ശൈത്യം കൊങ്ങാക്കു പിടിച്ചിരിക്കുകയാണ്
-24 degree C to – 42 degree C
ഒറ്റയടിക്ക് ഇതിന്റെ ഭവിഷ്യത്തു പറയാം
ദശാബ്ദങ്ങളായി ഇത്ര വലിയ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല
എന്ന് പറയുമ്പോൾ ഒട്ടു മുക്കാൽ ഭവനങ്ങളും ഇത്രയധികം തണുപ്പ് സഹിക്കാനുള്ള കഴിവുള്ളതായിരിക്കില്ല
വെള്ളത്തിന്റെ പൈപ്പ് പൊട്ടുന്നതാണ് ഏറ്റവും വലിയ പ്രശ്നം
ഓഫീസുകളിലെ sprinkler
വീട്ടിലെ വെള്ളത്തിന്റെയും drainage -ന്റെയും pipe
പിന്നെ പറയണ്ട കാര്യമില്ല , എന്തെല്ലാം പ്രശ്നങ്ങൾ, വീട് ചൂടാക്കുന്ന boiler -നു എടുക്കാവുന്നതിലും താങ്ങാവുന്നതിലും കൂടുതൽ ഭാരം അത് കേടാവാതിരിക്കാൻ എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കണം നിരന്തരമായി
പിന്നെ വണ്ടികൾ തണുത്തുറഞ്ഞു കാറിന്റെ Doors , windows, boot തുറക്കാൻ പറ്റാത്ത വണ്ണം ഐസ് കട്ട പിടിച്ചിരിക്കും
റോഡും വഴിയും ഐസ് നിറഞ്ഞു വണ്ടികൾ പിടിച്ചാൽ നില്കാതെ തെന്നി തെറിച്ചു പോയുള്ള അപകടങ്ങൾ
പുറത്തിറങ്ങി കുറച്ചു നേരം നിന്നാൽ മനുഷ്യൻ മഞ്ഞു കട്ട ആയിരിക്കും
ചെവിയും മൂക്കിന്റെ അറ്റമെല്ലാം തണുത്തു കോച്ചി വിറച്ചിരിക്കും
ഒന്ന് മുള്ളണമെങ്കിൽ പറയണ്ട…..
കൈ കഴുകാൻ വെള്ളം തുറന്നാൽ ആദ്യത്തെ ഒരു നിമിഷം വിറച്ചു കോച്ചും
ഭക്ഷണം ചൂടോടെ എടുത്തു പാത്രത്തിൽ വെച്ചുടനെ തണുത്തിരിക്കും
ഇങ്ങനെ എന്തെല്ലാം
ഇപ്പോഴാണ് ശരിക്കും
ദൈവത്തിന്റെ സ്വന്തം നാടെന്ന് ഞാൻ അഭിമാനത്തോടെ ഓർക്കുന്ന കേരളത്തിന്റെ ഭാഗ്യം ഓർക്കുന്നത്
പക്ഷെ ഇപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോകുന്നു
കേരളത്തിന് ഇത്ര നല്ല കാലാവസ്ഥ എന്തിനു തന്നു ആണ്ടിവടിവോനേ…
പുഴകളും, നദികളും, കായലും, തോടും, അരുവിയും, വെള്ളച്ചാട്ടങ്ങളും, നീ എന്തിനു തന്നു കാര്ത്തികേയന് തന്തൈ ശങ്കരനേ….
മഴയും, വെയിലും, ഓണ നിലാവും, തുമ്പിയും, തുളസിയും, ആലും, തറയും
ഇത്ര മനോഹരമായ പ്രകൃതിയും, പൂക്കളും, മലകളും, താഴ്വാരങ്ങളും, തെങ്ങും, മാവും, ഞങ്ങൾക്കെന്തിനു തന്നു ആണ്ടിവടിവോനേ…
കപ്പയും, ചക്കയും, ചേനയും, ചേമ്പും, നല്ല ആടും, കോഴിയും, പോത്തും, കാളയും, താറാവും, കള്ളും, കരിമീനും നീ എന്തിനു തന്നു കാര്ത്തികേയന് തന്തൈ ശങ്കരനേ……
യുദ്ധത്തിൽ മുങ്ങി താഴുന്ന പ്രദേശങ്ങളിൽ .എരിഞ്ഞമരുന്ന പച്ച മനുഷ്യർ
ഒരു നേരത്തെ ആഹാരവും വെള്ളവുമില്ലാതെ കരിഞ്ഞുണങ്ങുന്നു ആഫ്രിക്കൻ ഭൂഖണ്ഡം…..
സുനാമിയും, വെള്ളപ്പൊക്കവും, പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വവും, കാട്ടു തീയും, എല്ലാത്തിനെയും കുലുക്കി താഴെയിടുന്ന ഭൂമികുലുക്കങ്ങളും
നിരന്തരമായി തകർക്കുന്ന പ്രദേശങ്ങൾ
തോക്കും, മയക്കു മരുന്നും കൊടികെട്ടി വാഴുന്ന മറ്റിടങ്ങൾ
നമ്മൾ നന്നാവണമെങ്കിൽ നമ്മുടെ കാലാവസ്ഥ മാറണം
മറ്റുള്ള പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകൾ അറിയണം
എന്നാൽ മാത്രമേ നമ്മൾ നന്നാവൂ
ഓർക്കാപ്പുറത്തൊരു പ്രളയം വന്നപ്പോൾ ഒരിച്ചിരി വെളിവുണ്ടായതെല്ലാം
വീണ്ടും വെയില് വന്നപ്പോൾ
ദേ പോയി
തൊട്ടതിനും പിടിച്ചതിനും ഹർത്താൽ, ബന്ദ്, സമരം, അടി, ഇടി , വെട്ടു, കുത്തു, വെടി , ജാഥ, ചാനൽ ചർച്ച, വാർത്തക്ക് വേണ്ടി ഉള്ള നെട്ടോട്ടം, പരസ്പരം വെട്ടിനിരത്തുന്ന തീരാത്ത രാഷ്ട്രീയ പോര് , ദൈവത്തിന്റെയും മനുഷ്യന്റെയും പേരിലുള്ള നിർത്താത്ത സംഘട്ടനം
ഇതെല്ലാം കഴിയുമ്പോൾ
എന്നാണ് നമ്മൾ ജീവിക്കുക
എന്നാണ് നമ്മൾ നാടിനെ സ്നേഹിക്കുക
നാടിനു വേണ്ടി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യുക
പോട്ടെ നമ്മൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക
എല്ലാവര്ക്കും ഇഷ്ടം പോലെ സമയവും സൗകര്യവും ഉണ്ട്
കൈ നിറയെ
ബുദ്ധിമുട്ടുകൾ അറിഞ്ഞു ജീവിക്കണ്ടേ കാര്യമില്ല
നമ്മുടെ നാട്ടിൽ ഒരു ദിവസം ഈ തണുപ്പ് വരണേ എന്ന് ഓർത്തു പോകുന്നു
ദൈവമേ നാടിനെ രക്ഷിക്കാൻ അതെ മാർഗമുള്ളൂ
വിദേശത്തു പോകുന്ന എല്ലാ മലയാളിയും എല്ലു മുറിയെ പണി ചെയ്യുന്നു
അവർക്കു സമരിക്കാനും നേരമില്ല
തേരാ പാരാ നടക്കാനും നേരമില്ല
അവരോടു ചോദിക്കൂ അവരെങ്ങനെ ഓരോ ദിവസം തള്ളി നീക്കുന്നു എന്ന്
അവിടെ നിന്ന് വണ്ടി കയറിയാൽ
ആള് മാറിയിരിക്കും
അപ്പോൾ ആകെ എന്താണ് വ്യത്യാസം
കാലാവസ്ഥ
കാശല്ല
കാരണം പുറത്തു കിട്ടുന്നതിലും കൂടുതൽ കാശു നാട്ടിൽ കിട്ടുന്ന ജോലികൾ ധാരാളം
പിന്നെ ഒന്നും ചെയ്യാതെ കിട്ടുന്ന രാഷ്ട്രീയ ലഘുരേഖകൾ പോലെ ഉള്ള stipend
മലയാളികൾ മറ്റുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മര്യാദക്കാർ ആവുന്നതിന്റെ ഒറ്റ കാരണം
കാലാവസ്ഥ
കൊടും തണുപ്പ്
അല്ലെങ്കിൽ ചൂട്
അല്ലായിരുന്നെങ്കിൽ എവിടെ ചെന്നാലും
ജോലി ചെയ്യാതെ കയ്യാലപ്പുറത്തിരുന്നു
കട്ടനും അടിച്ചു
വായും നോക്കി
ലോകത്തുള്ള അനങ്ങുന്നതിനും അനങ്ങാത്തത്തിനും അഭിപ്രായവും പറഞ്ഞു
ലഹരിയും കുത്തിക്കയറ്റി
ആ നാടെല്ലാം കുട്ടി ചോറാക്കിയേനെ
നമ്മുടെ നാട് നന്നാവണം എങ്കിൽ
ഒന്നിനേ പറ്റൂ
കാലാവസ്ഥ മാറണം
ഈ അനുഗ്രഹങ്ങൾ എല്ലാം എന്തിനാണ് ഞങ്ങൾക്കിങ്ങനെ വാരിക്കോരി തന്നതു ആണ്ടിവടിവോനെ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശൈത്യം വരട്ടെ
നമ്മുടെ ശീലങ്ങൾ മാറട്ടെ
Leave A Comment