പ്രകൃതി അമ്മയെ പോലെ ആണ്, ‘അമ്മ, പലപ്പോഴും ക്ഷമയുടെ പര്യായം ആവുന്നു, പലതും പൊറുക്കുന്നു, മറക്കുന്നില്ല, എങ്കിലും ക്ഷമിക്കുന്നു.
അതുപോലെ തന്നെ പ്രകൃതിയും എത്ര പെട്ടെന്നാണ് മനുഷ്യൻ വരുത്തിവെച്ച വിനകളെല്ലാം പൊറുക്കാൻ തയ്യാറായത്, പ്രകൃതിയിലെ ഓരോ ജീവജാലവും എന്തെല്ലാം കാഴ്ചകളാണ് നമ്മൾക്കായി ഒരുക്കുന്നത്.
പന്തീരാണ്ടായി പ്രകൃതിയോട് ചെയ്ത പാതകമെല്ലാം പത്തന്പതു ദിവസം കൊണ്ട് പൊറുത്ത പോലെയുള്ള കാഴ്ചകളാണ് ഈയിടെയായി നമ്മൾക്ക് ചുറ്റും കാണാൻ കഴിയുന്നത്.
നൃത്തം വെക്കുന്ന മയിലുകളും, കൂട്ടത്തോടെ പറന്നിറങ്ങുന്ന ദേശാടനകിളികളും, ഭയമില്ലാതെ വിലസുന്ന മൃഗങ്ങളും, കിളികളും, പുഴകളിൽ നിറയുന്ന മത്സ്യങ്ങളും , കരയിൽ വന്നു മുട്ടയിട്ടു പോകുന്ന കടലാമകളും, Bio luminescence എന്ന് വിളിക്കുന്ന കടലിലെ പ്രകാശ കിരണം വമിക്കുന്ന algaeയും അതിൽ ചിലതു മാത്രം.
പ്രകൃതി സ്വയം സുഖപ്പെടുന്നതിന്റെ സന്തോഷത്തിലാണ് നമ്മൾ, ഈ പ്രപഞ്ചത്തിൽ നമ്മൾ വെറും വാടകക്കാരാണെന്ന ബോധം നമ്മൾക്കുണ്ടാവണം, ചുറ്റുമുള്ള ജീവജാലങ്ങളെ കരുതാനും, ഉൾകൊള്ളാനും നമ്മൾ പഠിക്കണം.
കൊറോണക്ക് മുൻപും, പിൻപും എന്നൊരവസ്ഥയിലാണിപ്പോൾ ലോകമാസകലം.
വളരെ കുറച്ചു സമയമേ ഈ ഭൂമിയിൽ ഞാൻ ജീവിക്കുന്നുള്ളൂ. ഞാൻ ചെയ്യുന്നതൊക്കെ ആർക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്. ഞാൻ ചെയ്യുന്നതിന്റെ അനന്തരഫലം വളരെ നിസ്സാരമാണെന്നെനിക്കറിയാം.
പലതും ആലോചിച്ചിരുന്ന ഞാൻ തല ഉയർത്തിയതും, ജനലിന്റെ വെളിയിലായി ഒരു കുഞ്ഞു കിളി, എന്നെതന്നെ സൂക്ഷിച്ചു നോക്കുന്നു. തീരെ പ്രതീക്ഷിക്കാത്ത കാഴ്ച, വിശ്വസിക്കാനായില്ല.
ഇളം തവിട്ടു നിറത്തിലെ തൊപ്പി, ചുണ്ടിൽ കടും തവിട്ടു നിറത്തിലെ മാസ്ക് കെട്ടിയപോലെ, ദേഹമെല്ലാം വെളുത്തിട്ടു, എന്റെ അമ്മ, പള്ളിയിലുടുക്കുന്ന ചാരുതയേറിയ, ലക്ഷണമൊത്ത സാരി പോലെ… യാതൊരു സങ്കോചവുമില്ലാതെ എന്നെ സൂക്ഷിച്ചു നോക്കിയിട്ടു ജനലിന്റെ പടിയിൽ ഒന്നുകൂടി കാലുകൾ ഉറപ്പിച്ചിരുന്നു.. ഒരു ഓർമ്മപെടുത്തൽ പോലെ.
ഞാനപ്പോളാണ് ഇന്നത്തെ ദിവസം ശ്രദ്ധിച്ചത്
ഇന്ന് മെയ് മാസം 16, 11 വര്ഷങ്ങള്ക്കു മുന്നേ;
എന്റെ അമ്മയുടെ ഓജസ്സും, പ്രസരിപ്പും , കൂർമ്മ ബുദ്ധിയും, അസാധാരണമായ യുക്തിയും, ബോധവും, ഇച്ഛാശക്തിയും, അനുകമ്പയും, പരമ്പരാഗതമായി കിട്ടിയ ആക്ഷേപഹാസ്യവും നിറഞ്ഞ സത്ത , ‘അമ്മയുടെ ശരീരത്തിൽ നിന്ന് വിട്ട് എന്റെ ഓർമ്മയിൽ കുടിയേറിയ ദിവസം.
അമ്മയുടെ വിയോഗത്തിന് ശേഷം ജീവിതത്തിന്റെ പ്രത്യാശയുടെ തിരിനാളങ്ങൾ പതുക്കെ പതുക്കെ ഊതി അണച്ച എന്റെ അപ്പ… അറുപതാം നാളിൽ 2009, ജൂലൈ 17ന് അമ്മയുടെ അടുത്തേക്ക് പറന്നു പറന്നു പോയത്.
കഴിഞ്ഞ 11 വർഷത്തെ എന്റെ വേഷപ്പകർച്ചകളിലേക്ക് ഒന്നെത്തിനോക്കാൻ, തന്നെ ഇനി പല ജന്മങ്ങൾ വേണ്ടി വരും.
എന്നിരുന്നാലും അമ്മയും, അപ്പയും പറയുന്നത് പലപ്പോഴും ഓർത്തുപോകാറുണ്ട്.
പൂർണ്ണമായി അനുകരിക്കാനും ആദർശമാത്രക ആക്കാനും പറ്റിയ എത്ര പേരാണ് നമ്മൾക്കുള്ളത്?
ഒന്നേ മാർഗമുള്ളൂ, നമ്മുടെ മുന്നിലുള്ള രാജ്യത്തിന്റെയും, മനുഷ്യരുടെയും, പ്രത്യേക ഗുണങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകാൻ നമ്മൾ തയ്യാറാവണം.
11വര്ഷം മുന്നേ എന്റെ ഉള്ളിൽ കുടിയേറിയ അമ്മയുടെ ആത്മാവിന്റെ ചൈതന്യവും, ശീലങ്ങളിലൂടെ, ശാഠ്യങ്ങളിലൂടെ എന്റെ കൂടെ നിരന്തരം യാത്ര ചെയ്യുന്ന എന്റെ അപ്പയുടെ മൗനവുമാണ് എന്നെ മുന്നോട്ടു നടത്തുന്നത്.
ആറ്റം ബോംബിട്ടും, പോരാഞ്ഞിട്ട് ഭൂമി കുലുങ്ങിയും ഒക്കെ പാടെ നശിച്ച ജപ്പാന്റെ തിരിച്ചു വരവിനെ പറ്റി അറിയാത്ത ആരുമുണ്ടാവില്ല. ഒരു തരി ഇരുമ്പില്ലാതെ ഇക്കണ്ട കാറെല്ലാം ഉണ്ടാക്കി, സ്റ്റീൽ , തുണി തരങ്ങൾ , ഇലക്ട്രോണിക്സ് ഇതിലെല്ലാം മുന്പന്തിയിലായ രാഷ്ട്രം.
ചൈന, ലോകത്തിന്റെ ഉല്പാദന കേന്ദ്രമായതിനെ പറ്റി പ്രത്യേകിച്ച് പറയണ്ട കാര്യമില്ല
നമ്മുട ചുറ്റുമുള്ളതു പലതും കണ്ടും അറിഞ്ഞും പഠിച്ച നമ്മൾ ഇപ്പോൾ ചിന്തിക്കേണ്ടത്, മാറ്റങ്ങളെ പറ്റിയാണ് .
നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരണം, മനഃസ്ഥിതിയും, മട്ടും, ഭാവവും മാറണം. നമ്മൾ അച്ചടക്കവും, അനുസരണയും, പ്രത്യാശയും, പ്രതീക്ഷയും ഉള്ളവരാവണം .
ഇന്ന് വരെ സഞ്ചരിച്ച തെളിഞ്ഞ വഴികളിൽ നിന്നു മാറി പുത്തൻ വഴികൾ വെട്ടി തെളിക്കണം.
നമ്മൾ ഉപഭോക്ത സമൂഹമായി മാറിയിട്ട് സംവത്സരങ്ങൾ ആയിരിക്കുന്നു.
നിർബന്ധമായി ചിന്തിക്കാതെ , ചട്ടങ്ങൾ മാറില്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ.
അതെല്ലാവരും ഒരു പോലെ വിചാരിച്ച പറ്റൂ.
ദേ, ഇപ്പൊ, കൊറോണ വന്നപ്പോൾ നമ്മൾ അടച്ചു പൂട്ടി വീട്ടിലിരുന്നില്ലേ?
അച്ചടക്കം വേണം, ഒന്ന് പറഞ്ഞു രണ്ടാമത്, കൊടി പിടിക്കാനും, സമരം ചെയ്യാനും കുത്തിത്തിരിപ്പുണ്ടാക്കാനിറങ്ങുന്നതും നിർത്തണം. മുറുമുറുക്കാനും, പിറുപിറുക്കാനും നേരമില്ല.
ആ കാലമൊക്കെ കൊറോണക്ക് മുൻപ്.
എല്ലാവരും പണി ചെയ്യാനിറങ്ങണം, മുണ്ടു മടക്കി കുത്തി, വയറു വലിഞ്ഞു മുറുക്കി പുറത്തിറങ്ങി പണി ചെയ്യണ്ട സമയം ആഗതമായിരിക്കുന്നു.
സ്വാർത്ഥത ഇല്ലാതെ, മറ്റുള്ളവർക്ക് വേണ്ടി, സ്വന്തം താല്പര്യം നോക്കാതെ നിരന്തരമായി ജോലി ചെയ്യുന്ന ഒത്തിരി പേരുണ്ടിവിടെ.
ഇനി കുറച്ചു നാൾ എല്ലാവരും, എല്ലാവർക്കും വേണ്ടി, നാടിനു വേണ്ടി, നാടിനെ പുനരധിവസിക്കാനായി, ജീവിത നിലവാരം ഉയർത്താനായി, നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്കു വേണ്ടി, പുതിയ രീതികൾ അവലംബിക്കണം.
വിയർപ്പൊഴുക്കി, ഉത്തരവാദിത്വത്തോടെ ചുമതലകൾ പഠിച്ചു, ഏറ്റെടുക്കാൻ ആൾക്കാർ മുന്നോട്ടു വരണം, അംഗീകാരത്തിനു വേണ്ടി അല്ല, അറിവും, കഴിവും പങ്കു വെക്കാനായി തുനിഞ്ഞിറങ്ങണം.
നേത്രത്വം ഏറ്റെടുക്കാൻ പുരോഗന ചിന്താഗതിയുള്ള, മുൻപിൻ നോക്കാതെ കാര്യങ്ങൾ ചെയ്യുന്ന ഒരു കൂട്ടം ആൾക്കാരെ വേണം. അവരുടെ നേത്രത്വം നമ്മുടെ നാടിന്റെ മാറ്റത്തിന് അത്യന്താപേക്ഷിതമാണ്.
ചെയ്യുന്ന ജോലിയുടെ മികവാണ് പ്രധാനം. ചെയ്യുന്ന ജോലി എത്ര ചെറുതോ വലുതോ എന്നുള്ളതല്ല , അതാദ്യാവസാനം കൃത്യമായി ഉത്തരവാദിത്വത്തോടെ, പൂർണ്ണതയോടെ ചെയ്യുക എന്നതായിരിക്കണം ഇനിയങ്ങോട്ട് നമ്മുടെ ധർമ്മം.
എല്ലാം സമഗ്രമായി പഠിക്കണം, ചെയ്യണം, നൂതന സംബ്രതായങ്ങൾ ഉപയോഗിച്ച് വേണം പരമ്പരാഗതമായ നൈപുണ്യങ്ങൾക്കു ജീവൻ നൽകാൻ.
ഭക്ഷണം, വസ്ത്രം പാർപ്പിടം അതിന്റെ കൂടെ ജോലിയും കൂടി ചേർത്ത് വായിക്കണം. ഇതിലെല്ലാം സ്വയം പര്യാപ്തത വരുത്തുക, എന്നത് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യം ആയിരിക്കണം. ആരോഗ്യം, വിദ്യാഭ്യാസം, പൗരബോധം, നല്ല ശീലങ്ങളെ കുറിച്ചുള്ള പഠിത്തം അത്യന്താപേക്ഷിതമാണ്.
ആരോഗ്യത്തിലുള്ള ശ്രദ്ധ, വൃത്തിയുടെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത സമരം, അതിപ്പോൾ അവരവരുടെ ശരീരവും, മനസ്സും , ഉപയോഗിക്കുന്ന സാധനങ്ങളും, വീടും, നാടും, പൊതുസ്ഥലങ്ങളും, പൊതുസ്വത്തുക്കളും എല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ജീവിതചര്യ ആയേ മതിയാവൂ.
ഏതു ജോലി ചെയ്താലും അത് മികവുറ്റതായിരിക്കണം.ഒരിക്കൽ ചെയ്യുക അത് ഏറ്റവും സ്രേഷ്ടമായി ചെയ്യുക, എന്നാൽ മാത്രമേ ഉത്പാദനം ആയാലും, സേവനങ്ങൾ ആയാലും ഉപഭോക്താക്കൾ വാങ്ങുകയുള്ളു. ഉപഭോക്താവിനെ നിലനിർത്തുക എന്നതായിരിക്കണം നമ്മളുടെ ലക്ഷ്യം, തുടർച്ചയായ മെച്ചപ്പെടുത്തൽ അതിന്റെ ഭാഗമാണ്.
തുറന്ന മനസ്സും, ഒരുമിച്ചുള്ള പ്രയാണവും അത്യന്താപേക്ഷിതമാണ്.
എത്രനാൾ ജോലി ചെയ്യാമോ അത്രയും നാൾ ജോലി ചെയ്യാനുള്ള അവകാശം കൊടുത്തിരിക്കണം. പ്രായം ഒരു തടസ്സമാവാൻ പാടില്ല, മുതിർന്നവരുടെയും, ജോലിയിൽ നിന്നു വിരമിച്ചവരുടെയും, അനുഭവജ്ഞാനവും, പ്രവർത്തി പരിചയവും വലിയ മുതൽക്കൂട്ടാണ്, അത് നമ്മൾ ഉപയോഗിച്ചേ മതിയാവൂ
അറിവിന്റെ വ്യാഖ്യാനങ്ങൾ എല്ലായ്പോഴും മാറിക്കൊണ്ടേ ഇരിക്കുന്നു. ഇപ്പോഴത്തെ Software പോലെ.
എന്നിരുന്നാലും എന്റെ അമ്മയിൽ നിന്നും അപ്പയിൽ നിന്നും, എണ്ണിയാൽ ഒടുങ്ങാത്ത മുതിർന്നവരിൽ നിന്നും, ഞാൻ കണ്ടു മറഞ്ഞ പലരിൽ നിന്നും, പ്രകൃതിയിൽ നിന്നുമുള്ള സ്രേഷ്ടമായ പാഠങ്ങൾ ഉൾക്കൊണ്ട് ഞാൻ മുന്നോട്ടു പോകുന്നു.
കിളി ഇപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു
എന്തായാലും ഞാൻ ഒന്ന് രണ്ടു പടം എടുത്തു
അതുകൂടി ഇവിടെ ചേർക്കുന്നു.
ഇനിയും കിടക്കുന്നു ഒരു കൂട്ടം ജോലികൾ …….
എന്റെ
അമ്മയെ പോലെ, അപ്പയെ പോലെ ..
തീരാത്ത ജോലി
Leave A Comment