഷസന്മാർ Sessional Marks എന്ന കുരുക്കിൽ പെട്ടേനെ
സാലി സാറിനെ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു
ഇപ്പോൾ മുന്തിയ സേവനം ചെയ്യുന്ന എത്രയോ മിടുക്കന്മാരുടെ ജീവിതം നേർവഴിയിൽ ആക്കാൻ മനസ്സ് കാട്ടിയ AC
സാലി സാർ താങ്കൾ ഒരു സംഭവം ആയിരുന്നു.
Leave A Comment