A Bridge in Kerala after 2018 August Flood
പ്രകൃതി മനുഷ്യന്റെ ഏറ്റവും മികച്ച പ്രയത്നങ്ങളെ ഒരു നിമിഷം കൊണ്ട് തകിടം മറിക്കുന്നു .
നാളെ പുലരുമ്പോൾ
എല്ലാം ശരിയാവുമ്പോൾ
ഇന്നലെ സംഭവിച്ചത് പാടേ മറക്കാതിരിക്കുക
നാളെ നമ്മൾ നമ്മുടെ കൊച്ചു കേരളം വീണ്ടും കെട്ടിപ്പടുക്കുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടായി വീണ്ടും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുമ്പോൾ
ഇനിയും ഇത് പോലെയൊരു കാലാവസ്ഥാ ദുരന്തം ഉണ്ടാവാതിരിക്കാൻ
എല്ലാ വിനാശകരമായ പാരിസ്ഥിതിക നയങ്ങളും മാറ്റുക.
പ്രകൃതിയെ നമ്മുടെ വരുതിക്ക് നിർത്താൻ നോക്കുന്ന നമ്മൾ, യുഗങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ഭൂമി കൈയേറ്റവും, അക്രമാസക്തമായ വന നശീകരണവും, അതിക്രൂരവുമായ ഖനനവും, പാറ പൊട്ടിക്കലും, മണൽ വാരലും അവസാനിപ്പിക്കുക
നദികൾ, പുഴകൾ, തോടുകൾ, കായലുകൾ, ഇവയെല്ലാം ആക്രാന്തത്തോടെ കയ്യേറി നിർമ്മിക്കുന്ന കെട്ടിടസമുച്ചയങ്ങളുടെ നിർമ്മാണപ്രവർത്തികൾ അവസാനിപ്പിക്കുക.
അസ്ഥിരമായ മലഞ്ചെരിവുകളിൽ വീടുകളുണ്ടാക്കുന്നതും, തീ കത്തുമെന്നറിയാവുന്ന വനങ്ങളിൽ വീടുകൾ വെക്കുന്നതും അവസാനിപ്പിക്കുക .
നമ്മുടെ തെറ്റുകളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനു സാങ്കേതിക വിദ്യയെയും, കോടതിയെയും, സർക്കാരിന്റെ ഔദാര്യത്തെയും ആശ്രയിക്കുക മാത്രമല്ല, നമ്മളുടെ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും. പോകുന്ന അജ്ഞത അവസാനിപ്പിക്കുക.
നദികളെ സ്വാഭാവിക കോഴ്സുകളിൽ പുനഃസ്ഥാപിക്കുക
നമ്മുടെ പറമ്പിലും, ചുറ്റുവട്ടത്തും, കാടുകളിലും, മലയോരത്തും ഉള്ള മരങ്ങളുടെയും, സസ്യങ്ങളുടെയും കട്ടിയുള്ളതും, ആഴത്തിലുമുള്ള വേരുകളാണ് മഴപെയ്യുമ്പോൾ മണ്ണ് ഒലിച്ചു പോകാതെ തടഞ്ഞുനിർത്തുന്നത് എന്നുള്ള ബോധം എല്ലാവര്ക്കും ഉണ്ടാവണം പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക്
കുഞ്ഞുങ്ങൾ മുതിർന്നവരുടെ ബുദ്ധിയില്ലാത്ത പ്രവർത്തികളെ ചോദ്യം ചെയ്യണം.
കണ്ടൽകാടുകളും, ഉപ്പ് ചതുപ്പുകളും തീരദേശങ്ങളെ പ്രളയക്കെടുതിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രകൃതിയുടെ സംവിധാനങ്ങളാണ്, കാറ്റിന്റെയും തിരമാലകളുടെയും മാരകമായ ഊർജ്ജത്തെ മന്ദീഭവിപ്പിക്കാനുള്ള ഈ വ്യവസ്ഥകളെല്ലാം നമ്മൾ കയ്യേറുന്നതു അവസാനിപ്പിക്കുക
തണ്ണീർത്തടങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കുക, ശരിയായ വൃക്ഷങ്ങളും, സസ്യങ്ങളും കേരളമാകെ വെച്ചു പിടിപ്പിക്കുക.
കെട്ടിടങ്ങളുടെ അടിസ്ഥാനം ഭൂഗർഭ ജലനിരപ്പിന്റെ മുകളിൽ കുറഞ്ഞത് 1 മീറ്റർ എങ്കിലും ഉയരത്തിൽ നിർമ്മിക്കുക
വീടുകളുടെയും കെട്ടിടങ്ങടെയും ഡിസൈനും, നിർമ്മാണ രീതിയും വെള്ളപൊക്കം വന്നാൽ നേരിടാനുതകുന്ന വിധത്തിൽ ആക്കുക
കാലാവസ്ഥയെ പറ്റിയുള്ള പഠനങ്ങൾ വളരെ ഗൗരവകരമായി നടത്തുക
കൂടുതൽ ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനങ്ങൾ അറിയാനുള്ള വ്യവസ്ഥ ഉണ്ടാക്കുക
ദുരന്ത നിവാരണ പഠനം ശാസ്ത്രീയമായി നടത്തുകയും, മഴവന്നാൽ, വരൾച്ച വന്നാൽ, റോഡോ പാലമോ ഒഴുകി പോയാൽ, ഉരുൾ പൊട്ടിയാൽ, മരം കടപുഴകിയാൽ, അസുഖങ്ങൾ വന്നാൽ, ഏതൊരു ദുരിതം സംഭവിച്ചാലും അത് നേരിടാനുള്ള പരിശീലനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജോലിസ്ഥലങ്ങൾ മുഖേനയും നൽകുക,
പ്ലാസ്റ്റിക് കത്തിച്ചാലും കുഴിച്ചിട്ടാലും മാറാത്ത വിപത്താണെന്നു മനസിലാക്കുക
പ്രളയം വന്നെല്ലാം നശിച്ചാലും ഞാനും എന്റെ തണ്ടാനും മാത്രം മതി
ഞങ്ങൾ ഇവിടെ തേങ്ങാ ഇട്ട് വിറ്റു
ജീവിതകാലം മുഴുവൻ സുഭിക്ഷമായി ജീവിക്കും എന്ന
മലർപൊടിക്കാരന്റെ സ്വപ്നം മറക്കുക
വൃത്തിയും വൃത്തികേടും പഠിക്കുക
നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ റോഡിലും, കാനയിലും തോട്ടിലും പുഴയിലും വാരി വലിച്ചെറിയുന്ന സംസ്കാരം അവസാനിപ്പിക്കുക
മാലിന്യനിർമാർജ്ജനം പൊതു സ്ഥലങ്ങളിൽ ആയിരിക്കണം, എന്നുള്ള നമ്മുടെ നിർബന്ധ ബുദ്ധി വിദ്യാഭ്യാസക്കുറവും അറിവില്ലായ്മയും കൊണ്ടാണ്
മുതിർന്നവരോട് പറഞ്ഞു മനസ്സിലാക്കി വരുമ്പോഴേക്കും ഉണ്ടാകുന്ന കാലതാമസം വീണ്ടും ഇന്നത്തെ പോലൊരു ദുരന്താവസ്ഥയിൽ എത്തിക്കും
സാമൂഹ്യ ധാർമ്മികത, പൗരബോധം, പ്രകൃതിയോടും സഹജീവജാലങ്ങളോടും ഉള്ള ഉത്തരവാദിത്വം
കുഞ്ഞുന്നാൾ മുതൽ പഠിപ്പിക്കണം, സ്കൂളിൽ, കോളേജിൽ. പാഠ്യപദ്ധതിയുടെ ഭാഗമാക്കണം ….
പ്രകൃതിയെ സ്നേഹിക്കുക, സംരക്ഷിക്കുക, ബഹുമാനിക്കുക
Leave A Comment