കണങ്കാല് മറയ്ക്കുന്ന കട്ടിയുള്ള തുണിയിൽ പൂക്കളുള്ള പാവാടയും ഇളം മഞ്ഞനിറത്തിലെ ബ്ലൗസും, ചുരുണ്ടു നീണ്ട മുടി എണ്ണമെഴുക്കോടെ പിന്നികെട്ടിയിട്ടു, തലയെടുപ്പുള്ള കുട്ടിയാനയുടെ നെറ്റിത്തടം പോലെ ഉയർന്ന നെറ്റിയുള്ള, ഇച്ചിരി ഉരുണ്ടിരിക്കുന്ന അമ്മിണിമാമ്മ
കുഞ്ഞായിരുന്ന എനിക്ക്, വാശി പിടിക്കാതെ, കരയാതെ തന്നെ വേണ്ടുന്നതെല്ലാം അറിഞ്ഞു ചെയ്തു തരാൻ എന്റെ വീട്ടിൽ അമ്മയുടെ ആങ്ങളമാരും അനിയത്തിമാരുമായി ഒരു പിടി ആളുകൾ ഉണ്ടായിരുന്നു. വീട് നിറയെ ആളുകൾ. വലിയപ്പച്ചനും വലിയമ്മച്ചിയും പത്തനംതിട്ടയിലേക്കു ജോലിയായി പോയപ്പോൾ, പഠിക്കുന്നതിന്റെ സൗകര്യത്തിനായി എല്ലാവരും അമ്മയുടെയും അപ്പയുടെയും കൂടെ താമസമായി.
വിമലഹൃദയത്തിൽ പഠിക്കുന്ന അമ്മയുടെ രണ്ടു അനുജത്തിമാരും, ഫാത്തിമ കോളേജിലും, ക്രിസ്തുരാജ് സ്കൂളിലും പഠിക്കുന്ന ആങ്ങളമാരും എല്ലാവരും പട്ടത്താനത്തുള്ള വീട്ടിൽ. എന്റെ വീട്ടിൽ എന്നും ഒരു ഉത്സവ പ്രതീധി ആയിരുന്നു .
എന്നെ പാളയിൽ കിടത്തി കുളിപ്പിച്ചപ്പോൾ, എനിക്ക് ചോറും കൂട്ടാനും ഉരുട്ടി തന്നപ്പോൾ, ചിറകുള്ള ഉടുപ്പുകൾ ഇടീപ്പിച്, തോളിന്റെ അല്പം മുകളിലായി വെട്ടി നിർത്തിയ മുടി ചീകി ഒതുക്കി സ്ലൈഡ് കുത്തി എന്നെ ഒരുക്കിയപ്പോൾ, അതൊരു അനന്തമായ ആത്മന്ധത്തിന്റെ തുടക്കമായിരുന്നു.
അമ്മിക്കല്ലിൽ അരച്ചും, ആട്ടുകല്ലിൽ ആട്ടിയുമൊക്കെ കൂട്ടാനും കറിയും പലഹാരങ്ങളും ഉണ്ടാക്കി തന്നിരുന്നു എന്ന് മാത്രമല്ല , വീട്ടിലെ ഏതു ജോലിയും അറിഞ്ഞു ചെയ്യാനുള്ള മനസ്സായിരുന്നു അമ്മിണിമാമ്മക്ക്.
അധികം പുറത്തിറങ്ങി നടക്കാനോ അവിടെയും ഇവിടെയും പോകാനോ വലിയ താല്പര്യം കാണിക്കാതെ വീട്ടിൽ തന്നെ ഒതുങ്ങി കഴിഞ്ഞിരുന്ന അമ്മിണിമാമ്മ അങ്ങനെ എന്റേത് മാത്രമായി.
എന്റെ വലിയമ്മച്ചി പ്രസവിച്ച എട്ടു മക്കൾ , നാല് ആണും നാല് പെണ്ണും വൃത്യസ്തമായ സ്വഭാവങ്ങളുടെ ഉടമകൾ ആയിരുന്നു. അനന്യമായ സ്വഭാവവിശേഷതകൾ ഉള്ളവർ. വളരെയധികം ചുമതലാബോധം ഉള്ളവർ.
എന്റെ ബാല്യകാലം അതി മനോഹരമായ ഓർമ്മകളുടെ കലവറ ആണ്.
ഞാൻ കണ്ടു വളർന്ന എല്ലാവരോടും ഞാനെന്നെന്നും കടപ്പെട്ടിരിക്കുന്നു .
എനിക്ക് മാത്രമല്ല എല്ലാവര്ക്കും എത്രയും പ്രിയപ്പെട്ടവൾ ആയിരുന്നു അമ്മിണിമാമ്മ; കാരണമുണ്ട്, സൗമ്യയും, സുശീലയും, സ്നേഹമയിയുമായ അമ്മിണിമാമ്മ എന്നും ഒരു പടി പുറകിൽ ഒതുങ്ങി നിൽക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. എന്റെ വല്യമ്മച്ചിയുടെ കൈപ്പുണ്യം കുറച്ചെങ്കിലും കിട്ടിയിട്ടുള്ളത് അമ്മിണിമാമ്മക്കാണെന്നു പില്കാലത്തെപ്പോഴോ എന്റെ മകൻ പറഞ്ഞു കേട്ടിട്ടുണ്ട്.
അങ്ങനെ ഒരു നാൾ വലിയപ്പച്ചൻ ജോലിയിൽ നിന്ന് വിരമിച്ചു കായങ്കുളത്തുള്ള കുടുംബ വീട്ടിലേക്കു താമസം മാറ്റി, കുറച്ചു കഴിഞ്ഞപ്പോൾ ഓരോരുത്തരായി പഠിത്തം തീർന്നതനുസരിച്ചു കായംകുളത്തേക്ക് പോയി .
അങ്ങനെ അങ്ങനെ ഞാൻ വളർന്നു വളർന്നു വലിയ കുട്ടിയായപ്പോൾ ഒരു ദിവസം അമ്മിണിമാമ്മയെ ഒരാൾ വന്നു കണ്ടു കല്യാണവും ആയി, ഞാൻ വാല് പോലെ അവരുടെ കൂടെ വണ്ടിയിൽ കയറി ഇരുപ്പുമായി, അങ്ങ് ദൂരെ ദൂരെ കുറത്തിയാട് എന്നൊരു ദേശത്തേക്കു യാത്രയുമായി. കല്യാണം കഴിഞ്ഞു കയറിച്ചെന്ന വീട്ടിലെ ആദ്യത്തെ മരുമകളല്ല മകളായിരുന്നു അമ്മിണിമാമ്മ. ഏതു സാഹചര്യവുമായി പൊരുത്തപ്പെടാൻ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത അമ്മിണിമാമ്മയുടെ ചാതുര്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ചുറ്റുപാടും കതകും എല്ലാ മുറിയിൽ നിന്നും ജനാലയുമുള്ള ഒരു മുറിക്കുള്ളിൽ രണ്ടു മതിലിനോട് ചേർത്തിട്ട കട്ടിലിൽ എന്റെ പ്രിയപ്പെട്ട അമ്മിണി അമ്മാമ്മയുടെ കൂടെ ഞാനും കിടപ്പായി. എന്നെ ചേർത്ത് പിടിച്ചു അമ്മിണിമാമ്മ ഉറക്കവുമായി.
അമ്മാമ്മയുടെ നൈർമ്മല്യമുള്ള ഹൃദയത്തിന്റെ ഒരായിരം മടങ്ങു വിശാലതയുള്ള കുറത്തിയാട്ടെ ബാബുച്ചായനെ എന്റെ സാമീപ്യം അലട്ടിയില്ല . അമ്മാമ്മയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ബാബുച്ചായന്, ഭൗതികമായ ഒന്നും തന്നെ ഒരു പ്രശ്നമായിരുന്നില്ല. അമ്മാമ്മയുടെ സന്തോഷം മാത്രം ആയിരുന്നു ബാബുച്ചായന്റെ ജീവിത ലക്ഷ്യം. ആരോടും ഒന്നും എതിർത്ത് പറയാൻ അറിയാത്ത അമ്മിണി അമ്മാമ്മയുടെ മനസ്സിനെ ഒപ്പിയെടുത്തു അരച്ച് കലക്കി കുടിച്ച ബാബുച്ചായൻ, അന്ന് മുതൽ ഈ ലോകത്തു നിന്ന് യാത്രയാകുന്നത് വരെ അമ്മാമ്മയെ ഒരു ആഘോഷമായിട്ടാണ് കൊണ്ട് നടന്നത്. ആ പരിഗണന പുള്ളിക്കാരൻ എന്റെ അമ്മയുടെ വീട്ടിലെ ഓരോരുത്തർക്കും ധാരാളമായി വാരിക്കോരി തരികയും ചെയ്തു.
പലപ്പോഴും എനിക്ക് അമ്മിണി അമ്മാമ്മ ഒരു ദേവദൂതയെ പോലെയാണെന്ന് തോന്നാറുണ്ടായിരുന്നു. ആരോടും കയർത്തു സംസാരിക്കുകയോ, ശബ്ദം ഉയർത്തി എന്തെങ്കിലും പറയുകയോ ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല
കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ കേട്ടു അമ്മിണിമാമ്മ ആസാമിലേക്കു പോകയാണെന്നു.
സത്യത്തിൽ വിഷമിക്കാനുള്ള അവസരം കിട്ടിയില്ല എന്നുള്ളതാണ് വാസ്തവം, ഭാരതത്തിന്റെ കിഴക്കേമൂലയിലേക്ക് ചേക്കേറി പാർക്കാൻ പോയ സ്ഥലത്താണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന ചിറാപുഞ്ചി എന്ന് പഠിച്ചത് മാത്രമാണ് എനിക്ക് ആസാം എന്ന സ്ഥലപ്പേര് കേട്ടപ്പോൾ ആകെ ഓർമ്മ വന്നത്.
പിന്നെ പിന്നെ അവധി കാലത്തു വന്ന് പോകുന്ന ക്രിസ്ത്മസ് പപ്പയെ പോലെ ആയി അമ്മിണിമാമ്മയും ബാബുച്ചായനും
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കമ്പിളിപുതപ്പുകൾ ഇവർ രണ്ടാളും ആസാമിൽ നിന്ന് കൊണ്ടുവന്നവയാണ്. പല നിറത്തിൽ, രണ്ടു തരം ഇഴകളോട് കൂടിയ എന്നാൽ തീരെ ഘനം തോന്നിക്കാത്ത പതുപതുങ്ങനെയുള്ള പുതപ്പുകൾ, പട്ടു പോലെ മർദ്ദവമേറിയ പുതപ്പുകൾ..
എല്ലാവര്ക്കും ഓരോന്ന് വീതം ഉണ്ടായിരുന്നു. പോരാഞ്ഞിട്ട് നിറമുള്ള നൂലുകൾ കൊണ്ട് ചിത്രപ്പണി ചെയ്ത ചേതോഹരങ്ങളായ Bed Spreads; ഇന്നും ഞാനതു സൂക്ഷിച്ചു കൂടെ കൊണ്ടുനടക്കുന്നു. 5 ദശാബ്ദകാലത്തോളം പഴക്കമുള്ള യാതൊരു കോട്ടവും തട്ടാത്തവ. അമ്മാമ്മയുടെ സ്വഭാവം പോലെ മാറ്റങ്ങളില്ലാതെ നല്ല മുന്തിയ തരം സാധങ്ങൾ മാത്രമേ രണ്ടാളും തന്നിട്ടുള്ളൂ . ഈ പാഠങ്ങൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
ആസാമിലെ ആളുകൾ മുളങ്കമ്പിന്റെ പുറത്തുകൂടെ ചാടി ചാടി ചെയ്യുന്ന നൃത്തത്തിന്റെ പടങ്ങൾ കണ്ടു അത്ഭുതത്തോടെ നോക്കിയിരുന്നത് ഇന്നും ഓർക്കുന്നു. അവർ അണിഞ്ഞിരുന്ന കടും വര്ണങ്ങളുള്ള കമ്പിളിപോലെ കട്ടിയുള്ള കൈലി പോലെയുള്ള തുണി അമ്മക്ക് കൊണ്ടുവന്നു കൊടുത്തതു ഇന്നും സൂക്ഷിച്ചു അലമാരയിൽ വെച്ചിരിക്കുന്നു.
ആസാമിൽ പോയ അമ്മിണിമാമ്മ കമ്പിളി നൂലുകൊണ്ട് തുന്നിയ പലതരം കുപ്പായങ്ങൾ കണ്ടിട്ട് കൊതി തോന്നിയ എനിക്ക് ഒരവധിക്കു വന്നപ്പോൾ കുറെയേറെ കമ്പിളി നൂലും knitting സൂചിയും കൊണ്ടുവന്നെന്നെ പഠിപ്പിച്ചു തരികയും ഉടുപ്പുകൾക്കു പകരം ഞാൻ വലിയപ്പച്ചന് കഴുത്തിൽ ചുറ്റാൻ നീളത്തിലുള്ള ഒരു shawl തുന്നുകയും ചെയ്തു.
ഓർമ്മകളുടെ വിഹായസ്സിലൂടെ പാറിപ്പാറി പറക്കുമ്പോൾ, പെറുക്കിയെടുക്കാൻ എത്രയെത്ര മയില്പീലികളാണ്.
എന്റെ ‘അമ്മ കുടുംബക്കാർക്കു ഒരു പ്രധാന അധ്യാപികയുടെ സ്ഥാനത്തായിരുന്നു.,
ഇന്നത്തെ കാലത്തു പ്രധാനമന്ത്രി ആകാൻ ബിരുദമോ ബിരുദാനന്തര ബിരുദമോ ആവശ്യമില്ല എന്നാകിലും എന്റെ ചെറുപ്പത്തിൽ എന്ത് കൊണ്ടോ അങ്ങനെ ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു.. എന്റെ ‘അമ്മ നല്ല കാര്യപ്രാപ്തിയുള്ള, സാമർഥ്യമുള്ള, ആരെയും വെറുപ്പിക്കാത്ത നയതന്ത്രജ്ഞയായിരുന്നു.
കൊടുക്കൽ വാങ്ങലിൽ എന്റെ അമ്മയും അപ്പയും ഞങ്ങൾക്കെല്ലാവർക്കും മാത്രകയായിരുന്നു. അതുകൊണ്ടാവാം അമ്മയുടെ സഹോദരങ്ങൾക്ക് എന്റെ വീട്ടിൽ താമസിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഇരുന്നത്. ‘
നമ്മുടെ നാട്ടിൽ അനാരോഗ്യപരമായ ആദര്ശരഹിതമായി രാഷ്ട്രീയം അല്ലായിരുന്നുവെങ്കിൽ എന്റെ ‘അമ്മ നാടിനെ നയിക്കുന്ന ഒരു ഭരണകർത്താവായേനെ. എന്റെ അപ്പയുടെ നിർലോഭമായ പിന്തുണയും ഉണ്ടായിരുന്നേനെ.
അമ്മിണി അമ്മാമ്മയെ പറ്റി പറഞ്ഞാൽ; എന്റെ അമ്മയെ നിരുപാധികമായി പിന്തുണക്കുകയും പരിപൂർണമായും വിശ്വ സിക്കയും അമ്മയുടെ വാക്കിനു എതിർവാക്കില്ലാതെ അതെ പടി പ്രാവർത്തികമാക്കുകയും ചെയ്യുക എന്നത് അമ്മിണിമാമ്മയുടെ മൗലിക അവകാശമായി കരുതിയിരുന്നു എന്നെനിക്കു നിസ്സംശ യം പറയാൻ പറ്റും.
ഗ്രേസിമ്മാമ്മയുടെ വാക്കിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. ‘അമ്മ എന്നും അമ്മിണിമാമ്മക്കു ഒരു മാത്രക ആയിരുന്നു
പിൽക്കാലത്തു ബാബുച്ചായനും അങ്ങനെ തന്നെ ആയിരുന്നു , ചേടത്തി എന്ന വിളിയിലെ സൗകുമാര്യം ഇന്നും എന്റെ മനസ്സ് നിറഞ്ഞു നില്കുന്നു. അവിടെയും അമ്മിണിമാമ്മ താരമായി, സ്വന്തം വീട്ടുകാരുടെ മുന്നിൽ ഭർത്താവിന്റെ സ്ഥാനം ആദരണീയമാക്കാനായി പുറകോട്ടു ഒരു പടി മാറി നിന്നിരുന്നു എക്കാലവും.
കൂടപ്പിറപ്പുകൾ തമ്മിലുള്ള വിശ്വാസത്തിന്റെ തീവ്രത ബോധ്യപ്പെട്ടത് ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട പൂച്ചകണ്ണിയെ പിച്ചവെച്ചു നടക്കുന്ന പ്രായത്തിൽ എന്റെ അമ്മയെ ഏല്പിച്ചിട്ടു അമ്മിണിമാമ്മയും ബാബുച്ചായനും ആസ്സാമിൽ സ്ഥിരതാമസം ആക്കിയപ്പോഴാണ്.
ഞങ്ങൾക്ക് അതൊരു സുഖാനുഭവം ആയിരുന്നു
ഞാൻ സ്വന്തം എന്ന് വിശ്വസിച്ചിരുന്ന അമ്മിണിമാമ്മയുടെ ചുന്ദരി കുട്ടി പൂച്ചകണ്ണുള്ള വെളുവെളാ ന്നു ള്ള ചുന്ദരിയെ ഞങ്ങൾക്ക് തന്നിട്ട് കൊച്ചിയിലെ ടെര്മിനസ്സിൽ നിന്ന് തീവണ്ടിയിൽ കയറിപ്പോയ ബാബുച്ചായനും അമ്മിണിമാമ്മയും
Mobile Phone, Whatsapp, Skype ഒന്നുമില്ലാത്ത കാലം
കാക്കിയിട്ട പോസ്റ്റ്മാൻ കൈയ്യിലൊതുക്കിയ എഴുത്തു കെട്ടിൽ നിന്നെടുത്തു തരുന്ന നീലനിറത്തിലുള്ള ഇൻലണ്ടിലെ മുറിയാത്ത വരികളിലൂടെ ഉള്ള വിശേഷങ്ങൾ.
വലിയമ്മച്ചിയുടെ പെൺമക്കളിൽ ആദ്യമായി സംസ്ഥാനങ്ങൾ താണ്ടി പോയതും കടൽ കടന്നു അങ്ങ് അറബിദേശത്തു ആദ്യമായി പോയതും എന്റെ അമ്മിണിമാമ്മയാണ്
എന്തിനു രാഷ്ട്രഭാഷ സുതാര്യമായി പറയാൻ പഠിച്ച മിടുക്കി, പിന്നെ ചപ്പാത്തിയും പൂരിയും കിഴങ്ങുകറിയൊക്കെ പട പടാന്നു കുഴച്ചു, ഉരുട്ടി, പരത്തി, ചുട്ടു തള്ളുന്ന സാമർത്യക്കാരി
കമ്പോളത്തിലുള്ള മീനും ഇറച്ചിയും മലക്കറിയുമെല്ലാം കൊട്ടയോടെ വാങ്ങിക്കുന്ന കര്ഷകകുടുംബ പാരമ്പര്യമുള്ള ബാബുച്ചായൻ. അതെല്ലാം രുചിയോടെ വെച്ചുണ്ടാക്കുന്ന അമ്മിണിമാമ്മ, ചേക്കേറിയ ദേശത്തെല്ലാം ആത്മമിത്രങ്ങൾ.. അമ്മാമ്മ ശരിക്കും ഒരു താരമായിരുന്നു, സ്നേഹം മാത്രം കൈമുതലായുള്ള, കുശുമ്പും, കുന്നായ്മയും ,വേണ്ടാത്ത മത്സരസ്വഭാവമോ ചിന്തകളോ ഒന്നുമില്ലാത്ത ഒരു ജന്മം.
സത്യം പറഞ്ഞാൽ സമകാലീന പ്രശ്നങ്ങളിലൊന്നും വലിയ താല്പര്യമില്ലാത്ത സ്വന്തം വീട്ടുകാരുടെയും സ്വന്തക്കാരുടെയും ക്ഷേമത്തിനെ പറ്റി മാത്രം കരുതി അടുക്കളയിലെ നാല് ചുമരുകൾക്കുള്ളിൽ ജീവിതത്തിന്റെ ഏറിയ പങ്കും സന്തോഷത്തോടെ ചിലവഴിച്ച വരുന്നവർക്കും പോകുന്നവർക്കുമൊക്കെ രുചിയോടെയുള്ള ഭക്ഷണം വെച്ചുവിളമ്പിയ ഒരു സ്ത്രീരത്നം
എന്റെ അമ്മയുടെ ഏറ്ററ്വും വലിയ ബലഹീനത അമ്മയുടെ സാരികൾ ആയിരുന്നു, എല്ലാം സൂക്ഷിച്ചു കഞ്ഞിമുക്കിയും തേച്ചും വളരെ ഭദ്രമായി സൂക്ഷിക്കുന്നു ‘അമ്മ എന്റെ പ്രധാന ജോലി അലമാര തുറന്നു സാരികളെടുത്തു അമ്മയുടെ അനിയത്തിമാർക്കു വിതരണം ചെയ്യലും, സത്യത്തിൽ ഇപ്പോൾ ഓർക്കുമ്പോൾ ചിരിക്കാതെ വയ്യ; എന്റെ ‘അമ്മ എത്രമാത്രം വീർപ്പു മുട്ടിയിരുന്നെന്നോ, വല്ലാത്ത സമ്മർദ്ദത്തിലായ നിമിഷങ്ങൾ .. പക്ഷെ എനിക്കാണെങ്കിൽ വല്ലാത്ത ആവേശമായിരുന്നു അമ്മയുടെ സാരിയെടുത്തു കൊടുക്കുന്നത്.
സ്വന്തമായി വീടും പറമ്പും ആയപ്പോൾ കൊല്ലത്തെ ഞങ്ങളുടെ വീട്ടിലെ ഓരോ ചെടിയുടെയും നാമ്പെടുക്കാൻ ഞങ്ങൾ നടത്തുന്ന ചുറ്റികളികൾ, . ചെടികൾ വേണമെന്നുള്ള മോഹം ഉള്ളിലൊതുക്കി ഒതുങ്ങി നിൽക്കുന്ന അമ്മിണിമാമ്മ. അമ്മയോട് തർക്കിച്ചു അനുവാദത്തിനു കാത്തു നില്കാതെ ചെടികൾ മുറിച്ചും, പിഴുതും, കാറിൽ കെട്ടിവെക്കുന്ന ഞാനും.. എല്ലാം ഇന്നലത്തെ പോലെ
അമ്മിണിമാമ്മ സാരിയുടെ പല്ലവ്ഞൊറിഞ്ഞു തോളിൽ പിന് കുത്തി വെച്ചാണ് നടക്കാറ്, ആരെങ്കിലും കുരിശു വരക്കുന്നത് കണ്ടാലുടനേ സാരിയുടെ അറ്റം വിടർത്തി തലയിലൂടെ ഇട്ടിട്ടു കണ്ണും പൂട്ടി അവരുടെ കൂടെ പ്രാർത്ഥനയോ പാട്ടോ തുടങ്ങും .. അമ്മാമ്മക്ക് ഈണം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഞങ്ങളുടെ പൂച്ചകണ്ണിയെ അതായതു മിനിമോളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കണം എന്ന് നിർബന്ധം ഞങ്ങൾക്കുണ്ടായി അത് ഞങ്ങളുടെ ഭാഗ്യം.
രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോൾ അതൊരു ആൺകുഞ്ഞുകൂടി ആയപ്പോൾ അമ്മിണിമാമ്മ യുടെ ആഹ്ലാദത്തിനു അതിരില്ലായിരുന്നു
ആകെ ഒരു തവണ മാത്രമാണ് ഞാൻ അമ്മിണിയമ്മയോടു എന്തെങ്കിലും ശബ്ദമുയർത്തി പറഞ്ഞത് .. അതൊരു കോഴിക്കാലിന്റെ കാര്യമായിരുന്നു
എന്റെ വീട്ടിലെ ഊണ് മുറിയിൽ
അമ്മിണിമാമ്മയും, ബാബുച്ചായനും ബഹറിനിൽ നിന്ന് അവധിക്കു വന്ന സമയം, വിരുന്നുകാര് വരുമ്പോളാണ് കോഴിയെ കൊല്ലാറു, അങ്ങനെ അന്ന് കോഴിയെ കൊന്നു. വറുത്ത കോഴികഷണങ്ങൾ വിളമ്പിയപ്പോൾ ആകെയുള്ള രണ്ടു കാലും മനോജിന് കൊടുത്ത അമ്മിണിമാമ്മയെ ഞാൻ കൈയ്യോടെ പിടിച്ചു. ഞങ്ങളുടെ മിനിമോൾക്കെന്തുകൊണ്ട് കോഴിക്കാല് കൊടുക്കുന്നില്ല എന്ന ചോദ്യവുമായി. പാവം അമ്മിണിമാമ്മ നമ്മുടെ നാട്ടിലെ നാടൻ മുറ പിന്തുടർന്നാണ് , മുന്തിയ ഭക്ഷണം ആൺ തരികൾക്കാണെന്ന മാനദണ്ഡം.. ഒരു കാര്യം തീർച്ച അമ്മാമ്മ ഇത് പോയിട്ട് വേണ്ടാത്തതായിട്ടുള്ള ഒന്നും ഓർക്കുന്നുണ്ടാവില്ല തീർച്ച; അതും ഒരു കഥ
എന്റെ അമ്മയെയും അപ്പയെയും ആദ്യമായി അന്നത്തെ പേർഷ്യയിൽ കൊണ്ടുപോയത് ഇവർ രണ്ടുപേരുമാണ്, തിരികെ വന്നപ്പോൾ ഒരു വണ്ടി വീട്ടു സാധനവുമായാണ് വന്നത്. ഏറ്റവും നല്ല സാധനങ്ങൾ. പിന്നെ അമ്മക്ക് പത്തരമാറ്റ് തങ്കത്തിലുള്ള ആഭരണങ്ങൾ വാങ്ങികൊടുത്തിരുന്നു. ‘അമ്മ അതൊക്കെ വളരെ അധികം ചാരിതാര്ത്ഥ്യത്തോടെ പറയുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. പരാതികളില്ലാത്ത പരിഭവങ്ങൾ ഇല്ലാത്ത അമ്മിണിമാമ്മ
കുറവുകളും പ്രയാസങ്ങളും അറിയിക്കാതെ കൈവെള്ളയിൽ കൊണ്ടുനടന്നിരുന്ന ഭർത്താവ് . അല്ലലുകളില്ലാതെ അലമുറകളില്ലാതെ സ്വച്ഛന്ദമായി ഒഴുകിയിരുന്ന ജീവിതം
കൂടപ്പിറപ്പുകളെ സ്നേഹിക്കാനും ആദരിക്കാനും കൈ അഴിഞ്ഞു സഹായിക്കാനും യാതൊരു മടിയുമില്ലാത്ത ബാബുച്ചായന് പറ്റിയ കൂട്ടായിരുന്നു അമ്മിണിമാമ്മ
വലിയ ആഗ്രഹങ്ങളും അതിമോഹങ്ങളും ഇല്ലാതിരുന്ന അമ്മാമ്മ എന്തെങ്കിലും കൗശലം എന്നെങ്കിലും കണ്ടറിഞ്ഞിട്ടുണ്ടെങ്കിൽ അതെന്റെ ‘അമ്മ പറഞ്ഞു മനസ്സിലാക്കിയപ്പോൾ മാത്രമാവാം.
അതുകൊണ്ടുള്ള ഭാഗ്യം ഉണ്ടായത് ഞങ്ങളുടെ മിനിമോൾക്കാണ് ബെന്നിയെ കല്യാണം കഴിക്കാനുള്ള അനുവാദം കിട്ടി.
എന്റെ ‘അമ്മ ആയിരുന്നെങ്കിൽ കാണുന്നതിന് മുന്നേ ‘ തിരക്കഥയും ക്ലൈമാക്സും എഴുതി സ്റ്റാൻഡിൽ പിടിച്ചു മതിലിൽ ഒട്ടിച്ചേനെ
വലിയപ്പച്ചൻ മരിക്കുന്ന അവസരത്തിൽ അമ്മിണിമാമ്മ കാൽകീഴെ ഇരുന്നു കാലിന്റെ വെള്ള തടവിക്കൊണ്ടിരുന്നു ജീവൻ പോകുന്നത് അനുഭവിച്ചറിഞ്ഞു എന്ന് പറഞ്ഞു കേട്ടിരുന്നു ഞാനന്ന് Zambia-യിൽ ആയിരുന്നു
എന്റെ ‘അമ്മ മരിച്ചപ്പോൾ അമ്മിണിമാമ്മ പറഞ്ഞതോർത്തു ഞാനും അമ്മയുടെ കാലിന്റെ വെള്ള തിരുമ്മികൊടുത്തുകൊണ്ടിരുന്നു
ഓരോരോ നിമിത്തങ്ങൾ.
എനിക്കേറ്റവും വലിയ മാത്രകയാണ് എന്റെ അമ്മയുടെ സഹോദരങ്ങൾ
ഞാൻ ജനിച്ചപ്പോൾ മുതൽ കണ്ടു വളർന്നത് കൊണ്ടാണങ്ങനെ
അപ്പയുടെ അമ്മയും അപ്പയും എന്റെ അപ്പയുടെ കുഞ്ഞുന്നാളിൽ മരിച്ചതിനാൽ, അപ്പയുടെ സഹോദരങ്ങളെ വർഷത്തിലൊരിക്കൽ മാത്രമേ കണ്ടിരുന്നുള്ളൂ, അമ്മയുടെ അസാമാന്യ കരുണയും സ്നേഹവും നിറഞ്ഞ പെരുമാറ്റം കാരണം എല്ലാവരെയും പോയി കണ്ടിരുന്നു എന്നിരുന്നാലും ഒരുമിച്ചു ജീവിക്കുമ്പോൾ പഠിക്കുന്ന പാഠങ്ങൾ കുറവായിരുന്നു.
എന്റെ അടുത്ത് വന്നു കുറച്ചു നാൾ നിൽക്കാമോ എന്ന് ചോദിച്ചപ്പോഴാണ് അമ്മാമ്മ കാലിന്റെ വേദനയെ പറ്റി പറഞ്ഞത്, നടക്കാനുള്ള ബുദ്ധിമുട്ടിനെ പറ്റി പറഞ്ഞത്.. 6 ദശാബ്ദ കാലത്തോളം അമ്മാമ്മക്ക് എന്തെങ്കിലും ഒരു കുറവുള്ളതായെനിക്ക് തോന്നിയിട്ടേയില്ല. അമ്മിണിമാമ്മയുടെ മുഖത്തെ ശാന്തത മാത്രം കണ്ടു വളർന്ന ഞാൻ അമ്മിണിമാമ്മ എന്താണ് പതുക്കെ നടക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടില്ല എന്നുള്ളതാണ് പരമാർത്ഥം.
സാറാമ്മ… എന്റെ മനസ്സിലെ കുരുത്തക്കേടുകൾ എന്നും എപ്പോഴും പറഞ്ഞു ചിരിക്കാൻ എനിക്ക് കൂട്ടായിട്ടുള്ള എന്റെ പ്രിയപ്പെട്ട അമ്മീണാസ്… അമ്മിണിമാമ്മയെ പറ്റി ഓർക്കുമ്പോളെല്ലാം മനസ്സിന്റെ ഉള്ളിൽ ഒതുങ്ങി ചിണുങ്ങി കുണുങ്ങി നടക്കുന്ന ഒരു കുട്ടി താറാവിനെ ആണ് ആദ്യം ഓർമ്മവരുക. പേരും അങ്ങനെ തന്നേ സാറാമ്മ…. എണ്ണമെഴുക്കുള്ള തൂവലുമായി സ്വച്ഛന്ദം നീന്തിനടക്കുന്ന, പ്രകാപനങ്ങളില്ലാത്ത, വളരെ ശാന്തമായി ഓളങ്ങൾ പോലും ഉണ്ടാക്കാതെ ഒഴുകുന്ന സ്നേഹത്തിന്റെ സാക്ഷാത്ക്കാരം
എന്റെ ചെറുപ്പത്തിൽ മനോജ് ജീവിതത്തിന്റെ ഭാഗമായിരുന്നില്ല എങ്കിൽ ഇന്ന് അമ്മിണിമാമ്മയുടെയും ബാബുച്ചായന്റെയും നന്മകൾ എല്ലാം തന്നെ നിറഞ്ഞു തുളുമ്പുന്ന എന്റെ കുഞ്ഞനുജനാണവൻ. അമ്മിണിമാമ്മക്കു എന്നെന്നും സന്തോഷിക്കാൻ..
പ്രസിദ്ധീകരിക്കാനായി ഒരു പടം ചോദിച്ചപ്പോൾ മിനിമോൾ ഇന്ന് അയച്ചു തന്ന പടമാണ്, അതിശയം എന്റെ ഓർമയിലെ അതേ അമ്മിണിമാമ്മ
Leave A Comment