പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മളുടെ സമൂഹത്തിലെ സ്ത്രീകളും, താരതമ്യേനെ കുറഞ്ഞ തോതിൽ പുരുഷന്മാരും അനുഭവിക്കുന്നത്.
ഗാർഹിക പീഡനങ്ങൾ, സ്ത്രീധനം, ബലാൽക്കാര മുറകൾ, ഭീഷണികൾ, വൈകാരികമായ അധിക്ഷേപങ്ങൾ, ഇങ്ങനെ ഒരായിരം പ്രവണതകൾ.
സ്ത്രീപീഡനം, ലിംഗ അസമത്വം, ബാലപീഡനം, ലൈംഗിക അതിക്രമം, ലൈംഗിക ദുരുപയോഗം തുടങ്ങിയവ കേരളത്തിലോ, ഇന്ത്യയിലോ മാത്രം കണ്ടുവരുന്ന പ്രശ്നങ്ങളല്ല. ലോകമെമ്പാടുമുള്ള പ്രശ്നമാണിത്. സ്ത്രീധനം എന്ന സമ്പ്രദായം ഇല്ലാത്ത പാശ്ചാത്യ രാജ്യങ്ങളിലും പീഡനങ്ങളും, കൊലപാതകങ്ങളും ധാരാളമാണ്.
എന്താണൊരു പോംവഴി? എന്തെല്ലാം തിരുത്തൽ നടപടികളും, പ്രതിരോധ നടപടികളുമാണ് നമ്മൾ കൈക്കൊള്ളേണ്ടത്.
സമൂലമായ മാറ്റത്തിന് സർക്കാരും, ജനങ്ങളും തയ്യാറായാൽ മാത്രമേ പൂർണമായ സാമൂഹിക ശാക്തീകരണം ഉണ്ടാവൂ. ജനത്തിന്റെ സുരക്ഷയും, സമാധാനവും, സന്തോഷവും ഉറപ്പു വരുത്താതെ സാങ്കേതികവും, ശാസ്ത്രപരവും, സാമ്പത്തികവുമായ വികസനങ്ങൾ എത്രമാത്രം ഉണ്ടായാലും, വികസനങ്ങൾ ആസ്വദിക്കേണ്ടവർ സ്വയം ജീവനൊടുക്കിയും, പരസ്പരം ജീവനൊടുക്കിയും ഇല്ലാതായാൽ; എന്ത് തന്നെ ആർജിച്ചിട്ടും ഒരു കാര്യവുമില്ല .
നമ്മളുടെ പ്രശ്നം നിയമങ്ങളുടെ അഭാവമല്ല. നിയമങ്ങളെക്കുറിച്ചും, അവകാശങ്ങളെകുറിച്ചും, പരിധികളെ കുറിച്ചുമുള്ള അജ്ഞതയാണ്, നിലവിലുള്ള നിയമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ചിട്ടയായതും ഉചിതവുമായ സംവിധാനമില്ല എന്നുള്ളതാണ്. നിലവിലുള്ളതും, കാലാകാലങ്ങളായി മാറുന്നതുമായ നിയമങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കേണ്ട ചുമതല സർക്കാരി ന്റേതാണ്.
എല്ലാത്തിന്റെയും അവസാനത്തേതും ആദ്യത്തേതുമായ കണ്ണി മനുഷ്യനാണ്. സ്ത്രീയും പുരുഷനും ആണ്. സ്ത്രീയും പുരുഷനും ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണ്, ഉയരങ്ങളിലേക്ക് പറന്നുയരാൻ ചിറകുകൾ രണ്ടും ഒരുപോലെ ചലിപ്പിച്ചു കൊണ്ടേയിരിക്കണം. ഒത്തൊരുമിച്ചു ഉയർന്നു പറക്കാൻ സാധിക്കാത്തപ്പോൾ തകരുന്നത് കുടുംബങ്ങളും സമൂഹവുമാണ്.
ജാതിമത ഭേദമെന്യേ ലോകമെമ്പാടുമുള്ള മനുഷ്യർ വിവാഹത്തെയും, കുടുംബത്തെയും മനുഷ്യ സമൂഹത്തിന്റെ ഘടനയുടെ അടിത്തറയായി കണക്കാക്കുന്നു. പുരുഷന്റെയും, സ്ത്രീയുടെയും ആത്മീയ ഐക്യവും കൂട്ടായ്മയുമാണ് വിവാഹം. സമൃദ്ധിയിലും പ്രതികൂല സാഹചര്യത്തിലും പരസ്പരം സഹായവും ആശ്വാസവും ആവുക എന്നതാണ് വിവാഹം എന്ന ആജീവനാന്ത ഉടമ്പടി കൊണ്ടു ഉദ്ദേശ്ശിക്കുന്നതു. വിവാഹം സമത്വത്തെയും വൈവിധ്യത്തെയും കുറിച്ചാണ്. രണ്ടു കുടുംബങ്ങളുടെ ചേർച്ചയാണ്.
അലങ്കാരങ്ങളിലും, മോടിപിടിപ്പിക്കലിലും, അടിച്ചുപൊളിയിലും, സമ്പത്തു കൈമാറലിലും മാത്രം ഒതുങ്ങുന്ന ഒന്നായി മാറാൻ പാടില്ല വിവാഹം.
വിവാഹ പ്രായമെത്തുന്ന കുട്ടികൾക്കും, മാതാപിതാക്കൾക്കും പെരുമാറ്റച്ചട്ടങ്ങളെ കുറിച്ചുള്ള പരിശീലനം നിർബന്ധമാക്കണം.
ഒറ്റപ്പെട്ട അത്യാഹിതങ്ങൾ ഉണ്ടാവുമ്പോൾ ഒച്ചപ്പാടുണ്ടാക്കുന്ന രീതികൾ കൊണ്ട് മാത്രം ഒരിക്കലും ഒരു ശാശ്വത പരിഹാരം ഉണ്ടാവില്ല. നമ്മൾക്കാവശ്യം സാഹചര്യത്തെ എങ്ങനെ നേരിടണമെന്നുള്ള ശിക്ഷണമാണ്.
അതിനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗം വിദ്യാഭ്യാസമാണ്. കുഞ്ഞുങ്ങളെ ഒന്നാം ക്ലാസ് മുതൽ സാമൂഹിക നൈതികതയും, പൗരബോധവും, ധാർമ്മിക ഉത്തരവാദിത്വവും പാഠ്യപദ്ധതികളിലൂടെ പഠിപ്പിക്കുക എന്നതാണ്.
വര്ത്തമാനകാല സാമൂഹ്യ സംഭവങ്ങൾ ഉദാഹരി ച്ചു വേണം പാഠ്യപദ്ധതി തയ്യാറാക്കാൻ. നിരന്തരമായ മെച്ചപ്പെടുത്തൽ വേണ്ടുന്ന മേഖലയാണിത്. ഇത് നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരായ, പഠിപ്പും, പരിചയസമ്പത്തും, വൈശിഷ്ട്യവുമുള്ള അദ്ധ്യാപകർ ആവശ്യമാണ്.
ഇന്നിപ്പോൾ ഒഴിവാക്കാനാവാത്ത ആവശ്യകതകളാണ് സ്മാർട്ട് ഫോണും, ഇന്റർനെറ്റും. നിരന്തരമായി സ്മാർട്ട് ഫോണുകളിൽ വ്യാപൃതരായിരിക്കുകയും മറ്റുള്ളവരെ ശ്രദ്ധിക്കാതെയും അരികിലുള്ള പങ്കാളികളെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥ പല ബന്ധങ്ങൾക്കും കോട്ടം തട്ടാൻ ഇടയാക്കുന്നു. അനാദരവും അവഗണനയും അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു. വൈകാരിക അടുപ്പം ഇല്ലാതാവുന്നു.
വിവാഹ ബന്ധങ്ങളെയും, സംതൃപ്തിയെയും സമൂഹത്തെയും ബാധിക്കുന്ന മറ്റൊരു പ്രവണതയാണ് രഹസ്യമായി അശ്ലീലസാഹിത്യത്തിൽ ഏർപ്പെടുന്നത്, പലപ്പോഴും ഈ പ്രവണത തങ്ങളുടെ പങ്കാളിയെക്കുറിച്ചും ലൈംഗിക സ്വഭാവത്തെക്കുറിച്ചും യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ സൃഷ്ടിക്കുന്നു. ഇവയൊന്നും രണ്ടു ദശാബ്ദകാലത്തിനപ്പുറം ഉണ്ടായിരുന്ന പ്രശ്നങ്ങളല്ല, എന്നാൽ ഇത്യാദി സംഗതികൾ ഇന്നത്തെയും വരും തലമുറയുടെയും ദൈനം ദിന പ്രശ്നമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ , ഇങ്ങനെയുള്ള നിരവധി വർത്തമാന കാലപ്രവണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും ഉപദേശങ്ങളും പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ, മാധ്യമങ്ങൾ, നിയമപാലകർ, വിനോദ വ്യവസായത്തിൽ ഏർപ്പെടുന്നവർ; സമൂഹത്തിന്റെ സമതുലിതാവസ്ഥ നിലനിർത്തുന്നതിന് വളരെയധികം സംഭാവനകൾ ചെയ്യുന്ന എല്ലാ മേഖലയിലുള്ളവരെയും കോർത്തിണക്കി ഒരു സമഗ്രമായ പദ്ധതി വേണം സർക്കാർ ആവിഷ്കരിക്കേണ്ടത്.
നിയമങ്ങളും പരിഷ്കാരങ്ങളും സമൂഹത്തിന്റെ അടിത്തട്ടിലെത്താനുള്ള പദ്ധതികൾ ഉടനടി ആസൂത്രണം ചെയ്യണം.
നാടിൻറെ എല്ലാ തട്ടിലുമുള്ള ആളുകളിലേക്കും സന്ദേശങ്ങൾ എത്തിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കണം. Email, Mobile Messaging, Whatsapp, Twitter, Instagram, Apps, Television Channels, Radio, ഇത്യാദി നിരവധി മാർഗ്ഗങ്ങളാണ് നമ്മുടെ മുന്നിൽ ഇപ്പോഴുള്ളത്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികളുടെ മനഃശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ പ്രത്യേക അദ്ധ്യാപകർ ഉണ്ടായിരിക്കണം, മാത്രമല്ല ഇപ്പോൾ നിലവിലുള്ള അദ്ധ്യാപകർക്കെല്ലാം തന്നെ ഇത്യാദി വിഷയങ്ങളിൽ പരിശീലനം നൽകുകയും അവരുടെ പെരുമാറ്റ രീതികൾ നിരന്തരം നിരീക്ഷിക്കുകയും മൂല്യങ്ങൾ വിലയിരുത്താനുള്ള സംവിധാനം ഏർപ്പാടാക്കുകയും വേണം
കർശനമായ ഇടപെടലും, നിയമങ്ങളും കൊണ്ടെങ്ങനെ ഒരു സ്ഥിതിവിശേഷത്തെ നിയന്ത്രിക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്, DRIVING LICENSE. ഇത് നമ്മൾക്ക് ഓരോരുത്തർക്കും കിട്ടുന്ന ഒരു പ്രത്യേകാനുകൂല്യം ആണ്.
മനുഷ്യരാരും തന്നെ അച്ചടക്കത്തോടെ ജനിച്ചവരല്ല, നിയമങ്ങൾ പാലിക്കുന്നതിനായി, അച്ചടക്കമുള്ള വ്യക്തിയായി മാറുന്നതിനായി മനുഷ്യ മനസ്സിനെ നമ്മുടെ കഴിവുകളും ശിക്ഷണവും ഉപയോഗിച്ച് പരിപോഷിപ്പിചെടുക്കുകയാണ്.
കരയിലൂടെയും, വെള്ളത്തിലൂടെയും, ആകാശത്തിലൂടെയും വണ്ടി ഓടിക്കുന്നതിനു പ്രത്യേക നിബന്ധനകൾ, അനുവാദം കിട്ടാനുള്ള പ്രായപരിധി, നിബന്ധനകൾ ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷാനടപടികൾ. ലംഘനങ്ങൾ പിടിക്കാനുള്ള സംവിധാനങ്ങൾ. ഈ ചട്ടങ്ങളെല്ലാം സമയാസമയങ്ങളിൽ കോഡീകരിക്കുന്നതിന്റെ ഉത്തരവാദിത്വം അതാതു സർക്കാരിന്റേതാണ്.
ഓരോ ലൈസൻസ് ഉടമയുടെയും ഉത്തരവാദിത്തമാണ്ശ്രദ്ധാപൂർവ്വം വാഹനമോടിക്കുന്നതും, അപകടങ്ങളും, നിയമലംഘനങ്ങളും വരുത്താതിരിക്കുന്നതും. വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ ഉണ്ടാകുന്ന ഓരോ പിഴയും ശിക്ഷാർഹമാണ്. .അതെല്ലാം തന്നെ അവരവരുടെ സ്വകാര്യവ്യക്തിഗത വിവരങ്ങളിൽ ചേർത്തിരിക്കും. മുദ്രവെച്ച ഈ വിവങ്ങൾ ഒരിക്കലും മാറ്റാനോ തിരുത്താനോ സാധിക്കയില്ല.
നിയമങ്ങൾ പാലിച്ചു വണ്ടി ഓടിക്കുന്നത് പോലെ തന്നെ നിർണ്ണായകമാണ് വിവാഹ ബന്ധങ്ങളുടെ നിബന്ധനകൾ മനസ്സിലാക്കി പാലിക്കേണ്ടത്.
പൗരന്മാരുടെ വിവരങ്ങളും ബയോമെട്രിക്സും അടങ്ങിയ ഡാറ്റാബേസ് ആധാർ രൂപത്തിൽ ഇപ്പോൾ നിലവിലുള്ള സ്ഥിതിക്ക് ഓരോ വ്യക്തിയുടെയും അത് പുരുഷനായാലും സ്ത്രീയായാലും അവരുടെ വിദ്യാഭ്യാസ കാലം മുതലുള്ള സ്വകാര്യ വിവരങ്ങൾ, ക്രിമിനൽ രേഖകൾ ഇതെല്ലം രേഖപ്പെടുത്തിയിരിക്കണം.
ഒരു വ്യക്തിയും ഡ്രൈവറായി ജനിക്കുന്നില്ല, പലതരത്തിലുള്ള നടപടിക്രമങ്ങളും നിബന്ധനകളും പാലിച്ച്, പരിശീലകരുടെ മാർഗനിർദ്ദേശത്തോടെ വാഹനമോടിച്ച്,പരീക്ഷകൾ പാസ്സായി, വൈദ്യശാസ്ത്രപരമായ യോഗ്യത നേടിയാൽ മാത്രമേ ലൈസൻസ് കിട്ടുകയുള്ളു.
വിവാഹത്തിന് തയ്യാറെടുക്കുന്നതിനു മുന്നേ സമ്പത്തും സ്വത്തും അന്വേഷിക്കുന്നതിന്റെ കൂടെ ഓരോ വ്യക്തിയുടെയും പശ്ചാത്തലം മനസ്സിലാക്കാൻ ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കണം . ഗാർഹിക പീഡനം, മോഷണം, തുടങ്ങിയ ഹാനികരമായ എല്ലാ പ്രവർത്തികളുടെയും രേഖകൾ Data Base-ൽ ഉണ്ടായിരിക്കണം. ഇവ സ്വകാര്യ വിവരങ്ങളാണെങ്കിലും വിവേകപൂർണ്ണമായ ഉപയോഗത്തിനായി ലഭ്യമാക്കിയിരിക്കണം.
ഇന്നത്തെ മാതാപിതാക്കളുടെ അഭിലാഷം അവരുടെ കുട്ടികൾക്ക് ഏറ്റവും മികച്ച സുഖസൗകര്യങ്ങൾ നൽകുക എന്നതാണ്, തങ്ങൾക്ക് നിഷേധിക്കപ്പെട്ട എല്ലാ സുഖസൗകര്യങ്ങളും തങ്ങളുടെ കുട്ടികൾക്ക് ഉണ്ടായിരിക്കണമെന്ന അന്ധമായ ധാരണയാണ് കുട്ടികളെ യാഥാർഥ്യങ്ങളിൽ നിന്നും അകറ്റുന്നത്. ജീവിത യാഥാർത്ഥ്യങ്ങളെ എങ്ങനെ നേരിടാമെന്ന് മനസിലാക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം പൊതുവെ നടക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.
ആകെയുള്ള ആശ്രയം വാർത്തകളും, സിനിമകളും, മാധ്യമങ്ങളും, പത്രങ്ങളും, വാരികകളും, ട്രോള്, ഫോണുകളിലൂടെയും ഈമെയിലിലൂടെയും പായുന്ന സന്ദേശങ്ങളുമാണ്. ഇന്നിപ്പോൾ ജീവിതത്തെ നിയന്ത്രിക്കുന്നത് ഇത്യാദി കാര്യങ്ങളാണ്. യാഥാർഥ്യങ്ങളും വരും വരായ്കളും മനസ്സിലാക്കാനുള്ള കഴിവില്ലായ്മ, വിവേകക്കുറവ് ഇതെല്ലം അടിസ്ഥാന പ്രശ്നങ്ങളാണ് .യഥാർത്ഥ ജീവിതത്തിൽ കുട്ടികളെ പങ്കാളികളാക്കാനും സമൂഹത്തിനോടുള്ള അവരുടെ പ്രതിബദ്ധതയെ പറ്റി ബോധവാന്മാരാക്കാനുമുള്ള ശ്രമം നടത്തണമെങ്കിൽ ഒരു സാമൂഹിക സാംസ്കാരിക വിപ്ലവം ഉണ്ടായാലേ മതിയാവൂ.
വിവാഹം ഒരു വിശേഷാധികാരമാണ്, ഒരു സാമൂഹിക വ്യവസ്ഥയാണ് അതുകൊണ്ടു തന്നെ വിവാഹത്തിന് തയ്യാറെടുക്കുന്ന സ്ത്രീയെയും പുരുഷനെയും അടുത്ത ബന്ധുക്കളെയും മൂല്യങ്ങളെ പറ്റി ബോധവാന്മാരാകേണ്ട ബാധ്യത നമ്മുടെ മാതാപിതാക്കളിലും , കാരണവന്മാ രിലും, മത-രാഷ്ട്രീയ നേതാക്കന്മാരിലും നിക്ഷിപ്തമാണ്. വിവാഹത്തിന്റെ പ്രാധാന്യം, പൊരുൾ, പാലിക്കേണ്ട ചട്ടങ്ങൾ, ഓരോ വ്യക്തിയുടെയും അവകാശങ്ങളും അതിർവരമ്പുകളും, സ്വാഭാവിക ലൈംഗികത, ബന്ധങ്ങൾ, രക്ഷാകർതൃ പിന്തുണ, പങ്കാളിത്തവും അടുപ്പവും, ജോലി സമ്മർദ്ദം, ജീവിത പരിവർത്തനങ്ങൾ, സങ്കടവും നഷ്ടവും, ആത്മാഭിമാനം, ശരീര സ്വീകാര്യത, വ്യക്തിത്വം, വേര്പിരിയാനുള്ള പ്രവണതകൾ, തുടങ്ങിയ പൊതുവായ കാര്യങ്ങളെ കുറിച്ചും, ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത ഉറക്കമില്ലായ്മ, ബൈപോളാർ, മുൻകോപം, സമ്മർദ്ദം, വൈകാരികവും മാനസികവുമായ ആഘാതം, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ ക്ലിനിക്കൽ പ്രശ്നങ്ങളെ കുറിച്ചും പഠിപ്പിക്കയും, ഓരോ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കയും വേണം.
എന്റെ അറിവിൽ വീട്ടിൽ ആരും ഇതൊന്നും പറഞ്ഞു തരുന്നില്ല. ചില മതവിഭാഗങ്ങളിൽ കല്യാണത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഒരു ചടങ്ങെന്നവണ്ണം ഇത് നടക്കാറുണ്ട്. ഇത് എത്ര മാത്രം ഗൗരവമായി കണക്കാക്കപ്പെടുന്നു എന്നെനിക്കറിയില്ല.
ഇപ്പോൾ നടപടിയെടുത്തില്ലെങ്കിൽ ഇന്നത്തെ ദുരവസ്ഥ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് പല ദുരന്തങ്ങളിലേക്കും വ്യാപിക്കും; ഇത് സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ദുർബലപ്പെടുത്തുകയും ചെയ്യും.
ജനപങ്കാളിത്തത്തോടെ സർക്കാർ ഈ ചുമതല ഏറ്റെടുക്കണം. നമ്മൾ ജനങ്ങൾക്ക് കൈ കോർത്ത് നല്ലൊരു സമൂഹത്തെ സൃഷ്ടിക്കാം.
കേരളം ഒരു മാത്രക ആവട്ടെ
സുരക്ഷിതമായ, സുന്ദരമായ, സ്വസ്ഥമായ, സ്ഥായിയായ, സുസ്ഥിരമായ, സന്തോഷമുള്ള, സമാധാനമുള്ള, സമത്വമുള്ള , ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിക്കാം.
Leave A Comment