എന്റെ വലിയപ്പച്ചൻ പരീക്ഷ കഴിഞ്ഞു വന്ന ഇളയ മകളുടെ ചോദ്യ കടലാസ്സ് എടുത്തിട്ട്
ഓരോ ചോദ്യമായി ചോദിച്ചു തുടങ്ങി
യാതൊരു സങ്കോചവുമില്ലാതെ, മുൻപിൻ നോക്കാതെ ഉത്തരം പറഞ്ഞു കൊണ്ടേ ഇരുന്നു, മോളിമാമ്മ
അങ്ങനെ രണ്ടാളും നല്ല സംതൃപ്തിയോടെ മുന്നോട്ടു പൊയ്കൊണ്ടിരുന്നപ്പോളാണ്
പശുവിനെ, മുൻവശത്തെ എരുത്തിലിൽ കെട്ടാനായി വലിയമ്മച്ചിയുടെ രംഗപ്രവേശം
അപ്പോൾ കേട്ട ഉത്തരം കേട്ടിട്ട്, അമ്മച്ചി ഒന്ന് ഞെട്ടി
എന്നിട്ടു വലിയപ്പച്ചനോട് ചോദിച്ചു
നിങ്ങളെന്തുവാ ചോദിച്ചത്? മോളമ്മ എന്തുവാ പറഞ്ഞത്
കേട്ടായിരുന്നോ?
ഉത്തരം: ഭ്രാന്ത്
ചോദ്യം: കമുകിന്റെ രോഗം
അതെന്താപ്പാ അങ്ങനൊരു പുതിയ രോഗം എന്നായി വലിയപ്പച്ചനും വലിയമ്മച്ചിയും
മോളിയാമ്മ ആണേൽ തറ തട്ടേന്നു നില്കുന്നു ഒരു സംശയവും വേണ്ട
ഭ്രാന്തല്ലാതെ പിന്നെ എന്താണ്
അങ്ങനെ അങ്കമാലിയിലെ പ്രധാനമന്ത്രിയെ ഓർമിപ്പിക്കുന്ന ഒരു രംഗം വര്ഷങ്ങള്ക്കു മുന്നേ ഞങ്ങളുടെ കുടുംബത്തുണ്ടായി
എന്റെ മോളാസ് വായിച്ച ചോദ്യം
“കാമുകന്റെ രോഗം”
വെറും ഒരു ദീർഘം വരുത്തിയ വിന……
4 പെൺമക്കളിൽ ഇളയതും, പഠിച്ചു, പഠിച്ചു
വെള്ളായണി കാർഷിക കോളേജിൽ പോയി ഹോസ്റ്റലിൽ നിന്ന് പഠിച്ചു
ബിരുദധാരിണിയും, ഉദ്യോഗസ്ഥയുമായ കുന്നുംപുറത്തെ ആദ്യത്തെ പെൺതരി
കുന്നുംകുളത്തെ വലിയപ്പച്ചന്റെ കെട്ട് വള്ളം പോലത്തെ കാറിൽ മോളിയാമ്മയെ ഹോസ്റ്റലിൽ കാണാൻ ഞങ്ങൾ കുഞ്ഞു, കുട്ടി, ആബാലവൃദ്ധം ആള്ക്കാര് ഒരിക്കൽ ഒരു യാത്ര പോയി
കള്ളിച്ചെല്ലമ്മ എന്ന അതിമനോഹര പ്രേമ കാവ്യത്തിന്റെ പുറത്തുള്ള ഷൂട്ടിങ്ങെല്ലാം വെള്ളായണി കായലിന്റെ തീരത്തും കായലിലും ആയിരുന്നു.
ഹോസ്റ്റലിൽ നിന്ന് തിരികെ താഴോട്ടിറങ്ങുമ്പോൾ
ദേ മുന്നിൽ ഒരു വണ്ടി ചക്രം ഉരുണ്ടുരുണ്ടു പോകുന്നു
എവിടെ നിന്നോ വന്ന ചക്രം എന്ന് കരുതിയത്, ഞങ്ങളുടെ കാറിന്റെ ആണെന്നറിഞ്ഞപ്പോൾ
എല്ലാവരും കൂടി കൂവിവിളിക്കാൻ തുടങ്ങി. വണ്ടി എങ്ങനെയോ ചവുട്ടി നിർത്തി
പിന്നെ തീരെ ആൾതാമസമില്ലാത്ത റോഡിലൂടെ എല്ലാവരും ചക്രത്തിന്റെ പിന്നാലെ
എത്രയോ മീറ്റർ താഴോട്ടു ഓട്ടടാ ഓട്ടം.
അവസാനം താഴെ ഒരു തെങ്ങും കുഴിയിൽ നിന്ന് എടുത്തിട്ട്
ശരണം വിളിച്ചു മുകളിലോട്ടു !!
എനിക്കോർമ്മ ഉള്ളപ്പോൾ മുതൽ ചേട്ടനും, അമ്മാമ്മയും എന്ന് പറഞ്ഞു മോളാസ് അപ്പയുടെയും, അമ്മയുടെയും പിറകെ നടക്കും. ഫാബ്രിക് പെയിന്റ് വാങ്ങി ഏതു തുണി കിട്ടിയാലും, അതിലെല്ലാം 3 കുത്തിടും, ത്രികോണത്തിന്റെ മൂന്നു മൂല പോലെ എന്നിട്ടു അതിന്റെ ഇടയിലൂടെ ഓരോ വര വരക്കും, എങ്ങും തൊടാതെ 3 ദിശയിലേക്കു പോകുന്ന നേര്വരകൾ, അതിങ്ങനെ വരി വരിയായി പെയിന്റ് ചെയ്യും റേന്ത പോലെ
പിന്നെ കുറെ കാക്കകൾ സ്ഥിരം കുറെ ഗ്രാഫിക്സ്.
വീട്ടിലെ റേഡിയോ മേശയുടെ വിരിയിലും, തലയണ ഉറയിലും, ഷീറ്റുകളിലും, ടീ കോസിയിലും, കർട്ടനിലും, ചെയർബാക്കിലും തൂവാലകളിലും, എല്ലാത്തിലും മോളിയാമ്മയുടെ കരവിരുതുകൾ പ്രകടമായി തുടങ്ങി.
പിന്നെ അത് സാരികളിലേക്ക് വ്യാപിച്ചു
അങ്ങനെ എന്റെ ഓർമ്മ ശരി ആണെങ്കിൽ
അമ്മിണിമാമ്മ, വീട്ടിലെയും, അടുക്കളയിലെയും, പുറത്തെയും
എല്ലാ ജോലിയുടെയും അറ്റത്തു പിടിക്കാനും, ചെയ്യാനും;
മോളിയാമ്മ പഠനവും പിന്നെ അമ്മിണിയാമ്മ ഉണ്ടാക്കുന്ന മുട്ടയുടെ തോടെടുത്തു അതിൽ പടങ്ങൾ വര ക്കുക,
അത് മുറ്റത്തു മുള്ളുള്ള ഒരു തരം കറ്റാർവാഴയുടെ ഇലകളിൽ കുത്തി വെക്കുക
റോക്കറി എന്ന പൂന്തോട്ട രീതിയെ പറ്റി കേൾക്കുന്നതും അതുണ്ടാക്കി കാണുന്നതും ഞാൻ മോളാസിൽ നിന്നാണ്
പിന്നെ അമ്മക്ക് കേക്ക് ഉണ്ടാക്കാനുള്ള മുട്ട തല്ലി പൊട്ടിക്കാതെ മൊട്ടു സൂചി കൊണ്ട് കിഴുത്ത ഇട്ട്, മുട്ട പുറത്തെടുത്തിട്ടു അതിൽ പടം വരക്കുക; ഇങ്ങനെ ആകെ മൊത്തം കലാവിരുതുകളിൽ വ്യാപൃതയായി
പാറ്റയെയും ചിത്രശലഭത്തിനെയും പിടിച്ചു, ചിറകു വിടർത്തി മൊട്ടു സൂചി കൊണ്ട് കുത്തി വെച്ചിട്ടു അതിനെ അറുത്തു മുറിച്ചു പഠിക്കുക;
ചുറ്റുമുള്ള പൂച്ചിയെയും, പക്കിയെയും, ചെടിയെയും പൂവിനേയും മനുഷ്യന്റെ വായിൽ കൊള്ളാത്ത, പേരുകൾ വിളിക്കുക
ഭയങ്കര ഓർമശക്തി ആയിരുന്നു
എപ്പോൾ, ചോദിച്ചാലും
അതിപ്പോഴും, ബൊട്ടാണിക്കൽ പേരുകൾ പറയാൻ
ചെടിക്കും, മരത്തിനും ഉണ്ടാവുന്ന അസുഖങ്ങളുടെ പേരുകളും, അതെന്തു കൊണ്ട് എന്ന് കാര്യ കാരണ സഹിതം വിശദീകരിക്കാനും ഉള്ള കഴിവ് ഒന്ന് വേറെ തന്നെ ആയിരുന്നു
ചിലപ്പോൾ അമ്മക്ക് തോന്നാറുണ്ട്
കൈയും ദേഹവും അഴുക്കാകുന്ന ജോലി ഉള്ളപ്പോൾ പഠിത്തം ഇച്ചിരി കൂടുതലാണോ എന്ന്???
പിന്നെ അമ്മക്ക് മോളിയാമ്മയും അമ്മിണിമാമ്മയും
അനിയത്തി മാരായിരുന്നില്ല! മക്കൾ ആയിരുന്നിരിക്കണം
അമ്മയെ ഏല്പിച്ചിട്ടാണല്ലോ വലിയപ്പച്ചനും വലിയമ്മച്ചിയും പത്തനംതിട്ടക്ക് പോയത്
അങ്ങനെ ഞാനും എന്റെ കൂട്ട് കുടുംബവും പിച്ച വെച്ച് മുന്നോട്ടു ഒഴുകി കൊണ്ടേയിരുന്നു….
എന്തെല്ലാം പഠിച്ചിരിക്കുന്നു, ഏതൊരു കുഞ്ഞിന്റെയും തലച്ചോറിന്റെ വികസനം ഒട്ടു മുക്കാലും 2 വയസ്സ് വരെ എന്നു എവിടെയോ വായിച്ചിരുന്നു.
എനിക്കായി എന്തെങ്കിലും, എന്നുണ്ടെങ്കിൽ, അതിനെല്ലാം ഞാൻ എന്റെ വീട്ടിൽ താമസിച്ചവരും, എന്റെ കുഞ്ഞുന്നാളിൽ ഞാൻ കണ്ടു വളർന്ന, സഹകരിച്ച ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.
അങ്ങനെ മോളിയാമ്മ ഉദ്യോഗസ്ഥയായപ്പോൾ
പോകുന്ന വഴിക്കു ഇറക്കി വിട്ടതാണെന്നെ
വിദ്യ അഭ്യസിക്കാൻ
എന്നെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതു മോളിമാമ്മ
അത് പൊലിച്ചു
എനിക്കെന്റെ സ്കൂളും കൂട്ടുകാരെയും എന്റെ പ്രിയപ്പെട്ട അധ്യാപകരെയും കന്യാസ്ത്രീകളെയും കിട്ടി.
മോളാസ് വരുന്നു എന്നറിയുമ്പോൾ എന്റെ അമ്മക്ക് എന്നെ സംശയവും, അങ്കലാപ്പുംആയിരുന്നു
അമ്മയുടെ ബലഹീനത ആയിരുന്നു ‘അമ്മ വര്ഷങ്ങളായി സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന സാരികൾ.
അമ്മയുടെ ആദ്യത്തെ സാരി മുതൽ അമ്മ ഭംഗിയായി സൂക്ഷി ച്ചിരുന്നു. എന്റെ ജോലി അമ്മയുടെ താക്കോൽ ഇസ്കിയിട്ടു
നല്ല നിറമുള്ള സാരിയെല്ലാം പെറുക്കി മോളാസിനു കൊടുക്കാൻ എടുത്തു വെക്കലും
എന്റെ ന്യായം എന്നും ജോലിക്കു പോകണ്ട മോളിയാമ്മ അല്ലെ മാറി മാറി സാരി ഉടുക്കേണ്ടതെന്നു
അമ്മക്കാണേൽ എന്റെ കാര്യം കാണുമ്പോൾ പുലി വാല് പിടിച്ച പോലെ
തുടരും……….
Leave A Comment