ഇന്നെന്റെ കളികൂട്ടുകാരി ലേഖുവിന്റെ Whatsapp ശബ്ദ കുറിപ്പ് കേട്ടതും ദേഹമാസകലം തണുത്തു മരവിച്ച പോലെ തോന്നി, ഇവിടെ തണുപ്പ് കാലം തുടങ്ങിയിരിക്കുന്നു, കമ്പിളി ഉടുപ്പിട്ടാണ് വീട്ടിലും നടക്കാറ്; ഇടയ്ക്കിടെ പുറത്തിറങ്ങേണ്ട കാരണം കൈയ്യും കഴുത്തുമൊക്കെ മൂടികെട്ടിയാണിരുന്നത്, എന്നിരുന്നാലും എന്റെ കൈയ്യ് തണുത്തു; മനസ്സ് തണുത്തു, മരവിച്ചു; വീണ്ടും ഓർത്തെടുക്കാൻ പറ്റാത്ത ഒരു വൈകാരികാനുഭവം മനസ്സിലും, മേലാസകലവും അനുഭവപെട്ടു.
പല പല കാര്യങ്ങൾ ഇടമുറയില്ലാതെ സംഭവിക്കുന്നതാണെന്റെ പകലുകളും രാത്രികളും. പുട്ടും, പയറും, പപ്പടവും, കാപ്പിക്കുണ്ടാക്കുന്നതിന്റെ ഇടക്കാണ്എന്റെ ഇളയ അമ്മാച്ചന്റെ വിളി വന്നത്, എന്റെ രായിച്ചായൻ.
ഫോൺ ക്രീം ക്രീം എന്ന് എട്ടു ദിക്കും കേൾക്കുമാറ് അടിക്കാൻ തുടങ്ങി, സത്യം പറയാല്ലോ ഈ അമേരിക്കയിൽ നമ്മുടെ നാട്ടിലെ ജിയോ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു, അങ്ങോട്ടുമിങ്ങോട്ടും അനങ്ങിയാൽ പിന്നെ സിഗ്നൽ കിട്ടില്ല അതുകൊണ്ടു വീടിന്റെ കാതലായ മൂലയിൽ ഫോൺ പ്രതിഷ്ടിച്ചിട്ടാണ് ഞാൻ അടുക്കളയിൽ ജോലി തുടങ്ങാറ്
ഓടി ചെന്നെടുത്തപ്പോൾ കുറച്ചു മാധ്യസ്ഥം വഹിക്കുന്ന കാര്യങ്ങളെ പറ്റി കൂലംകക്ഷമായിട്ടുള്ള ചർച്ചക്കായിരുന്നു വിളിച്ചത്, അതിന്റെ ഇടയിൽ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു, എനിക്കാണെങ്കിൽ എന്റെ ‘അമ്മ പറയാറുള്ള പോലെ എന്റെ അപ്പന്റെ തനി സ്വഭാവമാണ് ഒരു കാര്യം ആരെങ്കിലും ആവശ്യപ്പെട്ടാൽ ആ നിമിഷം അവർക്കത് ചെയ്തു കൊടുക്കണം; അങ്ങനെ ഞാൻ ആ ആവശ്യം പ്രിയപ്പെട്ട കുറച്ചു പേർക്കയച്ചു കൊടുത്തു. നിമിഷങ്ങൾക്കകം ലേഖു അതെനിക്ക് കണ്ടുപിടിച്ചു തന്നു.
ഞാൻ ആ വിവരം രായിച്ചായനെ വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും കൊല്ലത്തുള്ള പ്രതിഭ ജംഗ്ഷനിലെ എന്റെ കുഞ്ഞുന്നാൾ ഞാൻ താമസിച്ച ഞങ്ങളുടെ വാടക വീട്ടിന്റെ വാതിൽ പടിയിൽ പോയി നിന്നു, എന്റെ വലിയപ്പച്ചൻ പോസ്റ്റ് മാസ്റ്റർ ആയിട്ട് കൊല്ലത്തു നിന്നു പത്തനംതിട്ടക്ക് സ്ഥലം മാറ്റം കിട്ടി പോയപ്പോൾ അമ്മയുടെ 4 ആങ്ങളമാരും 2 അനിയത്തിമാരും കൊല്ലത്തു ഞങ്ങളുടെ വീട്ടിലായി താമസം, രായിച്ചായൻ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. Kollam Krist Raj സ്കൂളിൽ.
വീട് നിറയെ അമ്മാച്ചന്മാരും കുഞ്ഞമ്മമാരും ഉള്ള എനിക്ക് എന്റെ ബാല്യകാലം ഏറ്റവും സുന്ദരവും, മധുരതരവും ആയിരുന്നു. കഴുത്തുറച്ച നാൾ മുതൽ എന്നെ കൈയ്യിൽ എടുത്തു കൊണ്ട് സൈക്കിളിൽ ചുറ്റിക്കറങ്ങുന്നതു എന്റെ അമ്മാച്ചന്മാർക്കൊരു ഹരമായിരുന്നു.
വഴക്കുണ്ടാക്കാത്ത, വാശിപിടിക്കാത്ത, മൂക്കള ഒലിപ്പിച്ചു മോങ്ങി ശല്യപെടുത്താത്ത അനുസരണയുള്ള കിലുക്കാംപെട്ടി; അതായിരുന്നു ഞാൻ.
വീട്ടിലെ ഏറ്റവും ഇളയ സന്തതി ആയതിനാൽ സൈക്കിൾ കൈവശം കിട്ടാത്ത രായിച്ചായന് കാൽനട ആയിരുന്നു ശരണം, എന്നെ കൂടെ കൊണ്ടുപോകേണ്ട ഊഴം കിട്ടുമ്പോൾ, കടപ്പാക്കടയിൽ നിന്ന് കുണ്ടറക്കു പോകുന്ന വഴിക്കു പ്രതിഭ Junction എത്തുന്നതിനു മുന്നേ ഞങ്ങളുടെ വീടിന്റെ അഞ്ചു വീടിന്റെ മുന്നെ ആയിട്ടുള്ള കൂട്ടുകാരന്റെ വീട് വരെ കൈ പിടിച്ചു നടത്തി കൊണ്ടുപോകും.
ഗോപകുമാർ! നല്ല വെളുത്തു തുടുത്തു നെറ്റിയിൽ എപ്പോഴും ഭസ്മ കുറിയിട്ട ഗോപിച്ചേട്ടൻ, പുള്ളിക്കാരന്റെ ചേച്ചി ലീലാമണി, കാളിദാസ കലാ കേന്ദ്രത്തിലെ നർത്തകിയും അതിസുന്ദരിയും, സുശീലയും ആഢ്യയും, കുലീനയുമായ ചേച്ചി, ചേച്ചിയുടെ ഭർത്താവാണ് നമ്മൾ മലയാളികളുടെ ദേവരാഗമായ ദേവരാജൻ മാസ്റ്റർ.
അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ ആദ്യമായി എന്നെ കൊണ്ടുപോയപ്പോൾ രായിച്ചായൻ വാതുക്കൽ പരുങ്ങി നിന്നു, കൈയ്യിലെ പിടിവിട്ടു ഞാൻ പടിവാതിൽ കടന്ന്അകത്തേക്ക് കയറി .
ഞങ്ങളുടെ വീടിന്റെ ഉമ്മറത്തുള്ള മുറിയിലെ റേഡിയോ മേശയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കുള്ളിൽ നിന്നു ആകാശവാണിയിലൂടെ വരുന്ന പാട്ടുകൾ കേട്ടു മൂളി നടക്കുന്നവരെ മാത്രം കണ്ട ഞാൻ നോക്കിയപ്പോ കട്ടിലിൽ ഒരാൾ തലക്കും കൈയ്യും കൊടുത്തുറങ്ങുന്ന പോലെ കിടക്കുന്നു; അടുത്ത് രണ്ടു ചക്രം കറങ്ങുന്നു, ചക്രത്തിനെ ബന്ധിച്ചു എന്റെ തലയിലെ മുടി കെട്ടിയ റിബ്ബൺ പോലെ എന്തോ ഒന്ന് ഓടിക്കൊണ്ടിരിക്കുന്നു . എന്റെ അപ്പ ഇടക്കൊക്കെ മൂളാറുള്ള കേൾക്കാൻ നല്ല ഉശിരുള്ള പാട്ട്.
പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ..
സിനിമ എന്താണെന്നോ; എങ്ങനെ ആണെന്നോ അറിയാത്ത പ്രായം. പിൽക്കാലത്തു ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലനായ സംഗീത സംവിധായകന്റെ വീട്ടിലാണ് എന്നെ കൊണ്ടുപോയതെന്നു ഓർക്കുമ്പോൾ ഇന്ന് അറിയാതെ എന്റെ മനസ്സ് തരളിതമാവുന്നു
ദേവരാജൻ മാസ്റ്റർ, അന്നദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഊട്ടി വളർത്തിയ കലാകാരുടെ മുൻനിരയിലെ നക്ഷത്രങ്ങളിൽ ഒന്നായിരുന്നു.
അപ്പോഴേക്കും ഗോപിച്ചേട്ടൻ ഇറങ്ങി വന്നു; ഞാൻ കലപിലയെന്നെന്തൊക്കെയോ പറഞ്ഞു തുടങ്ങി, പുള്ളിക്കാരൻ ചുണ്ടത്തു വിരൽ വെച്ച്, ശബ്ദം ഉണ്ടാക്കാതിരിക്കാൻ ആംഗ്യം കാണിച്ചു
അതോടെ ഞാൻ പമ്മി പമ്മി വാതിലിന്റെ അരികിലേക്ക് നടന്നു.
അപ്പോൾ ദേവരാജൻ മാസ്റ്റർ കണ്ണ് തുറന്നെന്നെ നോക്കി, ചെറുതായി പുഞ്ചിരിച്ചു, കൈയ്യാട്ടി വിളിച്ചു , അടുത്ത് ചെന്നപ്പോൾ എന്റെ കണ്ണുകൾ കറങ്ങുന്ന ചക്രത്തിലും റിബ്ബണിലും തറച്ചു നിന്നു, അദ്ദേഹം എവിടെയോ ഞെക്കി, പാട്ടും നിന്നു, കറക്കവും നിന്നു
പാട്ടു പെട്ടിയാണിതെന്നു പറഞ്ഞപ്പോൾ ഞാൻ വാ പൊളിച്ചങ്ങനെ നിന്നു
രായിച്ചായൻ അപ്പോഴേക്കും വന്നെന്റെ കൈ പിടിച്ചു പോകാൻ ധൃതി കൂട്ടി,
സാരമില്ല, അവൾ ഇവിടെ നിന്നോട്ടെ എന്ന് മാസ്റ്റർ പറഞ്ഞപ്പോഴേക്കും ഗോപിച്ചേട്ടൻ അകത്തു പോയി ഒരു സഞ്ചിയുമായി കടന്നു വന്നു, ഞങ്ങൾ റേഷൻ വാങ്ങാൻ പോകയാണ് മോളെ വീട്ടിൽ കൊണ്ടുപോയി ആക്കിയിട്ടു വേണം പോകാൻ.
അങ്ങനെ ആദ്യമായി ഞാനൊരു; ചലിക്കുന്ന വ്യത്യസ്തമായ പാട്ടു പെട്ടി കണ്ടു; ആകാശവാണി അല്ലാത്ത പാട്ടു പെട്ടി; പിൽക്കാലത്തു അത് Lekhu- വിന്റെ വീട്ടിൽ കണ്ടു; സ്പൂൾ ടേപ്പ് റെക്കോർഡർ
അങ്ങനെ അവരുടെ രണ്ടാളുടെയും കൈയ്യിൽ തൂങ്ങി ഞാൻ വീട്ടിലേക്കു നടന്നു, വീട്ടിലെത്തിയപ്പോൾ ‘അമ്മ സഞ്ചിയുമായി വാതുക്കൽ കാത്തു നിൽക്കുന്നു, എന്നെ അമ്മയെ ഏല്പിച്ചു സഞ്ചിയുമായി രായിച്ചായൻ പുറപ്പെട്ടു. തിരികെ വരുമ്പോൾ ഒരക്ഷരം വിടാതെ എല്ലാ കാര്യങ്ങളും പറഞ്ഞു തരാമെന്ന വ്യവസ്ഥയിൽ.
കേരളത്തിൽ ആദ്യമായി റേഷൻ വന്ന വര്ഷം 1964, രണ്ടാളും കൂടി പ്രതിഭ ജംഗ്ഷനിലെ സർപ്പക്കാവിന്റെയും, സോ മില്ലിന്റെയും സൈഡിലൂടെ നടന്ന് പാളം കടന്ന് സാമിച്ചായന്റെ വീടിന്റെ അടുത്തുള്ള ഇടവഴിയിലൂടെ നടന്നു പോയി വേണം അമ്മൻനടയിലുള്ള റേഷൻ കടയിൽ നിന്ന് റേഷൻ വാങ്ങാൻ.
അന്ന് ആദ്യമായി വിതരണം ചെയ്ത റേഷൻ ഗോതമ്പായിരുന്നു.
റേഷൻ കടയിൽ ചെന്നപ്പോൾ മറ്റുള്ള കൂട്ടുകാരും ഒത്തു കൂടി; മോഹൻ, പ്രസാദ്, സൂസൻ, വത്സ, Anglo Indian Moses സായിപ്പ്, അന്നും ഇന്നും ഞങ്ങളുടെ നാട്ടിൽ Anglo Indian ആണോ അവർക്കു മൊത്തമായി ഒരു വിളിപേരെ ഉള്ളു സായിപ്പും, മദാമ്മയും.
റേഷൻ കടയാണെങ്കിൽ സിഗരറ്റ് ബേബിച്ചായന്റെ വീടിന്റെ അടുത്ത്, ഈ അപ്പച്ചന് Indian Tobacco Company – യുടെ ഏജൻസി ഉണ്ടായിരുന്നു അങ്ങനെ ആണ് അദ്ദേഹത്തിന് സിഗരറ്റ് ബേബി എന്ന വിളിപ്പേര് വീണത്.
പോകുമ്പോഴും വരുമ്പോഴും നടപ്പിന്റെ ക്ഷീണം അറിയാതിരിക്കാൻ വീടുകളുടെ മതിലി ന്റെ പുറത്തെഴുതിയ വീട്ടു പേരുകൾ വായിച്ചു ചിരിച്ചും കളിച്ചുമായിരുന്നു ഇവരുടെ എല്ലാം യാത്ര, ഇന്നും ഉണ്ട് കൊല്ലത്തു മാറ്റമില്ലാത്ത മതിലുകളും പേരുകളും, ചെമ്പകശ്ശേരിൽ, കുന്നുംപുറത്തു, Krist Raj സ്കൂളിന്റെ മുന്നിലുള്ള അഞ്ചരക്കണ്ടി ഇങ്ങനെ പോകുന്നു പേരുകൾ.
ഗോതമ്പു വാങ്ങാൻ പോയ രണ്ടു സുഹൃത്തുക്കളെയും കുറെ നേരമായിട്ടു കാണാഞ്ഞപ്പോൾ എന്റെ അപ്പ cycle എടുത്തു അമ്മൻനടയ്ക്കു വിട്ടു. മെയിൻ റോഡ് വഴിയാണ് അപ്പ പോയത്, കടപ്പാക്കട മുക്കിലെത്തിയപ്പോൾ രണ്ടാളും കൂടി പൊടിപ്പു മില്ലിന്റെ അകത്തു നിന്നിറങ്ങി വരുന്നു, അപ്പ സൈക്കിൾ Stand ഇട്ട് അടുത്ത് ചെന്നപ്പോഴല്ലേ കാര്യം പിടികിട്ടിയത്; അമ്മ ഇവരോട് പറഞ്ഞിരുന്നു, ഗോതമ്പു കിട്ടിയാൽ പൊടിപ്പിച്ചു ഞായറാഴ്ച ദിവസം ചപ്പാത്തിയും ആട്ടിറച്ചി കറിയും ഉണ്ടാക്കാമെന്ന് , അതിനുള്ള ഗോതമ്പു വാങ്ങാനായിരുന്നു രണ്ടാളും ഉത്സാഹിച്ചു പുറപ്പെട്ടത്,
സത്യം പറയാല്ലോ ഈ ഗോതമ്പു അമേരിക്കയിൽ നിന്നു കപ്പൽ വഴി വന്നു എവിടെയൊക്കെയോ കിടന്നു ലോറിയിലും വണ്ടിയിലും ഒക്കെ കയറി വന്നതാണെന്നറിയാതെ ചപ്പാത്തിയും ഇറച്ചിക്കറിയും തിന്നാനുള്ള ധൃതിക്കു ഓടി പോയി പൊടിപ്പിക്കയായിരുന്നു.
എന്റെ അപ്പ വാ പൊളിച്ചു.
തിരികെ വന്നപ്പോൾ ‘അമ്മ മൂക്കത്തു വിരൽ വെച്ചു.
അയ്യോടാ ഗോതമ്പു കഴുകണം, ഉണക്കണം പിന്നെ വേണം പൊടിപ്പിക്കാൻ
അങ്ങനെ എല്ലാവരും ഒരു വലിയ പാഠം പഠിച്ചു, പിൽക്കാലത്തു എന്ത് വാങ്ങിയാലും ഒന്നാലോചിക്കാൻ പഠിച്ചു എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന്.
അടുത്ത തവണ ഗോപിച്ചേട്ടന്റെ വീട്ടിൽ എന്നെ കൊണ്ടുപോയപ്പോൾ ദേവരാജൻ മാസ്റ്ററിന്റെ കട്ടിലിന്റെ അടുത്തുള്ള മേശയിലെ പാട്ടു പെട്ടി കണ്ടില്ല അതിനു പകരം ഒരു ചെമ്പുകുടം ചുവന്ന പട്ടുതുണി കൊണ്ട് മൂടി കെട്ടി വെച്ചിരിക്കുന്നു കുടവും നോക്കി നിന്ന എന്നോടപ്പോൾ ഗോപിച്ചേട്ടൻ പറഞ്ഞു ചേട്ടന്റെ അച്ഛൻ മരിച്ചു ഇതദ്ദേഹത്തിന്റെ ചിതാഭസ്മം ആണെന്ന്, അന്നെനിക്കതു ഒന്നും തന്നെ മനസ്സിലായില്ല.
ഇന്ന് എന്നോട് രായിച്ചായൻ ആവശ്യപ്പെട്ടത് അന്ന് ഒൻപതാം ക്ലാസ്സിൽ കൂടെ പഠിച്ച ഗോപിചേട്ടനെ കണ്ടുപിടിക്കാനാണ്.
ദേവരാജൻ മാസ്റ്ററിന്റെ അളിയനായ ഗോപിച്ചേട്ടൻ.
അതാണ് ലേഖു നിമിഷങ്ങൾക്കുള്ളിൽ കണ്ടുപിടിച്ചത് .
ഗോപിച്ചേട്ടൻ !!!
കുറെയധികം വര്ഷങ്ങള്ക്കു മുന്നെ ഈ ലോകത്തു നിന്നു പറന്നു പറന്നു പോയിരിക്കുന്നു.
പണ്ട് ഞാൻ അവിടെ കണ്ട പോലെ ഒരു കുടത്തിൽ അദ്ദേഹത്തിന്റെ ചിതാഭസ്മവും ചുവന്ന പട്ടു കൊണ്ട് കെട്ടി എവിടെയോ സൂക്ഷിച്ചു വെച്ചിട്ടു ഏതോ പുണ്യ നദിയിൽ ഒഴുക്കിയിട്ട് വർഷങ്ങൾ ആയിരിക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവ് എന്റെ പ്രാണനെ സ്പർശിച്ച പോലെ തോന്നി.
ഞാൻ അത് രായിച്ചായനോട് പറഞ്ഞപ്പോൾ ഒരു നിമിഷം രായിച്ചായൻ ഒന്നും മിണ്ടിയില്ല.
ആ മൗനം എന്നെ എവിടേക്കോ കൊണ്ടുപോയി; കുറച്ചു നേരത്തേക്ക് എന്റെ നാട്ടിലൂടെ, എന്റെ വീട്ടിലൂടെ, എന്നെ വിട്ടുപോയ ഒരു പിടി ആൾക്കാരുടെ ഓർമകളിലൂടെ, അങ്ങ്ദൂരെ ദൂരെ എന്നെ കൊണ്ടുപോയി…. മരിക്കാത്ത ഓർമ്മകളിലൂടെ
Leave A Comment