അഭിമാനഹത്യ, Honour Killing പലപ്പോഴും നടത്തുക പുരുഷ മേധാവിത്വമുള്ള രാജ്യങ്ങളിലും ,ഗോത്രങ്ങളിലും, കുടുംബങ്ങളിലും ആണ്, പഴയ ചൊല്ല് പോലെ – ഇല ചെന്ന് മുള്ളേൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും ഇലക്കാണ് കേടു എന്ന തത്വത്തിൽ ഉറച്ചു നിന്നുകൊണ്ടെടുക്കുന്ന തീരുമാനങ്ങൾ, പേരുദോഷം എന്ന പേരു പറഞ്ഞു സ്ത്രീകളെ ഇല്ലാതാക്കുന്ന പ്രവണത. ഇത് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.
ഹത്യകൾ പല തരത്തിലാണ്,
ഇന്നും പലയിടത്തും കണ്ടു വരാറുള്ള വംശഹത്യയുണ്ട്, ഒരാൾ തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളുണ്ട്, വിചാരണയില്ലാതെ ന്യായം നടപ്പിലാക്കാനെന്ന വ്യാജേന ജനക്കൂട്ടം നിയമം കൈയ്യിലെടുത്തു കൊല്ലുന്ന പ്രവണതയുണ്ട്, മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകം, സ്വയ രക്ഷക്കുള്ള കൊലപാതകം, ആക്രമണ സ്വഭാവമുള്ള പെരുമാറ്റം, വീടുകളിലുള്ള ആക്രമണം.
ഉല്പത്തിമുതൽ എല്ലാ വേദങ്ങളിലും ഗ്രന്ഥങ്ങളിലും, ചരിത്രത്തിലും ഇതെല്ലം രേഖപ്പെടുത്തിയിരിക്കുന്നു.
ഏതാണ് ശിക്ഷ അർഹിക്കുന്നത്, എപ്പോഴത്തേക്കു ശിക്ഷ കിട്ടും എന്നൊക്കെ തീരുമാനിച്ചു വരുമ്പോഴേക്കും, ഒരു തരം മത്സരം എന്ന പോലെ പുതിയ പുതിയ ഞെട്ടിക്കുന്ന പീഡനങ്ങളും, കൊലപാതകങ്ങളും നമ്മൾക്ക് മുന്നിൽ നിരക്കുകയാണ്.
എല്ലാം വാർത്താ പ്രധാന്യമുള്ളവ, നമ്മളെ ബാധിക്കാത്തിടത്തോളം കാലം കേൾക്കുമ്പോൾ ഞെട്ടാം, അഭിപ്രായങ്ങൾ പറയാം, പക്ഷെ ഇതിനൊരു ശാശ്വതമായ പരിഹാരം കാണാൻ ആർക്കും പറ്റുന്നില്ല. കുറച്ചെങ്കിലും മാറ്റം വരുത്താൻ വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞാൽ ആരും ചെവികൊള്ളുന്നുമില്ല.
ഞാൻ ഇപ്പോൾ ഇവിടെ ഓർത്തെടുക്കുന്നു പണ്ട്, പണ്ട് ആഴമോ അന്തസത്തോ അറിയാതെ മത്സരത്തിന് 1970- ൽ ചൊല്ലിയ ഷേക്സ്പെയറിന്റെ ഇംഗ്ലീഷ് കവിത
The rape of Lucrece
In men, as in a rough-grown grove, remain
cave- keeping evils that obscurely sleep.
Though men can cover crimes with bold stern looks,
Poor women’s faces are their own fault’s books.
ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് ടാർക്വിനെയും ലുക്രീസിനെയുമാണ്
ചില പുരുഷന്മാരുടെ ഉള്ളിൽ കാടും പടലുമുള്ള തോട്ടങ്ങളിലെ പോലെ
തിന്മകൾ സ്പഷ്ടമല്ലാതെ മറഞ്ഞു കിടക്കും
അവർക്കവരുടെ നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ ദൃഢമായ, കര്ക്കശമായ നോട്ടവും ഭാവവും കൊണ്ട് മൂടാൻ പറ്റും
പാവം സ്ത്രീ അവളുടെ മുഖം അവളെ ഒരു തെറ്റ് കാരിയായി ചിത്രീകരിച്ചിരിക്കും
1594-ൽ Shakespeare എഴുതിയ അതിമനോഹര സൃഷ്ടിയാണ് ലുക്രീസിന്റെ ബലാത്സംഗം. റോമൻ സാമ്രാജ്യം ഭരിച്ച രാജാവിന്റെ മകൻ Tarquin ഒരു സൈനികന്റെ സുന്ദരിയായ ഭാര്യ ലുക്രീസിനെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കഥ.
അവസാനം തന്നെ നശിപ്പിച്ചവന്റെ പേര് പറയുന്നതോടൊപ്പം അവർ സ്വയം ജീവൻ വെടിയുന്നു. അതും ഒരു അഭിമാനഹത്യ, സ്വന്തം അഭിമാനത്തിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കാൻ.
ഭർത്താവും കൂടെയുള്ള സൈനികരും ചേർന്നു ലുക്രീസിന്റെ ശരീരവുമായി റോമൻ നഗരത്തിലെ തെരുവുകളിലൂടെ ജാഥയായി യാത്രയാകുന്നു, പൊതുജനം അവരുടെ പിന്നാലെ നിരക്കുന്നു, രാജകുമാരന്റെ നിന്ദ്യവും, ഹീനവും, മൃഗീയവുമായ, പ്രവർത്തിയെ പൊതുജനം അപലപിക്കുന്നതോടൊപ്പം, നിയമം കൈയ്യിലെടുത് രാജാവിനെയും കുടുംബത്തെയും റോമിൽ നിന്ന് നിഷ്കാസനം ചെയ്യുന്നു .
ഞാൻ TKM-ൽ പഠിക്കുമ്പോൾ ബാംഗ്ലൂർ ഉള്ള എന്റെ ഒരു സുഹൃത്ത്, തന്റെ ‘അമ്മ പേർഷ്യയിൽ നിന്നയച്ച പത്രത്തിലെ വാർത്ത വായിച്ചു കേൾപ്പിച്ചു.
1979-ൽ നടന്ന ഒരു സംഭവം. കഥയല്ല , കവിതയുമല്ല, ഭാവനയുമല്ല ,
അതൊരു Honour Killing, അഭിമാന ഹത്യ ആയിരുന്നു.
ഭരണാധികാരിയായ ഷാ നാട് വിട്ടതിനു തൊട്ടു പിന്നാലെ, 1979 മാർച്ച് മാസം, 4 ചെറുപ്പക്കാർ ചേർന്നു Tehran- ലുള്ള സ്കൂളിൽ നിന്ന് 13 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി, പട്ടണത്തിൽ നിന്ന് പുറത്തു കടന്ന അവർ ആ കുട്ടിയുമായി ഹൈവേയിൽ കയറി, ഒഴിഞ്ഞ ഒരു പ്രദേശം എത്തിയതും ഹൈവേയുടെ സൈഡിലായി വണ്ടി നിർത്തി അവർ 4 പേരും കൂടി ആ കുഞ്ഞിനെ മൃഗീയമായി ബലാത്സംഗം ചെയ്തിട്ട്, അവൾ ധരിച്ചിരുന്ന തുണിയെല്ലാമെടുത്തു വണ്ടിയിലിട്ടു അവളെ പൂർണ നഗ്നയാക്കി വഴിയിൽ ഉപേക്ഷിച്ചു സ്ഥലം വിട്ടു.
സാധാരണയായി വലിയ Truck-കൾ മാത്രം പോകുന്ന ഹൈവേ, നൂൽബന്ധം പോലും ഇല്ലാഞ കുട്ടി എങ്ങനെയോ എഴുന്നേറ്റ് റോഡിൻറെ നടുവിൽ ചെന്ന് നിന്ന് ദൂരെനിന്നു വന്ന ഒരു truck-നെ കൈയുയർത്തി കാണിച്ചു. ഡ്രൈവർ വണ്ടി നിർത്തി, തന്റെ മകളുടെ പ്രായമുള്ള കുഞ്ഞിനെ കോരിയെടുത്തു സീറ്റിൽ കിടത്തി, തന്റെ കമ്പിളി കൊണ്ട് പുതപ്പിച്ചു. നിഷ്കളങ്കയായ കുട്ടി അവൾക്കു പറ്റിയ കാര്യം പറയുകയും, കാറിന്റെ വിവരണം നൽകുകയും ചെയ്തു. ഒരു പച്ച Volkswagen Beetle car.
Truck-ന്റെ ഡ്രൈവർ പിന്നെ ഒട്ടും അമാന്തിച്ചില്ല, കിരാതന്മാരുമായി ഏറ്റുമുട്ടാൻ തന്നെ തീരുമാനിച്ചു, ആ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചിട്ടു അധികനേരമായില്ല എന്ന വാസ്തവം അദ്ദേഹത്തിന് വലിയ പ്രതീക്ഷ നൽകി, പിന്നെ അങ്ങോട്ട് കാലുകൾ ആക്സിലേറ്ററിൽ- അമർത്തി ചവുട്ടി ഒരു വിടീലായിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ കുട്ടി പറഞ്ഞ കാറ് മുന്നിൽ കണ്ടു, അദ്ദേഹത്തിനൊന്നും പ്രത്യേകിച്ച് ആലോചിക്കാനില്ലായിരുന്നു.
കൈമുതലായുള്ള മനുഷ്വത്വവും, ഉത്തരവാദിത്വബോധവും, മാത്രം മതിയായിരുന്നു ഉറച്ച ഒരു തീരുമാനം എടുക്കാൻ. അദ്ദേഹം തന്റെ ഭീമാകാരമായ ട്രക്ക് അവരുടെ ബീറ്റിലില്ന്റെ പുറത്തൂടെ ഓടിച്ചു കയറ്റി ഇറക്കി.
ആ സംഭവം പേർഷ്യ മുഴുവൻ ആഘോഷിച്ചു, അഭിമാനഹത്യ ആയി..
അന്ന് പല മാതാപിതാക്കളും ഒരു തീരുമാനമെടുത്തു, Truck driver- നെ പോലെ , സ്വന്തം മക്കളെ മാത്രമല്ല, ചുറ്റുമുള്ള മക്കളെയും കരുതുന്ന, മാനസിക അവസ്ഥയിലേക്ക് വളരണം. സ്വാർത്ഥത മാറ്റി.
സിലബസ് ഉണ്ടാക്കി ആജീവനാന്തം പഠിപ്പിക്കണം , പെരുമാറ്റച്ചട്ടങ്ങൾ, നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ജീവിത രീതി മനസ്സിലാക്കി അവരെ ഉദ്ധരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ്. സമൂഹത്തിലെ നിർധനരുടെ ജീവിത നിലവാരം ഉയർന്നില്ല എങ്കിൽ വിപത്തുകൾ നമ്മെ മാറാതെ പിന്തുടരും, ശാക്തികരണം ആവശ്യമായി വന്നിരിക്കുന്നു, അല്ലാതെ ധാനമല്ല ഉത്തരം, സ്വയം തൊഴിൽ ചെയ്യാൻ പഠിപ്പിക്കണം.
യുദ്ധക്കളത്തിൽ പോരാടുമ്പോൾ എതിരാളിയെ കൊല്ലുന്നതു പാപമല്ല, അതിനു ശിക്ഷയുമില്ല, നടപടിയുമില്ല, വിചാരണയുമില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അംഗീകൃത നഴ്സുമാരും, കൗൺസിലർസും നിർബന്ധമാക്കണം, പത്താം ക്ളാസ്സു വരെയുള്ള വിദ്യാഭ്യാസം രാജ്യവ്യാപകമായി നിര്ബന്ധിതമാക്കണം.
Testosterone എന്ന ഹോർമോണിന്റെ അളവ് അറിഞ്ഞാൽ ഒരു പരിധിവരെ ആക്രമണ ആസക്തി നിർണ്ണയിക്കാൻ പറ്റും, പിന്നെ അത്യാവശ്യം വേണ്ടത് നിരീക്ഷണമാണ്, എല്ലാവരും അവരവരുടെ ചുറ്റുമുള്ളവരുടെ പെരുമാറ്റ രീതികൾ ഒന്ന് ശ്രദ്ധിക്കുന്നത് എന്നും ഗുണം ചെയുന്ന കാര്യമാണ്. അങ്ങനെ അറിഞ്ഞാൽ അവർക്കു വേണ്ടുന്ന പ്രബോധനം സമയാസമയം, സ്കൂളുകളിൽ കൊടുക്കാൻ പറ്റും..
ഇതെല്ലം പറയുമ്പോഴും ലഹരി എന്ന മഹാ വിപത്തു Damocles-ന്റെ വാള് പോലെ നമ്മളുടെ തലയ്ക്കു മുകളിൽ ഒരു തലമുടിനാരിഴയിൽ തൂങ്ങുന്നു.
ജാഗ്രത, നമ്മളുടെ കുട്ടികൾ വളരെ സമര്ഥരാണ്, മിടുക്കരാണ് പക്ഷെ പല കാര്യങ്ങളും കൊണ്ടാൽ പോലും അറിയാനുള്ള വിശഷബുദ്ധിയില്ല. പിന്നല്ലേ കണ്ടറിയുന്നതു. ഇനി അതെല്ലാം ഉദാഹരണ സഹിതം പഠിപ്പിച്ചേ പറ്റൂ.
അവരവർക്കു സംഭവിക്കുമ്പോഴേ വേദന അറിയൂ, നമ്മുടെ ഓരോരുത്തരുടെയും മക്കളെ കൂട്ടമായി കുറെ ആൾക്കാർ വന്നു കിരാതമായി ബലാത്സംഗം ചെയ്തു നടുറോഡിലിട്ടു ചുട്ടുകരിച്ചു പോയാൽ നമ്മൾ എങ്ങനെ പ്രതികരിക്കും?
അത് വരാതിരിക്കാൻ നമ്മൾ ഒത്തുചേരണ്ടേ?
ഒന്നും മുഴുവനായി മാറുമെന്നോ സ്വർഗ്ഗരാജ്യം വരുമെന്നോ ഒന്നുമല്ല പറയുന്നത്; സമൂഹത്തിൽ ജീവിക്കാൻ ആവശ്യമുള്ള പെരുമാറ്റച്ചട്ടങ്ങളെ പറ്റി, പൗരബോധത്തിനെ പറ്റിയുള്ള അടിസ്ഥാന വിദ്യാഭ്യാസം നിരന്തരമായി കൊടുത്താൽ, എല്ലാവരുടെയും സാമ്പത്തിക നില ഉയർന്നാൽ, സന്തോഷം തിരികെ കിട്ടിയാൽ, ഇത് പ്രാവർത്തികം ആക്കാവുന്നതെ ഉള്ളൂ.
ലോകത്തങ്ങനെ ഒരു രാജ്യമുണ്ട്, ഏറ്റവുമധികം സന്തോഷമുള്ള രാജ്യം; ഫിൻലൻഡ്. അവിടെ ആൾക്കാർ അവലംബിക്കുന്ന കാര്യങ്ങൾ ഏറ്റെടുക്കാവുന്നതാണ്.
ജനസംഖ്യ ഒരു പ്രശ്നമാണ്, പക്ഷെ അവസരങ്ങൾ അനവധിയുള്ള നമ്മുടെ നാട്ടിൽ എല്ലാവരും മനസ്സ് വെച്ചാൽ മാറ്റങ്ങൾ വരുത്താം.
പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ മാത്രമല്ല, കഴിഞ്ഞ മാസം ഫ്രാൻസിൽ പാരീസിലെ തെരുവുകളിലൂടെ സ്ത്രീകൾ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുതുന്നതിനു വേണ്ടി മൗന ജാഥ നടത്തി. 130 സ്ത്രീകളാണ്ഈ വര്ഷം കൊലപ്പെട്ടതു.
ഇതിന്റെ എല്ലാം ഇടയ്ക്കു സ്വന്തം രാഷ്ട്രീയം വളരാനും, പിളരാനും അണികളെ സൃഷ്ടിക്കുന്നവരും, പൊള്ളയായ ചർച്ചകളിലൂടെയും, വളച്ചൊടിച്ച വർത്തകളിലൂടെയും പള്ള വീർപ്പിക്കുന്ന കാശിനെട്ടു പോലെ കൂണ് പോലെ മുളക്കുന്ന വാർത്താവിനിമയ ബിസിനസ്സുകാരും ഉണ്ടെന്നുള്ള കാര്യം മറക്കാനും പാടില്ല.
അണുക്കളെ വഹിക്കുന്ന കൊതു കുത്തിയാൽ ആർക്കും ഡെങ്കി പനി വരാം എന്നപോലെ ഇപ്പോഴുള്ള ദുർവിധി എപ്പോൾ വേണമെങ്കിലും എവിടെയും സംഭവിക്കാം, സ്ത്രീകൾ ഇനി സ്വന്തം സെക്യൂരിറ്റി ആൾക്കാരെയും കൊണ്ട് നടക്കേണ്ടി വരുമോ എന്തോ?
Leave A Comment