ഒരു പഴയ കൊറോണ കാലത്തിന്റെ ഓർമ്മയ്ക്ക്
ഇന്നലെ ഞാനിവിടത്തെ അലക്സയോട് പല രീതിയിൽ ചോദിച്ചതാണ്
മഞ്ഞുണ്ടോ ഉണ്ടോ എന്ന്?
അവളെ പോലൊരു സാധനം!!! ആണയിട്ടു പറഞ്ഞു മഞ്ഞില്ല, പക്ഷെ മഴയുണ്ട് അതും ഉച്ചകഴിയുമ്പോൾ മാത്രം .
വെളുപ്പിനെ എഴുന്നേറ്റു പുറത്തോട്ടു നോക്കിയപ്പോ ഇരുട്ടാണ്, പക്ഷെ മരമെല്ലാം തിളങ്ങുന്നു. അപ്പോൾ പുറത്തെ ലൈറ്റ് ഇട്ടു നോക്കി
മഞ്ഞോടെ മഞ്ഞു, മരത്തിന്റെ കൊമ്പിലും ചില്ലയിലുമെല്ലാം വെളുവെളാന്നുള്ള മഞ്ഞു.
ഇനിയിപ്പോൾ പുറത്തിറങ്ങി മുറ്റത്തുള്ള ചുള്ളിക്കമ്പെല്ലാം പിറക്കുന്ന കാര്യം നടക്കില്ല. എന്നാൽ പിന്നെ ഇച്ചിരി നേരം കൂടി കിടക്കാമെന്നു വിചാരിച്ചു.
ഋതുരാജിന്റെ പാട്ടും വെച്ച് ഞാൻ കിടന്നു, അറിയാതെ മയങ്ങി പോയി.
ഉറക്കത്തിൽ ഞാനെന്റെ അമ്മയെ സ്വപ്നം കണ്ടു
എന്റെ കൊല്ലത്തെ വീട്ടിൽ, ഞാൻ നാലാമത്തെ സെമെസ്റ്ററിനു പഠിക്കുന്നു
ഒരു ദിവസം വൈകിട്ട് കോളേജിൽ നിന്ന് വന്നതും
‘അമ്മ വാതുക്കൽ നില്കുന്നു, അമ്മയുടെ നോട്ടത്തിൽ എന്തോ ഒരു പന്തികേട് തോന്നി. ഒന്നും പറയാതെ ‘അമ്മ എന്റെ കൈയ്യിലെ ലൈബ്രറി പുസ്തകം കൈയ്യോടെ പിടിച്ചെടുത്തു
അത് തുറന്നു ഒരു മഞ്ഞ കവർ കൈയ്യിലെടുത്തു
ആരുടെ എഴുത്താണെന്നോ എന്താണെന്നോ ചോദിച്ചില്ല
‘അമ്മ എന്നോട് പറഞ്ഞു ഇനി മുതൽ നിനക്ക് കൊറോണ കാലമാണ്
പുറത്തിറങ്ങാനോ ഫോൺ വിളിക്കാനോ കോളേജിൽ പോകാനോ അനുവാദമില്ല
ആരുമായും ഒരടുപ്പവും വേണ്ട
ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നാൽ മതി
അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ കൊറോണ അനുഭവം
വീട്ടിലെ ഫോൺ, അന്നത്തെ കറുത്ത കുന്ത്രാണ്ടത്തിനു പൂട്ടിട്ടു
പുസ്തകങ്ങളെല്ലാം ആദ്യത്തെ പുറം മുതൽ അവസാനത്തെ പുറം വരെ പരിശോധിച്ച് ശുദ്ധികലശം വരുത്തി
എന്റെ അലമാരയും ,തുണിയും, മണിയുമെല്ലാം കുടഞ്ഞിട്ടു പരിശോധിച്ച്
അങ്ങനെ അടുക്കിയിരുന്ന എല്ലാ പ്രതലങ്ങളും വീണ്ടും തുടച്ചു വൃത്തിയാക്കി
‘അമ്മ എഴുത്തുമായി അമ്മയുടെ നാത്തൂന്റെ വീട്ടിലേക്കു പോയി
ഇന്നത്തെ പോലെ മൊബൈലും ഇമെയിലും ഇല്ലാത്ത 1979-ലെ കൊറോണ കാലം
ഞാൻ പൂട്ടിയിട്ട ഫോൺ കുത്തി വിളിക്കാൻ തുടങ്ങി,
പെട്ടെന്ന് ഒരു മണിനാദം കേട്ട്
ഞാനുണർന്നു
എന്റെ അമ്മയെ കണ്ടില്ല
കൊല്ലത്തെ വീടും കണ്ടില്ല
കറുത്ത കുന്ത്രാണ്ടവും കണ്ടില്ല
കൊറോണ മാത്രം ബാക്കി
Leave A Comment