എല്ലാവരും ഇന്നത്തെ ചെറുപ്പക്കാരെ പറ്റി ഒത്തിരി ഒത്തിരി ആകുലപ്പെടുന്നുണ്ടായിരുന്നു
എല്ലാം തികഞ്ഞ കുട്ടികൾ
പുതിയ ഫോണിന്റെയും വണ്ടിയുടെയും ഉടുപ്പിന്റെയും ഒക്കെ പിറകെ പോകുന്ന
ചെത്ത് പിള്ളേർ
ഒരു പ്രയാസവും അറിയാതെ വളരുന്ന
പറന്നു നടക്കുന്ന ചിത്രശലഭങ്ങൾ
ഇന്നിപ്പോൾ CM എന്ന CRISIS MANAGER – ന്റെ കീഴിൽ അവരങ് തിളങ്ങി
പിടിച്ചാൽ കിട്ടാത്ത പടക്കുതിരകളായി
വെള്ളത്തിൽ പെട്ടവരെ എടുത്തോണ്ടോടി
കിട്ടിയവരെ പൊക്കിയെടുത്തു നീന്തി,
കുത്തിയൊലിക്കുന്ന വെള്ളത്തിന് കുറുകെ
കെട്ടിമുറുക്കിയ കയറിൽ തൂങ്ങി
ആളുകളെ തീരത്തെത്തിച്ചു
വള്ളം ഉന്തിയും തുഴഞ്ഞും ജീവനുകൾ രക്ഷിച്ചു
അമ്മമാരെയും കുഞ്ഞുങ്ങളെയും ചെമ്പിലും അണ്ടാവിലും കയറ്റി ഉന്തി
കുഞ്ഞുങ്ങളെ തോളിലും, തലയിലും എടുത്തു
എല്ലാം നെഞ്ചോട് ചേർത്ത് പിടിച്ചു
നിങ്ങൾ കര കയറ്റിയത് മനുഷ്യരെയും
വളർത്തു മൃഗങ്ങളെയും,മാത്രമല്ല
സ്വപ്നങ്ങളെയും പ്രതീക്ഷയേയും
നിങ്ങൾ ക്കൊരു ഭാഷ മാത്രമേ ഉണ്ടായിരുന്നുള്ളു
ആവേശം ആവേശം ആവേശം
ഇത്രയും നാൾ ചെത്തി നടന്നപ്പോൾ കിട്ടാത്ത ആവേശം
മനുഷ്യനാവാനുള്ള ആവേശം
മലയാളിയുടെ ആവേശം ചോര തിളയ്ക്കുന്ന ആവേശം
എന്തെങ്കിലും ചെയ്യണം മുൻപിൻ നോക്കാതെ
സ്നേഹിക്കാൻ
സമർപ്പിക്കാനുള്ള ആവേശം
നിങ്ങൾ ഓരോരുത്തരെയും ഞാനെന്റെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു നിങ്ങളാണ് ഈ കൊച്ചു കേരളത്തെ മുന്നോട്ടു നയിക്കാൻ പോകുന്നവർ നിങ്ങൾക്കു കിട്ടിയ അവസരം നിങ്ങൾ ഉപയോഗിച്ചു
നിങ്ങൾ കറ തീർന്ന മലയാളി ചുണ കുട്ടികൾ തന്നെ
ആരും പറയാതെ നിങ്ങൾ ഭരണ യന്ത്രം തിരിക്കുന്ന വരുടെ കൂടെ ചേർന്ന്
ഉപ്പു തൊട്ടു കർപ്പൂരം വരെ
ചെരുപ്പ് തൊട്ടു ഉടുപ്പുവരെ
പാൽപ്പൊടി തൊട്ടു റൊട്ടിവരെ
ചാക്കിലും സഞ്ചിയിലും കാർട്ടണിലും നിറച്ചു
നിങ്ങൾ നിമിഷനേരത്തിൽ ഓഫീസും, സ്കൂളും ഗോഡൗൺ ആക്കി
നോക്ക് കൂലിയില്ലാത്ത ചുമട്ടു തൊഴിലാളിയായി
നിങ്ങളുടെ മൃദുലമായ വിരലുകളിലൂടെ കടന്നു പോയ സാധനസാമഗ്രികകൾ ആണിന്നു കൊച്ചു കേരളത്തിലെ ഓരോ മലയാളിയും ഉപയോഗിക്കുന്നത്
നിങ്ങളെ ഓർക്കാത്ത, നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാത്ത ഒരു മനസ്സും ഉണ്ടാവില്ല
ക്യാമ്പുകളിലെ കൈ താങ്ങായി നിങ്ങൾ
കൊടുക്കാനും, എടുക്കാനും, കുളിമുറികൾ, വിശ്രമമില്ലാതെ കഴുകാനും
വീ ണ്ടും നിങ്ങൾ വന്നു , തൂമ്പയും, മൺവെട്ടിയും ചൂലും, വടിയുമായി
പ്രളയം കയറിയിറങ്ങി പോയ
വീടുകൾ വൃത്തിയാക്കാൻ
നിങ്ങൾ ഇനി പിന്നോട്ട് പോകില്ല
നിങ്ങൾ മിടുക്കരാണ്
നിങ്ങൾ ചുണക്കുട്ടികൾ
മലയാളികുട്ടികൾ
എവിടെയും തിളങ്ങുന്ന നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്
നിങ്ങൾ ജാതി നോക്കിയില്ല ചോദിച്ചില്ല പറഞ്ഞതുമില്ല
നിങ്ങൾ രാഷ്ട്രീയം ഓർത്തില്ല
വേർതിരിവ് കാട്ടിയതുമില്ല
അപ്പോൾ പിന്നെ നിങ്ങൾക്കല്ലേ ഏറ്റവും കൂടുതൽ വകതിരിവുള്ളതു
നിങ്ങൾ നാടിന്റെ സ്വത്താണ്
നിങ്ങൾ നാടിന്റെ മുത്താണ്
Leave A Comment