എന്നെന്നും ….സബിത ആന്റി
ഓർമ്മച്ചെപ്പുകൾ തുറക്കേണ്ട
വെറുതെ ഇരുന്നാൽ
എത്തിപ്പെടുന്നത് കൊല്ലത്തെ പല ദിക്കുകളിലാണ്..
ആ ദിക്കുകളിലൂടെ ഉരുണ്ടുരുണ്ടു സഞ്ചരിക്കുന്ന എന്റെ റാലി സൈക്കിൾ,
അതിന്റെ മുകളിൽ കാല് താഴെ കുത്താനുള്ള ഉയരമില്ലാത്ത ഞാനും, അതിൽ കയറി പറന്നു ചെല്ലുന്ന പട്ടത്താനത്തെ “സീമ” എന്ന വീട്ടു മുറ്റം.
അവിടെ ആദ്യം കാണാറുള്ള അച്ചാച്ചൻ! സാക്ഷാൽ Professor Shakespeare K. Velayudhan Nayar.
അച്ചാച്ചൻ; ചിക്കു, നിന്റെ സൈക്കിൾ കൂട്ടുകാരി എത്തി എന്ന് വിളിച്ചു പറയുമ്പോൾ, അകത്തു നിന്ന് തെന്നൽ പോലെ ഒഴുകി എത്തുന്ന Lekhu-ന്റെ അമ്മൂമ്മ, ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ഞമ്മൂ.
ചില ദിവസങ്ങളിൽ കൊടി വെച്ച കാറിൽ, പോലീസ് കുപ്പായമിട്ട് നക്ഷത്രങ്ങൾ തോളിൽ തിളങ്ങുന്ന ചിക്കുവിന്റെ, ഞങ്ങളുടെ എല്ലാം ലേഖ കെ നായർ -ടെ അച്ഛൻ കൃഷ്ണൻ നായർ അങ്കിൾ വന്നിറങ്ങും.
അപ്പോൾ ഞാൻ ഉള്ളിലേക്ക് നോക്കും, മിന്നായം പോലെ ജനാലക്കിടയിലൂടെ കാണാറുള്ള സബിത ആന്റി,
എന്റെ ‘അമ്മ പലപ്പോഴും പറയാറുള്ള വാചകം ഓർത്തു പോയി
നിങ്ങൾ എന്തിനാ ഈ കൂനി കൂടി നടക്കുന്നെ? Lekhu-ന്റെ അമ്മ സബിതയെ നോക്കി പഠിക്കൂ
എന്തൊരു തലയെടുപ്പാണ്, തല ഉയർത്തി, നെഞ്ചു വിരിച്ചു, തോള് നിവർത്തി, പ്രൗഢ ഗാംഭീര്യമായി നടക്കുന്നത് കണ്ടു പഠിക്ക്
ആരായാലും നോക്കി നിന്ന് പോകും
സത്യം!!
സബിത ആന്റി മുന്നിലെ Sit Out- ലേക്കു വരുന്നതു കാണാൻ നോക്കി നിന്നിട്ടുണ്ട്,
ഞാൻ പല്ലു മുപ്പത്തിരണ്ടും കാണിച്ചു ചിരിക്കും; ചെറിയ ഒരു പുഞ്ചിരി സമ്മാനിക്കാറുള്ള സബിത ആന്റി, പ്രത്യേകിച്ചൊന്നും പറയാറില്ല ചോദിക്കാറുമില്ല.
കൃഷ്ണൻ നായർ അങ്കിൾ പ്രേമപുരസ്സരം “കുട്ടി” എന്ന് വിളിക്കുന്നത് കേൾക്കാൻ ഞാൻ മിക്കപ്പോഴും Lekhu- വിനെ കാത്തു നിൽക്കുന്ന വ്യാജേന സൈക്കിൾ സ്റ്റാൻഡ് ഇടാതെ വീടിന്റെ മുന്നിൽ തന്നെ നിൽക്കും.
പ്രേമം നിറഞ്ഞൊഴുകിയ വീടായിരുന്നു Lekhu- വിന്റെ വീട്, അച്ചാച്ചനും ഞമ്മുവും, കൃഷ്ണൻ നായർ അങ്കിളും, സബിത ആന്റിയും, ലളിചേച്ചിയും, ചേട്ടനും, മോമാമ്മനും മീനച്ചേച്ചിയും.
ദാസേട്ടന്റെ പാട്ടുകളെ പ്രേമിച്ചും ശ്വസിച്ചും നടന്ന കുട്ടിക്കാലത്തു ഞങ്ങളുടെ ഒക്കെ സൗഭാഗ്യം ആയിരുന്നു Lekhu, ജീവിതത്തിൽ ആദ്യമായി ശാസ്ത്രീയ സംഗീതം പഠിച്ച ഒരാളെ ഒന്ന് തൊടാനും കൈകോർത്തു നടക്കാനും കിട്ടിയ അവസരം.
സംഗീതവും സംഗതികളും നിറഞ്ഞൊഴുകുന്ന അന്തരീക്ഷമായിരുന്നു Lekhu-ന്റെ വീട്.
കുറച്ചു ദിവസങ്ങൾക്കു മുന്നേ 4 തലമുറ എന്ന തലക്കെട്ടോടെ, സബിത ആന്റി, Lekhu, Lekhu-ന്റെ മകൻ, കുഞ്ഞു മകൾ എല്ലാവരുടെയും നല്ലൊരു പടം Lekhu അയച്ചു തന്നു.
സബിത ആന്റി; ഫാത്തിമ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ പ്രൊഫസർ ആയിരുന്നു, ഈ Covid വന്നു നമ്മളുടെ ഒക്കെ ജീവിതത്തിനെ മാറ്റി മറിക്കുന്ന നാൾ വരെ, വളരെ ഉല്ലാസവതിയായി ആയിരകണക്കിന് കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ ചൊല്ലിക്കൊടുത്ത പേരുകേട്ട അദ്ധ്യാപിക. 3 പെൺമക്കളും അമ്മയെ മാത്രകയാക്കിയതിൽ അത്ഭുതപ്പെടാനില്ല.
Lekhu എന്നോട് അമ്മയുടെ വയ്യായ്മകളെ പറ്റി പറയാൻ ശ്രമിച്ചു എങ്കിലും, എനിക്കതൊന്നും ചെവിക്കൊള്ളാൻ തീരെ മനസ്സില്ലായിരുന്നു; ഞാനപ്പോഴും പറഞ്ഞത് Sabitha Aunty-യുടെ രാജപ്രൗഢിയുള്ള ആകാരത്തെ പറ്റിയാണ്.
കാരണം എന്റെ മനസ്സിലെ യന്ത്രങ്ങളുടെ ചക്രങ്ങളിൽ ഇവരാരും വയ്യാതാവുന്നില്ല..
അവരുടെ ആരുടേയും സാമര്ത്ഥ്യവും, ചുറുചുറുക്കും, വൈഭവവും അസ്തമിക്കുന്നില്ല..
എന്റെ മനസ്സിൽ Sabitha Aunty തലയെടുപ്പുള്ള ഗുരുവായൂർ കേശവനെ പോലെ എന്നെന്നും നിലകൊള്ളുന്നു.
സ്നേഹത്തോടെ ബീന
1 comment(s)