എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് വീട്ടിൽ പ്രസ്സ് തുടങ്ങിയത്.
ഞാനൊറ്റ മോളായതു കൊണ്ട്, പേരും ബ്രാൻഡുമൊന്നും ആലോചിച്ചു നടക്കേണ്ട കാര്യം ഇല്ലായിരുന്നു..
വീടിനും പ്രസ്സിനും ഒരേ പേര്
ബീന പ്രിന്റേഴ്സ്
ബീന കോട്ടേജ്
ഒറ്റ പൂരാടമായി വളരേണ്ടി വന്നേനെ, എന്റെ മൂന്നാം വയസ്സിൽ അമ്മക്ക് വലിവ് തുടങ്ങിയില്ലായിരുന്നു എങ്കിൽ…
ഒന്ന് കൂടി പ്രസവിച്ചാൽ വലിവു മാറുമെന്നൊരു വൈദ്യൻ പറഞ്ഞു ‘അമ്മ എന്റെ കുഞ്ഞനിയനെ പ്രസവിച്ചു, ആറു വർഷങ്ങൾക്ക് ശേഷം
അങ്ങനെ എനിക്കൊരു അനിയനുണ്ടായി, ഇന്നും ഞങ്ങൾ രണ്ടാളുടെയും മക്കളുടെ പേര് പറയണ്ട വരുമ്പോൾ അവന്റെ പേരാണ് ആദ്യം വായിൽ വരുക
കുഞ്ഞുന്നാളിൽ ജീവിതം, വെറുതെ നടുക്കൂടെ കുത്തിതയ്ക്കുന്ന പ്രസ്സിലെ പുസ്തകം പോലെ ആയിരുന്നു , രസീത് ബുക് പോലെ എല്ലാ താളിലും ചെറുദ്വാരങ്ങൾ ഇട്ടതു (Perforated)
വേണ്ടപ്പോൾ വേണ്ടപ്പോൾ കീറി എടുക്കാവുന്നത്, കുരുത്തക്കേടുകൾ കാണിക്കാം , ഭക്ഷണം കഴിക്കാതെ, പഠിക്കാതെ കളിച്ചു നടക്കാം.
പിന്നെ പിന്നെ കെട്ടുറപ്പുള്ള പശ ഒട്ടിച്ച ബൈൻഡിങ് ആയി, വജ്രപശ , പിന്നെ വളർന്നു വലുതായപ്പോൾ, ഓരോരോ ഭാഗമായിട്ടെടുത്തു പ്രത്യേകം തുന്നിയിട്ടു, കൂട്ടി യോചിപ്പിക്കുന്ന, എങ്ങനെ തുറന്നാലും എത്ര കട്ടിയുണ്ടെങ്കിലും മുഴുവനായും തുറന്നു വെച്ച് വായിക്കാവുന്ന പുസ്തകമായി, വിശ്വവിജ്ഞാനകോശം പോലെ
കീറി കൊടുക്കാനോ കളയാനോ മനസ്സ് വരാത്ത പുസ്തകം, അഴുക്കാക്കാനോ, അടയാളം വെക്കാനോ, താളുകൾ മടക്കാനോ തോന്നാത്ത പുസ്തകം
ഓരോ ഏടും ഓരോ മനുഷ്യരുമായുള്ള ബന്ധങ്ങൾ, ഓരോ യാത്രകൾ, ഓരോ അനുഭവങ്ങൾ, പക്ഷെ ആകെ മൊത്തം തുറന്ന ഒരു സുന്ദര പുസ്തകം.
എന്റെ ‘അമ്മ ജീവിച്ചിരുന്നപ്പോൾ എന്റെ മുഖത്ത് നോക്കിയാൽ അമ്മക്ക്…
സാക്ഷാൽ ഭഗവാൻ കൃഷ്ണൻ വാ തുറന്നപ്പോൾ ‘അമ്മ യശോദ ഭൂലോകം മുഴുവൻ കണ്ട പോലെ ആയിരുന്നു.
ഞാനൊന്നും പറയണ്ട എല്ലാം വായിച്ചറിയും അത് കൊണ്ട് പ്രത്യേകം കള്ളമൊന്നും പറഞ്ഞു സമയം കളയണ്ട കാര്യമില്ല.
എന്റമ്മയൊക്കെ ഒരു സംഭവമായിരുന്നു
സത്യം പറഞ്ഞാൽ എന്നോടിഷ്ടമുള്ളവർ ഇന്നും പറയും
അവരും ഞാനും ‘അമ്മ ഒന്ന് അമർത്തി നോക്കിയാൽ മുള്ളുന്ന കാര്യം.
ഒന്നായാൽ ഒലക്ക കൊണ്ടടിക്കണം എന്നൊക്കെ പഴമക്കാർ പറയാറില്ലേ
സത്യം പറഞ്ഞാൽ ഒരു ഈർക്കിൽ എടുത്തെന്നേ അടിക്കേണ്ട അവസരം ഞാൻ ഉണ്ടാക്കിയിട്ടില്ല എന്നാണ് അപ്പയും അമ്മയും പറഞ്ഞിട്ടുള്ളത്.
ഞാൻ പറഞ്ഞില്ലേ എന്റെ ജീവിതാഭിലാഷമായിരുന്നു പോലീസിൽ ചേരുന്നത്
കൃത്യനിഷ്ഠ, സമയനിഷ്ഠ, അച്ചടക്കം, പെരുമാറ്റ ചട്ടങ്ങൾ, ഇതൊക്കെ കിറുകിറുകൃത്യമായി പാലിച്ചിരുന്നു ഞാൻ;
ഒരു പക്ഷെ ഞാൻ കണ്ടു വളർന്ന എന്റെ വീട്ടിലെയും, ചുറ്റുപാടുള്ളവരുടെയും, കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും കൈയ്യിൽ നിന്ന് ഒക്കെ കിട്ടിയ ജാത്യാ ഗുണങ്ങളാവാം, ഇന്നും എന്നും എന്നെ മുന്നോട്ടു നയിക്കുന്നത്.
കളങ്കമില്ലായ്മ, യാതൊരു ഉത്കണ്ഠയും കൂടാതെ മനസ്സുറപ്പിക്കാനുള്ള ധൈര്യം,
ഭയന്ന് വിറച്ചു പേടിച്ചു മാറി നിൽക്കാത്ത പ്രക്രതം. അതിനു എന്റെ അപ്പയെയും അമ്മയെയും എത്ര നമിച്ചാലും പറ്റില്ല
ഇന്നത്തെ ഓരോരോ ഏറ്റു പറച്ചിൽ പെരുമഴ കേൾക്കുമ്പോൾ,
ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്
ഞാൻ എങ്ങനെ വളർന്നിവിടം വരെ എത്തി
ആദ്യമായി ആൺകുട്ടികളുടെ കൂടെ പഠിക്കാൻ തുടങ്ങിയത് 17 വയസ്സിൽ. അതിനു മുൻപു , ഏറ്റവും ഇഷ്ടമുള്ള എന്റെ കൂട്ടുകാരികളുടെയും കന്യാസ്ത്രീകളുടെയും കൂടെയുള്ള മനോഹര ജീവിതം.
17 വയസ്സിൽ വന്നു പെട്ടതോ മിടുക്കരായ പുലികളുടെ മടയിൽ
എന്നിട്ടും എങ്ങനെ ഇവിടെ വരെ എത്തി
എന്റെ വീട്ടിൽ എങ്ങാനും ആരെങ്കിലും ഞ്ഞോണ്ടി, തോണ്ടി, ദേഹത്തു കൈ വെച്ചു
ഞാൻ പേടിച്ചു പോയി, ഞാനെന്തോ ചെയ്യാനാ? എന്നെങ്ങാണും പറഞ്ഞു വന്നാൽ
തിരികെ പോയി ചെയ്തവനിട്ടു രണ്ടു കൊടുക്കാതെ, അവൻ മേലിൽ ഒരാളെ അങ്ങനെ ചെയ്യില്ല എന്നുറപ്പു വരുത്താതെ , കഞ്ഞി വെള്ളം കിട്ടില്ല
പിന്നെ അങ്കം കുറിച്ച പോലെ ആണ്
ഞങ്ങാളാരും അതിനു ഇടം കൊടുക്കാറില്ല, ഞങ്ങളുടെ അവകാശങ്ങളും, അതിർവരമ്പുകളും നല്ല നിശ്ചയം ആയിരുന്നു
ഭയമില്ലാതെ ജീവിക്കാനും, ഏതു പ്രതിസന്ധിയെയും നേരിടാനും, ആവശ്യമെന്നു തോന്നുന്നിടത്തു സ്വയം തീരുമാനം എടുത്തിട്ട് പ്രതികരിക്കാനും,
മുന്നോട്ടു കാൽ വെച്ചിറങ്ങിയാൽ പിന്നെ ഞഞ്ഞാ, പിഞ്ഞാന്നു പറഞ്ഞു മോങ്ങാതെ ധൈര്യപൂർവം ഭവിഷ്യത്തു നേരിടാനും , ബുദ്ധിയോടെ പെരുമാറാനും ആണ് ആദ്യം പഠിപ്പിച്ചത് ..
അതിനുള്ള ധൈര്യം എന്നും വെച്ച് പുലർത്തിയിരുന്നു.
ആണിനേയും പെണ്ണിനേയും മാറ്റി നിർത്തി ജീവിക്കണ്ട ഗതികേട് വന്നിട്ടില്ല
സമരം, ഘെരാവോ, ജയിലിന്റെ മുന്നിൽ കാവൽ, ഇലക്ഷൻ പ്രവർത്തനം, വോട്ടു പിടിത്തം, കോളേജിലെ എല്ലാ പരിപാടിക്കും പൂക്കളം, കുളിർമ -കാപ്പിക്കട, ഓട്ടം, ചാട്ടം, കളി, വിനോദസഞ്ചാര സമയത്തെ ഓരോരോ കമ്മറ്റികൾ , ക്രിക്കറ്റ് എന്നതിന്റെ ABCD അറിയാത്ത ഞാനൊക്കെ, കുഴലിൽ കൂടി, സ്കോറും വിളിച്ചു പറഞ്ഞു നടക്കുന്ന Ransley എന്ന അള്ളിയെ നോക്കിയിരിക്കുക ,
എന്നിട്ടു സാറന്മാര് getout അടിക്കുക… എന്തൊക്കെ പറയാനുണ്ട്
ഒക്കെ എഴുതണം എനിക്കും ഓർത്തോർത്തു ചിരിക്കണം എന്നിട്ടു പറയാം
ME TOOOO എന്നാലെനിക്കെന്തു എന്ന്
ഞാനും കൂടുന്നു
കേരളത്തിന്റെ പുനർ നിർമ്മാണത്തിന്റെ കൂടെ MeToo2RebuildKerala
അനാവശ്യമായ അതിമോഹങ്ങളും, അത്യാഗ്രഹങ്ങളും ഇല്ല,
മനുഷ്യരെ സ്നേഹിക്കാനുള്ള മനസ്സ്, സഹാനുഭൂതി, സമയം പറഞ്ഞാൽ മരിച്ചാണെങ്കിലും അത് പാലിക്കാനുള്ള വ്യഗ്രത, ചെയ്യുന്നതെന്തും സൂക്ഷ്മമായി ചെയ്യണമെന്നുള്ള കാർക്കശ്യം,
പിന്നെ പട്ടാളത്തിലുള്ള അമ്മാച്ചൻറെ ഒന്ന് മുരണ്ടാൽ അങ്ങ് അഷ്ടമുടിയിൽ കേൾക്കുന്ന ശബ്ദവും,ആജ്ഞാശക്തിയുള്ള പ്രകൃതവും കണ്ടു വളർന്നതിൽ നിന്ന് കിട്ടിയ അപാരമായ പോലീസ് പ്രേമം
എന്റെ കുഞ്ഞുന്നാളിലേ ദൃഢമായ വിശ്വാസം പോലീസുകാരും, പട്ടാളക്കാരും മാത്രമാണ് ഈ ലോകത്തിൽ അസംബന്ധങ്ങൾ ഇല്ലാതെ കൃത്യനിഷ്യയോട് കൂടി കാര്യങ്ങൾ ചെയ്യുന്നവർ എന്നായിരുന്നു. ,
Leave A Comment