ബാബുച്ചായൻ, നീതിമാനും, നിഷ്കളങ്കനും, ദൈവത്തോടുകൂടെ നടന്നവനും ആയിരുന്നു.
നീതിമാന്റെ മരണം ഉറക്കം പോലെ ആണ് യാതൊരു വേദനയും ഇല്ല,
ക്ഷീണിച്ച മനുഷ്യൻ ഗാഢനിദ്രയിൽ മുഴുകുന്ന പോലെ…
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കുറത്തിയാട്ടെ ബാബുച്ചായൻ അമ്മിണിമ്മാമ്മയെ കല്യാണം കഴിച്ചത്
എന്റെ അമ്മയും അപ്പയും എല്ലാ കാര്യങ്ങളുടെയും നടുവിൽ ….
അങ്ങനെ ഞാനും പോയി കുറത്തിയാട്ടേക്ക്
ചെങ്കല്ല് വെട്ടിയുണ്ടാക്കിയ വഴികൾ
വേലിക്കപ്പുറവും ഇപ്പുറവും ഗോലി പോലെ ചെങ്കല്ലിന്റെ കുഞ്ഞു കല്ലുകൾ, നല്ല കട്ടി തറ
പണ്ടത്തെ ബാറ്റയുടെ നീല വാറുള്ള വെള്ള റബ്ബർ ചെരുപ്പ് കാലിൽ ഇട്ടു നടന്നാൽ
തെന്നി താഴെ വീണിരിക്കും
കൈയ്യിൽ പിടിച്ചു കൊണ്ട് പയ്യെ പയ്യെ
കുറത്തിയാട്ടെ വീട്ടിലെ ഇറക്കത്തിലോട്ടു തെന്നി തെന്നി കാലു താഴെ തൊടാതെ ഇറങ്ങി.
വലതു വശത്തു കയ്യാല ഇടതു വശത്തു കപ്പിയും, കയറും, തൊട്ടിയുമുള്ള കിണർ
സിമന്റ് തിട്ടയുള്ള കിണർ
അതിന്റെ പുറകിലായി നീണ്ട ഒരു വീട്
മുൻവശത്തെ തലയെടുപ്പുള്ള മാവ്, ഒരുവശത്തെ എരുത്തിൽ
അമ്മച്ചിയുടെ ചട്ടയും മുണ്ടും വിരിച്ചിട്ടിരിക്കുന്ന നീണ്ട അയ
പുറകോട്ടു കൃഷിയിടങ്ങൾ
അകത്തോട്ടു കയറിയാൽ മിക്ക മുറിയിലും കാച്ചിലും, ചേമ്പും, ചേനയും, കപ്പയും, നെല്ലുമെല്ലാം കൂട്ടിയും, ചാക്കിലും, കൊട്ടയിലും
ആകെ ഒരു നാരി മാത്രമേ ഉള്ളൂ, അവിടെയെന്നു പ്രത്യേകിച്ച് പ റയണ്ട കാര്യമില്ല
5 ആൺമക്കൾ
അങ്ങോട്ടാണെൻറെ പ്രിയപ്പെട്ട അമ്മിണിയാമ്മയെ കെട്ടിക്കൊണ്ടു പോയത്
ഞാനും വണ്ടി കയറി പോയത്
മിനിമോളെക്കാളും, മനോജിനെക്കാളും മുന്നേ
പയ്യെ പയ്യെ നടക്കുന്ന അമ്മിണി അവിടുത്തെ അമ്മിണി കുട്ടി ആയി
പ്രിയപ്പെട്ടവൾ ആയി
ബാബുകുട്ടിയുടെ പ്രിയതമ ആയി
എല്ലാവരുടെയും കണ്ണിലുണ്ണി ആയി
നന്നായി, മടി കൂടാതെ, രുചിയോടെ ഏതു പാതിരാത്രിയിലും നിർത്താതെ ഭക്ഷണം ഉണ്ടാക്കുന്ന അമ്മിണിമാമ്മ.
ബാബുച്ചായന്റെ ഭാഗ്യനക്ഷത്രം അന്ന് വീണ്ടും തെളിഞ്ഞു!!
എന്റെ അമ്മയെയും അപ്പയെയും പോലെ മീനും മലക്കറിയെല്ലാം കണ്ടാൽ ഒരു പടക്കുള്ളത് മൊത്തമായി വാങ്ങി കുട്ട നിറച്ചു കൊണ്ടുവരുന്ന ബാബുച്ചായൻ !!
പെങ്ങന്മാരില്ലാത്ത ബാബുച്ചായന്റെ
പ്രിയ പെങ്ങൾ ആയി എന്റെ ‘അമ്മ
അളിയന്റെ കാര്യം പറയണ്ട, ബാബുച്ചായൻ ഉണ്ടെങ്കിൽ എന്റെ അപ്പക്ക് ഒരു പ്രത്യേക ഉഷാറായിരുന്നു
ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ അപ്പപ്പോഴുള്ള കാര്യങ്ങളിൽ സന്തോഷം കണ്ടിരുന്ന രണ്ടു പേര്
അങ്ങനെ ബാബുച്ചായൻ ആസാമിൽ എൻജിനീയരായി ജോലി നോക്കാൻ പോയി,
ആദ്യമായി ദേഹത്തു നിന്ന് മാറ്റാൻ തോന്നാത്ത കമ്പിളിപുതപ്പുകൾ കൊണ്ടുവന്നത് ബാബുച്ചായനാണ്.
കുന്നുംപുറത്തെ എല്ലാ സന്തതികൾക്കും നിർലോഭം സാധന സാമഗ്രികൾ വീതിക്കാനുള്ള മനസ്സായിരുന്നു ബാബുച്ചായന്റെ പ്രത്യേകത.
അതിലൊന്നും പാവം അമിണി മ്മാമ്മക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഉള്ളത് കൊണ്ടോണം, ഉള്ളതെല്ലാവർക്കും കൊടുക്കാനുള്ള മനസ്സ്
അത് ആസാമിൽ നിന്ന് ബഹറിനിൽ പോയപ്പോൾ കൂടിയതല്ലാതെ കുറഞ്ഞില്ല.
എന്റെ അമ്മയും അപ്പയും ആദ്യമായി ഫോറിനിൽ പോയത് ഇവരുടെ രണ്ടാളുടെയും അടുത്ത്
‘അമ്മ ആകെ പറഞ്ഞ വിശേഷങ്ങൾ “ബാബുവിന്റെ കൂടെ മീൻ കടയിൽ പോയ വിശേഷങ്ങൾ, റോഡ് സൈഡിലും, കടപ്പുറത്തും, കായലുവാരത്തും മീൻ വാങ്ങിച്ചിരുന്ന ‘അമ്മ ഞെട്ടി, വലിയ ഹാൾ അതും തണുപ്പോടെ തണുപ്പുള്ള ഹാൾ
അമ്മയുടെ ആഹ്ലാദം ഇന്നും ഇന്നലത്തെ പോലെ എനിക്കോർക്കാം
രണ്ടാളും ചേർന്നാൽ പിന്നെ വാങ്ങലിനു യാതൊരു നിയന്ത്രണവുമില്ല, ഉള്ളതെല്ലാം വീട്ടിലെ അടുക്കളയിൽ പിന്നെ അരച്ചും, കലക്കിയും, പൊരിച്ചും ഒരു നൂറു കൂട്ടം
പിന്നെ അവിടെ ആ ദേശത്തുള്ള മലയാളികളെല്ലാം വീട്ടിൽ, അവിടെ ജാതിയില്ല, മതമില്ല, ഏറ്റകുറച്ചിലില്ല അതൊക്കെ ഒരു കാലം
പേർഷ്യയിൽ പോയവരെല്ലാം വരുന്നതും പോകുന്നതും കൊല്ലത്തെ KLQ 7489 അംബാസിഡർ കാറിൽ,
ചുവപ്പും കറുപ്പും ചതുര ക്യാൻവാസ് പെട്ടി , അതിന്റെ ഒരു ലതർ സ്ട്രാപ്പ് അതിന്റെ പുറത്തൊരു 6 ലിവർ പൂട്ട്,
പിന്നെ പ്ലാസ്റ്റിക് പായിൽ കെട്ടിയ കാർഡ്ബോർഡ് പെട്ടി അതിൽ നിറയെ Nedo പാൽപ്പൊടി,
ഓറഞ്ചിന്റെ Tang, അപ്പോൾ ഉണ്ടായ കുഞ്ഞുങ്ങൾക്കെല്ലാം കുറെ പാമ്പറുകൾ,
കുത്തു മുറിച്ച സാരികൾ, കുറെ നിറമുള്ള പ്ലാസ്റ്റിക് പോലെ ചുളുങ്ങാത്ത ബനിയനുകൾ,
ഈസ്റ്റ്മാൻ കളർ ലുങ്കികൾ, വട്ടത്തിലുള്ള ഭാരമേറിയ ക്വാളിറ്റി സ്ട്രീറ്റ് മുട്ടായി പെട്ടികൾ,
പൊട്ടാത്ത മെലാമിൻ പിഞ്ഞാണങ്ങൾ, തവികൾ, പച്ചയും മഞ്ഞയും നിറത്തിലെ അത്തറുകൾ,
നീണ്ട പെട്ടിയിലെ സിഗരറ്റുകൾ, എത്രയും വേണ്ടപ്പെട്ട വയോധികർക്കായി പ്രത്യേകം പറഞ്ഞു
വാറ്റിയ പഴസത്തു അത് കാത്തിരിക്കുന്ന എന്റെ വല്യപ്പച്ചൻ, അതൊക്കെ ഒരു കാലം.
O General TV, അപ്പി ഹിപ്പിയുടെ കൈയ്യിൽ ടോംസ് വരക്കാറുള്ള AKAI ടേപ്പ് റെക്കോർഡർ, അമ്മക്ക് വെളുപ്പിനെ പള്ളിയിലെ പാട്ടു കേൾക്കാനുള്ള ചെറിയ പാട്ടുപെട്ടി എന്ന് വേണ്ട ആ ദേശത്തുള്ള എല്ലാ സാധനങ്ങളും, ആളെണ്ണി വാങ്ങിച്ചു കുത്തി നിറച്ചു കൊണ്ടുവരുന്ന ബാബുച്ചായനും അമ്മിണിമ്മാമ്മയും , കുറത്തിയാട്ടെയും , കായംകുളത്തേയും മാവേലി ആയിരുന്നു.
സ്നേഹിക്കാൻ മാത്രം അറിയാവുന്ന രണ്ടു പേര്, ബാബുച്ചായന്റെ ഒരു പ്രത്യേകത, ഒരുങ്ങി നല്ല സിംപ്ലനായെ നടക്കൂ, അങ്ങനെ തന്നെയാണ് അമ്മിണിമ്മാമ്മയെയും കൊണ്ട് നടന്നത്,
മക്കളുടെ കാര്യം ഞാൻ ഇപ്പോൾ ഇവിടെ പറയുന്നില്ല, പ്രത്യേകിച്ച് എന്റെ മിനിമോളുടെ, അതിന്നു ഇനി അദ്ധ്യായ ങ്ങൾ തന്നെ വേണം അവളെ കുഞ്ഞു വാവയായി കൊല്ലത്താക്കിയിട്ടിവർ രണ്ടാളും പേർഷ്യയിൽ പോയത് തൊട്ടു, കെട്ടിച്ചു പോയത് വരെ.
എന്റെ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന അദ്ധ്യായങ്ങൾ .
2018, കേരളപ്പിറവി ദിനത്തിൽ, നീതിമാനായി, പ്രിയപ്പെട്ട അമ്മിണികുട്ടിയുടെ ചാരത്തു കിടന്ന് , ഉറക്കത്തിൽ , സുന്ദരനായി, ഒരുങ്ങി, സുമുഖനായി , ശരീരം ഉണരാത്ത ഗാഢനിദ്രയിൽ ആണ്ട് , എന്റെ അപ്പ, ‘അമ്മ, കായംകുളം, കുന്നുംകുളം, വല്യപ്പച്ചൻ, വലിയമ്മച്ചി, റോഷൻ, അനിയച്ചായൻ, ഇങ്ങനെ ഒരായിരം പേരുടെ അടുത്തേക്ക് സമാധാനമായി യാത്ര ആയി.
എനിയ്ക്കും കിട്ടി ഒരവസരം
എന്റെ കൂടെ കുറച്ചു സുന്ദര ദിനങ്ങൾ
കാലിൽ എണ്ണ തേക്കാനും, കുളക്കടവിൽ ഇരി ക്കാനും
അവിടെയും ഇവിടെയും പോകാനും
ഇവരിൽ നിന്നൊക്കെ പഠിച്ച ശീലങ്ങൾ
ഇവരുടെ അത്രയ്ക്ക് പറ്റില്ല എങ്കിലും
പറ്റുന്ന പോലെ മനസ്സ് നിറഞ്ഞു ചെയ്യാനും
ഓർമയിൽ എന്നും പൊൻതൂവലായി ….
കുറച്ചു നാളായി ബാബുച്ചായൻ അമ്മിണിമ്മാമ്മയോടു രണ്ടു കാര്യം പറഞ്ഞിരുന്നു, നീതിമാന്റെ മരണം ഉറക്കം പോലെ, നിന്നെ ഞാൻ നിലം പരിശാക്കില്ല, നീ തളരാൻ ഞാൻ അനുവദിക്കില്ല.
എന്റെ മിനിമോളുടെയും മനോജിന്റെയും പ്രാർത്ഥനയും അതായിരുന്നു
അമ്മയില്ലാതെ പപ്പാ ഒറ്റക്കായാൽ …
മക്കളും ഭാര്യയും കൊച്ചുമക്കളും കണ്ണുകൾ ആയിട്ട് കുറച്ചു കാലമായി
ജനിച്ചതും, ജീവിച്ചതും, മരിച്ചതും ദൈവത്തിന്റെ പൊന്നോമന പുത്രനായി
എല്ലാവരുടെയും കണ്ണിലുണ്ണിയായി
Leave A Comment