അങ്ങനെ എങ്ങനെയോ
ആരെയും ബുദ്ധിമുട്ടിക്കാതെ
പത്തിൽ പഠിക്കുമ്പോഴും ഡിഗ്രിക്ക് പഠിക്കുന്നവർക്ക് കണക്കിനും അക്കൗണ്ടൻസിക്കും ട്യൂഷൻ എടുത്ത്,
അനിയച്ചായൻ കോട്ടയം ഗവണ്മെന്റ് ഹോമിയോ കോളേജിൽ നിന്ന് ഹോമിയോ ഡോക്ടർ ആയി.
അനിയച്ചായൻ ഒരു പരിവര്ത്തനവാദി ആയിരുന്നു, വിപ്ലവകാരി എന്ന് പറഞ്ഞു ആൾക്കാരിൽ സംശയം ഉണർത്തുന്നില്ല.
വളരെ വ്യത്യസ്തമായ ഒരു മനസ്സിന്റെ ഉടമ.
അവനവന്റെ കാര്യം നോക്കാൻ അറിയാത്ത ഒരു ജന്മം
മാനസിക വിഭ്രാന്തിയും, മനഃപ്രയാസവുമൊക്കെ ഉള്ളവരെ മാസ്മരവിദ്യപ്രയോഗിച്ചു തപോനിദ്രയിൽ ആക്കി അവരുടെ ഉള്ളു കള്ളികളുടെ നിജസ്ഥിതി അറിഞ്ഞു അതിന്നു വേണ്ടുന്ന പ്രതിവിധി മരുന്നായും,മന്ത്രണമായും പ്രയോഗിച്ചു ഭേദമാക്കുന്ന ഒരു സിദ്ധൻ ആയിരുന്നു അനിയച്ചായൻ
ഇങ്ങനെ സാധാരണ ആരും സമഗ്രമായി സവിസ്തരം പഠിക്കാൻ മെനക്കെടാത്ത വ്യഥകൾ,
സ്വന്തം സമയവും, ആരോഗ്യവും കാശും ചിലവാക്കി ശരി ആക്കുന്ന ഒരു പുണ്യാത്മാവും ലോല ഹൃദയനുമായ വിപ്ലവകാരി ആയിരുന്നു അനിയച്ചായൻ
അതുകൊണ്ടു എന്തുണ്ടായി
എന്റെ ‘അമ്മ പറയാറുള്ള പോലെ
സാധാരണ ഹോമിയോ ഡോക്ടറിന്റെ അടുത്ത് ചെല്ലുന്നതാരാ?
കുഞ്ഞുങ്ങളെയും കൊണ്ട് അല്ലറ ചില്ലറ പനി, ചൊറി എന്നൊക്കെ പറഞ്ഞു സാധാരണക്കാർ..
അവര് ആകെ കൈയ്യിലുള്ള 2 രൂപ കൊടുക്കും;
അനിയൻകുഞ്ഞിന്റെ സ്വിസ് മരുന്നിന്റെ തപാൽ കാശു പോലും മുതലാവില്ല, അതുകൊണ്ടു അവൻ ആരുടെ കയ്യീന്നും ഒന്നും വാങ്ങത്തില്ല
അപ്പോൾ പിന്നെ തീരാ വ്യാധി കളും മാരക രോഗങ്ങളും സുഖപ്പെടുമ്പോൾ വലിയ വലിയ ആൾക്കാർക്ക് എത്ര കൊടുക്കണം എന്നൊരു പ്രശ്നം.
ഹോമിയോ മരുന്നല്ലേ കൂടുതൽ കൊണ്ടുക്കേണ്ട ആവശ്യവുമില്ല എന്നവരങ്ങു അനുമാനിക്കും.
ചികില്സിച്ചവരാരും ഒന്ന് കൂടി വര ണ്ടി വരാറില്ല, അസുഖം മാറിയിരിക്കും അങ്ങനെ ആയപ്പോൾ ബഹുമാന സൂചകമായി, ചുമതല ആയി കണ്ടിട്ട് ഡോക്ടറിനെ സല്കരിക്കാൻ തുടങ്ങി, ആ സൽക്കാരത്തിൽ തീറ്റയേക്കാൾ കൂടുതൽ ദ്രാവകം അകത്താക്കാൻ തുടങ്ങി
അതൊരു ശീലമായി
രോഗികൾക്ക് ഡോക്ടർ കൂട്ടിനുള്ളതിന്റെ ആശ്വാസവും, അങ്ങനെ എന്റെ അനിയച്ചായൻ സ്വന്തം കാര്യം നോക്കാനറിയാതെ ഉത്തരവാദിത്വമില്ലാതെ
ഞങ്ങൾ എല്ലാവരെയും അക്ഷരാർത്ഥത്തിൽ
നിത്യമായ കണ്ണുനീരിൽ
അതിന്നും തോരാത്ത കണ്ണുനീരിൽ ആക്കി
കടന്നു പോയി…
ചലപിലാന്നു വർത്തമാനം പറഞ്ഞിങ്ങനെ, പഠിപ്പിച്ചും, അല ച്ചും നടക്കുന്ന എനിക്ക് പെട്ടെന്ന് തൊണ്ടയിൽ അണുബാധ ഉണ്ടാവും നിമിഷങ്ങൾ കൊണ്ട്.
അനിയച്ചായനാണ് പറഞ്ഞത് എനിക്ക് Speakers Disease ആണെന്ന് വഴിനീളെ പ്രസംഗിച്ചു നടക്കുന്നവരുടെ അസുഖം! അങ്ങനല്ലാട്ടോ, എന്റെ തൊണ്ടയിലെ എല്ലാപാർട്സും വളരെ അടുത്തിരിക്കുന്നു അതൊക്കെ ഉരസി ആകെ മൊത്തം പ്രശ്നമാണ് അതിനു എനിക്കൊരു ഒറ്റ മൂലി തന്നിരുന്നു Wyethia
അതിന്നും സിഡ്നിയിലെ എന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു
മരിക്കുന്നതിന് മുന്നേ എല്ലാം കുറിച്ചുതന്നതുൾപ്പെടെ
ഒരു തുള്ളി മതി സംഗതി കുശാൽ
പിന്നെ ഗർഭിണി ആയിരുന്നപ്പോൾ തലകുത്തി ഛര്ദ്ദി വയറ്റിളക്കം, ഗോവിന്ദന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു , ഡ്രിപ്, ഗ്ളൂക്കോസ് ഒക്കെയായി, വ്യാക്ക് എന്ന പേരും പറഞ്ഞു ,
എനിക്ക് നിവർന്നു നില്ക്കാൻ മേല, ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് അനിയച്ചായനെ കാണണം….
അനിയച്ചായൻ എറണാകുളത്തുനിന്ന് പറന്ന് രാത്രി 2 മണിക്കെത്തി
3 തുള്ളി മരുന്ന് എന്റെ നാക്കിൽ ഒഴി ച്ചു
അത്ര തന്നെ, എന്റെ എല്ലാ അസുഖവും അപ്പോൾ തന്നെ മാറി
എന്റെ അസുഖത്തിന്റെ കാരണം എനിക്ക് 2 വയസ്സുള്ളപ്പോൾ വന്ന അമീബിയാസിസ്, ദേഹം ദുര്ബ്ബലമായപ്പോൾ തിരികെ വന്നതാണ്
അല്ലാതെ വ്യാക്കും, പോക്കും, പൊക്കണവും, ഒന്നു മല്ലായിരുന്നു.
പിന്നെ എനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് കുറെ നേരം വിമാന യാത്ര കഴിഞ്ഞിറങ്ങിയാൽ കാലു താഴെ തൊടാൻ പറ്റില്ല
വണ്ടി ഓടിക്കാൻ മേല, നടക്കാൻ മേല, അതിഭയങ്കര വേദന
കേട്ട പാതി കേൾക്കാത്ത പാതി അനിയച്ചായൻ പറഞ്ഞു നാളെ തൊട്ടു പേസ്റ്റ് ഉപയോഗിക്കേണ്ട പ ല്ലു തേക്കാൻ …
കേട്ട ആൾ ഞെട്ടി , ഇതെന്തു ചികിത്സ
അനിയച്ചായൻ ഒരു പേപ്പറിൽ വരച്ചു കാട്ടി
കാൽസിഫിക്കേഷൻ അതുകൊണ്ടുള്ള Nerve Pinching
അതൊക്കെ ഒഴിവാക്കാൻ കുറച്ചു നാൾ ഒന്ന് നിർത്തൂ; മാറ്റം ഉണ്ടോ, എന്ന് നോക്കാം, മൗത് വാഷ് ഉപയോഗിക്കൂ, ഉമിക്കരിയും, മാവിലയും, ഉപയോഗിക്കൂ
ചെയ്തു.
വേദന എങ്ങോട്ടോ പോയി
ഇങ്ങനെ എന്തെല്ലാം എന്തെല്ലാം
ഞാൻ വേദനയോടെ ഓർക്കുന്നത് എന്റെ അഭിമാനിയായ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന, ആഗ്രഹങ്ങൾ ഇല്ലാത്ത, പരോപകാരിയായ അനിയച്ചായനെ ആണ് കൈയ്യിൽ നാല് കാശില്ലെങ്കിലും
പെങ്ങൾ വരുമെന്ന് പറഞ്ഞാൽ പച്ചാളം മുഴുവൻ വാങ്ങി വീട്ടിൽ കൊണ്ടുവന്നു ജെസ്സിച്ചേച്ചിയും അമ്മച്ചിയും അതെല്ലാം കറിയാക്കിയും പൊരിച്ചും എല്ലാവരെയും തീറ്റിക്കും
കടയിൽ നടന്നു പോയി, അല്ലെങ്കിൽ അപ്പോൾ അത് വഴി പോകുന്ന പരിചയക്കാരും ചികില്സിചു ഭേതമാക്കിയ
സ്കൂട്ടർകാരന്റെ പുറകിൽ കയറി പോയി ഒരു കൂട സാധനവുമായി വരും പിന്നെ ആ പോക്കിൽ
എന്തെങ്കിലും ദ്രാവകം കൂടി ചിലപ്പം അകത്താക്കിയിരിക്കും എല്ലാം ഞൊടിയിടയിൽ നടന്നിരിക്കും
സിഡ്നിയിൽ വെച്ചൊരിക്കൽ കിടന്ന കിടപ്പിൽ ഞാൻ കട്ടിലിൽ പമ്പരം പോലെ ചുറ്റി കറങ്ങാൻ തുടങ്ങി ഷീറ്റിൽ അള്ളി പിടിച്ചങ്ങു കിടന്നു
എഴുന്നേറ്റപ്പോൾ ദേ കിടക്കുന്നു താഴെ
എന്താണെന്നറിയാതെ ഞാൻ ഫോൺ വിളിച്ചപ്പോഴല്ലേ സംഗതി അറിയുന്നേ ചെവിക്കല്ലിന്റെ സന്തുലിതാവസ്ഥ പോയി
പിന്നെ ചാടി ഓടി നടക്കരുതെന്നും അതിനു മുന്നേ വന്ന പനിയോ മറ്റോ മാറാതെ കിടന്നിട്ടുണ്ടായതാണ് , ഇൻഫെക്ഷൻ മാറ്റണം എന്നിട്ടു എനിക്ക് നാട്ടിൽ നിന്ന് മരുന്ന് അയച്ചു തന്നു, Vertigo!!!
സംസാരിച്ചു കാര്യങ്ങൾ അറിഞ്ഞപ്പോൾ തന്നെ അസുഖം പകുതി ഭേദമായി
ഇന്നും ഞാൻ ഓർത്തു ചിരിക്കുന്ന ഒരു കാര്യമുണ്ട്
ഇതൊക്കെ ഏതു
“Me Too” -ൽ എഴുതി ചേർക്കാൻ പറ്റും
നമ്മൾ ഓരോരുത്തരും ഓരോ അവസ്ഥയിൽ പെട്ട് പോകുമ്പോൾ ഏതു ദൈവ ദൂതനാണോ വന്നു നമ്മളെ കൈ പിടിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരുന്നതെന്ന് അറിയില്ല
ഇതെല്ലം ആർക്കും എപ്പോഴും വരാവുന്ന കാര്യങ്ങൾ പക്ഷെ എന്ത് ചെയ്യണം എന്നറിയാതെ അങ്കലാപ്പെടുക്കുന്ന കാര്യങ്ങൾ.
ഒരു ദിവസം സിഡ്നിയിലെ ഓഫീസിൽ ഞാനൊറ്റക്കാണ്, പെട്ടെന്ന് എനിക്ക് അതിയായ നെഞ്ചുവേദന വിയർക്കുന്നു , ശ്വാസം വിടാൻ മേല, നടക്കാൻ മേല, ഞാൻ മുൻവശത്തെ കണ്ണാടി കതകിന്റെ അടുത്ത് എത്തി താഴെ വീണു,
എങ്ങനെ എന്നെനിക്കറിയില്ല
എന്റെ മോട്ടോറോള മൊബൈൽ ഫോണെന്റെ കൈയുടെ അടുത്ത് താഴെ
ഞാൻ എവിടെയോ ഞെക്കി സേവ് ചെയ്ത നമ്പറിൽ കൈ അമർന്നു അനിയച്ചായന്റെ നമ്പർ വിളിച്ചു,
എടുത്തപ്പോൾ ഞാൻ വേദന, നെഞ്ച് എന്ന് പറഞ്ഞു പുള്ളിക്കാരൻ ആരെങ്കിലും അടുത്തുണ്ടോ എന്ന് ചോദിക്കുന്നു
ആരും ഇല്ല
ആ നിമിഷം ഒരു Courier Delivery പയ്യൻ ഡോറിന്റെ മുന്നിലെത്തി, തറയിൽ വീണു കിടക്കുന്ന എന്നെ കണ്ടിട്ട് അകത്തു കയറി, ആരും ഒന്നും സംസാരിക്കുന്നില്ല, പക്ഷെ ആ പയ്യൻ ഫോൺ എടുത്തിട്ട് സംസാരിക്കുന്നു കൊച്ചിയിലുള്ള എന്റെ അമ്മാച്ചനുമായി
പിന്നെ നടന്നതിങ്ങനെ
ആ പയ്യൻ എന്നെ കമഴ്ത്തി ഇട്ടു എന്റെ പുറത്തിരുന്നിട്ടു അമർത്തോടെ അമർത്തു എന്റെ വാരിയെല്ലിൽ ഞെക്കോടെ ഞെക്ക്
ഞാനാണേൽ ചുരുങ്ങി, ചൊക്കി, ശങ്കിച്ച്, മസിലു പിടിക്കുന്നു അപ്പോൾ അനിയച്ചായൻ ആ പയ്യനോട് പറഞ്ഞിട്ട് എന്നോട് പറയാൻ പറഞ്ഞു മസിലു പിടിക്കാതെ വിലങ്ങിയ Airlock വിടാൻ അങ്ങനെ വായിൽ കൂടെയും എല്ലാടത്തും കൂടെ വായു പോയി അവനും ഞാനും ഒരുമിച്ചു ചാടി എഴുന്നേറ്റു
എന്റെ വേദന പോയി അവനോടു അനിയച്ചായൻ ഒന്ന് കൂടി പറഞ്ഞു
എനിക്കിത്തിരി ചൂട് വെള്ളം കൊണ്ട് തരാൻ
അവനോടി പൊതുവായുള്ള pantry- ൽ നിന്ന് വെള്ളം കൊണ്ട് വന്നു കുടിച്ചു, ജീവൻ വെച്ചു, ഭക്ഷണം കഴിക്കാതെ ഗ്യാസ് കയറിയതാവാം
നമ്മുടെ ഒക്കെ ശരീരം ഒരു കെമിസ്ട്രി ലാബ് ആണല്ലോ
അത് മനസ്സിലാക്കിയ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു ജീനിയസ് ആയിരുന്നു എന്റെ അനിയച്ചായൻ
എന്റെ ‘അമ്മ ഏറ്റവും പ്രിയപ്പെട്ട പെങ്ങൾ ആയിരുന്നു അങ്ങനെ ഞാൻ എറണാകുളത്തു പഠിക്കുമ്പോൾ ഒരു ദിവസം അമ്മയും അപ്പയും പാരാവാരങ്ങളും പെണ്ണ് കാണാൻ വന്നു, കണ്ടു, എല്ലാം പെട്ടെന്നായിരുന്നു ‘അമ്മ ആയിരുന്നു എല്ലാത്തിനും മുന്നിൽ. അങ്ങനെ ജെസ്സി ചേച്ചി കുടുംബത്തെത്തി പഠിക്കാൻ മിടുക്കരായ 3 പെൺ കുട്ടികളും പിന്നാലെ.
എങ്ങും തളച്ചിടാൻ പറ്റാത്ത അനിയച്ചായനെ എല്ലാവരും കൂടി ചേർന്ന് കുവൈറ്റിലേക്കയച്ചു
കുസൃതികുട്ടികളെ ബോർഡിങ്ങിൽ വിടുന്ന പോലെ അനിയച്ചായൻ പോയ പോലെ എല്ലാം ഇട്ടെറിഞ്ഞു തിരികെ
അനിയച്ചായൻ ആത്മാഭിമാനത്തിന്റെ പ്രതീകം ആയിരുന്നു
കാശും, സൗകര്യങ്ങളും, ദ്രവ്യങ്ങളും അനിയച്ചായൻറെ മജ്ജയെയും, മനസ്സിനെയും ഭ്രമിപ്പിച്ചുരുന്നില്ല …
ഈ പുണ്യാത്മാക്കൾ ഒക്കെ ഇപ്പോൾ അങ്ങ് ദൂരെ ദൂരെ കൂടു കൂട്ടിയിരിയ്ക്കുന്നു
നാളെ ഞാനും എത്തിപ്പെടേണ്ട സുന്ദര ദേശത്തു
ഉണ്ടായിരുന്നു എങ്കിൽ
എന്ന്
ഇന്നും, എന്നും, ഞാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് അനിയച്ചായൻ മാത്രമാണ്
എനിക്ക് വേണ്ടി മാത്രമല്ല പലർക്കുവേണ്ടിയും
അസുഖങ്ങളാൽ വലയുന്ന പലർക്കും വേണ്ടിയും….
Leave A Comment