അരുൺ ശേഖർ
കേൾക്കാൻ ഇമ്പമുള്ള പേര്.
കാണാൻ ഓമനത്തം തുളുമ്പുന്ന മുഖം.
TKM കോളേജിൽ ആദ്യമായി കണ്ട നാൾ മുതൽ ദുബൈയിലെ ഞങ്ങളുടെ ഗ്രീൻ ബിൽഡിംഗ് നിർമ്മാണത്തിനോടനുബന്ധിച്ചുള്ള കണ്ടുമുട്ടലുകളിൽ സൂര്യന് കീഴെയുള്ള സുസ്ഥിര വികസനങ്ങളെ പറ്റി മണിക്കൂറുകളോളം ചർച്ച ചെയ്യുക മാത്രമല്ല, ഞങ്ങൾക്കു ഏറ്റവും താല്പര്യമുള്ള വിഷയത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികൾ പ്രാവർത്തികമാക്കുകയും ചെയ്തു.
ആയിടക്കാണ് വര്ഷങ്ങള്ക്കു ശേഷം ഞാൻ എന്റെ ഇളയ തലമുറക്കാരിയും മിടുക്കിയുമായിരുന്ന ഷക്കീലയോടു സംസാരിക്കുന്നതു. അരുണിന്റെ ഭാര്യ എന്നതിലുപരി അരുണിന്റെ ഓരോ നൂതന സംരംഭങ്ങൾക്കും താങ്ങും തണലുമായി നിന്ന കുട്ടിയായിട്ടേ എനിക്ക് ഷക്കീലയെ കാണാൻ സാധിച്ചിരുന്നുള്ളു.
പരിമിതമായ ബഡ്ജറ്റിൽ കെട്ടിടത്തിന്റെ പണികൾ ചെയ്യുന്ന അവസരത്തിൽ, പുറമെ നിന്നുമുള്ള കരാറുകാരെ പരമാവധി കുറച്ചു സ്വന്തമായി തന്നെ ഓരോ പണിയും ചെയ്യുന്നതിന്റെ ഇടയ്ക്കാണ്, അരുണുമായി ബന്ധപ്പെട്ടത്.
ഞങ്ങൾ പഠിച്ച കോളേജിലെ ഒരു കുട്ടി സ്വന്തമായി തുടങ്ങിയ ഒരു സ്ഥാപനം ഉള്ള സ്ഥിതിക്ക് അവരെയും കൂടി ഉൾപ്പെടുത്തി ദുബൈയിലെ ആദ്യത്തെ പ്ലാറ്റിനം റേറ്റഡ് ഗ്രീൻ ബിൽഡിങ്ങിന്റെ പണികൾ ചെയ്യാമെന്ന് പറഞ്ഞത് Dilip ആണ്.
ഞാനിപ്പോൾ ഇതെഴുതുന്നത് അരുണിന്റെ മരണവാർത്ത അറിഞ്ഞശേഷം എന്റെ കൂടെ പഠിച്ച നാസറിനോട് അരുണിനെ പറ്റി സംസാരിച്ചതിന് ശേഷമാണ്.
ഞാൻ പറഞ്ഞതും എന്റെ മനസ്സിൽ വന്നതുമായ കാര്യങ്ങൾ: നാസർ അരുൺ ശേഖർ മിടുക്കനായിരുന്നു, മിടുക്കനായ ഒരു എഞ്ചിനീയർ, പ്രത്യേകതകൾ ഉള്ള വ്യത്യസ്തനായ ഒരു മലയാളി, സംസാരിക്കുമ്പോൾ അതി സൗമ്യനായിരുന്നു അരുൺ. നല്ല ചിന്തകളുള്ള, നല്ലതു ചെയ്യണം എന്ന് ഒത്തിരി ഒത്തിരി ആഗ്രഹമുള്ള, സാങ്കേതിക വിദ്യയിലെ പ്രാവീണ്യം സമൂഹത്തിനു പ്രയോജനമുള്ള പദ്ധതികൾ ചെയ്യാനായി വ്യവസായം തുടങ്ങിയ അരുൺ.
ഏതൊരു പൗരന്റെയും അവകാശമായ നീതി; സാധാരണ നീതിന്യായ വ്യവസ്ഥയിലൂടെ ന്യായമായി ഒരിക്കലും ലഭ്യമാകാത്ത നാട്ടിൽ വ്യവസായ സംരംഭത്തിൽ ഏർപ്പെട്ട അരുൺ.
ഇതെന്റെ സ്വന്തം അഭിപ്രായമാണ്, എന്റെ വിഷമം ആയിരിക്കാം എന്നെകൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്. കഴിഞ്ഞ 6 വർഷമായി എനിക്ക് അരുണിനെ പറ്റി ഒരു വിവരവും ഇല്ല. അതുകൊണ്ടു കഴിഞ്ഞ കുറെ വര്ഷങ്ങളായി അരുൺ എന്തെല്ലാം ചെയ്തിട്ടുണ്ടെന്നൊന്നും എനിക്കറിയില്ല.
മിടുക്കനും, നല്ല മനസ്സിന്റെ ഉടമയും, നല്ല കാര്യങ്ങൾ ചെയ്യണം എന്നു അതിയായ ആഗ്രഹം ഉണ്ടായിരുന്ന അരുൺ, ആരെയെങ്കിലും മനഃപൂർവം ദ്രോഹിക്കണമെന്നോ വഞ്ചിക്കണമെന്നോ എന്നൊന്നും കരുതി വ്യവസായം ചെയ്തിരുന്ന ആളല്ല .
സാഹചര്യങ്ങളുടെ സമ്മര്ദ്ദങ്ങളാൽ ഒത്തിരി ഒത്തിരി ബുദ്ധിമുട്ടിയിരുന്നു അരുൺ. അരുണിനോടും ഷക്കീലയോടും ജീവിതം നീതിയുക്തമായിരുന്നോ?
ഷക്കീലയ്ക്കും, അരുണിനും കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചു, കുറെയധികം കാര്യങ്ങൾ ചെയ്തു,സമാധാനമായി സന്തോഷമായി ജീവിക്കാനുള്ള അവസരം നിഷേധിച്ച പോലെ തോന്നി ഇന്ന് അരുണിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ,
ഓരോ ദിവസവും രാവിലെ ഉണർന്നു രാത്രി ഉറങ്ങുന്നത് വരെ നമ്മൾ പോരാടുന്നു. എപ്പോഴാണ് നമ്മുടെ വിസ വരുന്നതെന്നറിയില്ല.
ഇതെല്ലം സത്യമാണെങ്കിലും നിരന്തരമായ ഓടിയോടി അലയുന്ന നല്ല മനസ്സുകൾ; പണ്ടത്തെ കൽക്കരിയോലോടുന്ന തീവണ്ടിയുടെ എഞ്ചിൻ പോലെ കത്തി കാളി അവസാനം എരിഞ്ഞടങ്ങേണ്ടത് കണ്ടപ്പോൾ, അറിയാതെ നെഞ്ചു പിടഞ്ഞു; മനസ്സ് തേങ്ങി ചോദിച്ചു പോയി, ഇനിയും ഒത്തിരി ഒത്തിരി ചെയ്യാൻ ബാക്കി വെച്ചിട്ടു അരുൺ പെട്ടെന്ന് പോയല്ലോ..
എന്റെ മനസ്സിന്റെ സമാധാനത്തിനാണ് ഞാൻ ഇത് എഴുതിയത്..
ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ടെങ്കിലും അതെല്ലാം വിസ്തരിച്ചെഴുതാനുള്ള മാനസികാവസ്ഥ അല്ല.
പക്ഷെ ഇന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു: നീതി ന്യായ വ്യവസ്ഥയ്ക്ക് അർത്ഥങ്ങളില്ലാത്ത ലോകമാണിന്നു എന്റെ ചുറ്റും. തെറ്റുകൾ ചെയ്യാൻ യാതൊരു താല്പര്യവും ഇല്ലാത്തവർ, നന്മ മാത്രം ഉദ്ദേശിച്ചു ജീവിക്കുന്നവർ, സത്യസന്ധമായി ജോലി ചെയ്യുന്നവർ, അങ്ങനെയുള്ളവരുടെ ജീവിതത്തിൽ ഓരോരോ ആഘാതങ്ങൾ വരുമ്പോൾ എന്തിനാണ്, ഇതെനിക്ക് സംഭവിച്ചതെന്നു ചോദിച്ചിട്ടു കാര്യമില്ല, ജനിച്ചു വീഴുമ്പോഴും കുഞ്ഞുങ്ങളായി ജീവിക്കുമ്പോഴും, മുതിർന്നവരാകുമ്പോഴും, മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യാത്തവർക്കും വല്ലാത്ത പ്രയാസങ്ങൾ നേരിടും, പക്ഷെ അപ്പോഴൊന്നും തളരാനോ വിട്ടുകൊടുക്കാനോ പാടില്ല പോർ പൊരുതണം, അതാണ് നമ്മുടെ മനോദാര്ഢ്യം, അങ്ങനെ ഒരാളായിരുന്നു അരുൺ — പക്ഷെ ഇത്ര പെട്ടെന്ന് മറഞ്ഞു പോകാനുള്ളതായിരുന്നോ അരുണിന്റെ ജീവിതം, അരുണിന് ഈ ലോകത്തുഎന്ത് ന്യായമാണ് കിട്ടിയത് എന്നതായിരുന്നു എന്റെ സംശയം.
അത് ചോദിക്കാനാണ് ഞാൻ നാസറിനെ വിളിച്ചതും,
പ്രിയ അരുൺ, ഒരു നെടുവീർപ്പോടെ മാത്രമേ അരുണിന്റെ ജീവിത യാത്രയെ പറ്റി ഓർക്കാൻ പറ്റൂ, കണ്ണുനീരിൽ പൊതിഞ്ഞ പ്രാർത്ഥനകളോടെ അരുണിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.. എല്ലാം സഹിക്കാനുള്ള മനക്കരുത്തു ഷക്കീലക്കുണ്ടാവട്ടെ..
സ്നേഹത്തോടെ ബീന
Leave A Comment