എന്നോടു പഞ്ഞിപുല്ലു കഴിക്കാൻ പറഞ്ഞിരിക്കയാണ്…
സത്യം പറയാല്ലോ കുറുക്കി കുടിക്കാൻ തുടങ്ങി,
രണ്ടാം ദിവസം മടുത്തു.. ഇപ്പോൾ ഞാനൊരു
ഈസ്റ്റ് മാൻ കളർ പുട്ടുണ്ടാക്കും
ഗോതമ്പും പഞ്ഞിപുല്ലും ചോറും ചേർത്ത്
മിക്സിയിലാണ് ,
വലിയ ജാറിൽ ഗോതമ്പു പൊടിയും (1 cup,), പഞ്ഞിപുല്ലു പൊടിയും (1/3 cup), 2 ടേബിൾ സ്പൂൺ വെന്ത ചോറും ഇട്ടിട്ടു മിക്സി ഓൺ ആക്കി അടിക്കും, ലേശം ഉപ്പും ചേർക്കും.
2 പൾസ് അടിച്ചിട്ട് തുറന്നു, പുട്ടിന്റെ പൊടി നനഞ്ഞോ എന്ന് ഉരുള പിടിച്ചു നോക്കും.
ഒരു തുള്ളി പോലും വെള്ളം വേണ്ട, നനഞ്ഞില്ല എന്ന് തോന്നിയാൽ ഓരോരോ സ്പൂൺ ആയി വെന്ത ചോറ് വീണ്ടും ചേർക്കും ..ഞാനിതു വരെ 3 സ്പൂണിൽ കൂടുതൽ എടുത്തിട്ടില്ല.
ബസുമതി എടുത്താൽ കുറെ അധികം വേണ്ടി വരും, പൊതുവെ വെള്ളമയം ചോറിൽ കുറവായതുകൊണ്ടാണ് അങ്ങനെ, നമ്മുടെ സാധാരണ റേഷനരിയുടെ അല്ലെങ്കിൽ വെള്ള ചോറാണ് എളുപ്പം, മോട്ടാറൈസ് ആയാലും മതി, എന്താണോ ഉള്ളതു് അതുപയോഗിക്കും
ഫുഡ്പ്രൊസസ്സർ ആണെങ്കിൽ ചോറിനു പകരം വെള്ളം കുറേശ്ശേ സ്പൗട്ടിൽ കൂടി ഒഴിക്കും, നമ്മൾക്ക് കാണാൻ പറ്റും നനയുന്നത്,
കൂടുതൽ വെള്ളം ആയാൽ പിന്നെ ചപ്പാത്തിക്ക് കുഴക്കുന്ന പോലെ ഒരു പന്ത് പോലെ ആകും അപ്പോൾ ഫുഡ്പ്രോസെസ്സറിനെ ഒന്നു പിടിച്ചോണം, അല്ലെങ്കിൽ അവിടെ എല്ലാം ചാടി നടക്കും….. പുട്ടു മാറ്റി ചപ്പാത്തി ഉണ്ടാക്കാം.
ഗോതമ്പുപുട്ടു എന്റെ അപ്പക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരമായിരുന്നു, ‘അമ്മ ഉപ്പുവെള്ളം തളിച്ച് ചരുവത്തിൽ വെച്ചിട്ടു കുറെ കഴിഞ്ഞു വന്നു തവിക്കണ കൊണ്ടിളക്കി വിരലിന്റെ അറ്റംകൊണ്ടു നനക്കുമായിരുന്നു കട്ട കെട്ടാതെ,
മീനു മിക്സി വാങ്ങിയത് മുതൽ ഞാനോരോ എളുപ്പ പണി ചെയ്യാൻ തുടങ്ങി, ഗോതമ്പു പുട്ടു സ്പെഷ്യലിസ്റ് ആയി ..
പഞ്ഞിപുല്ലു മാത്രമായും, പഞ്ഞിപുല്ലു ഇല്ലാതെ വെറും ഗോതമ്പു പൊടി മാത്രം ചോറും ചേർത്ത് മിക്സിയിൽ അടിച്ചും, അടിപൊളി പൂ പോലത്തെ പുട്ടുണ്ടാക്കാം.
അതു തലേ ദിവസത്തെ മീൻപറ്റിച്ചതും കൂട്ടി എന്റെ അപ്പ കഴിക്കുന്ന കാഴ്ച ഇന്നലത്തെ പോലെ ഓർക്കുന്നു
തവികണ കൊണ്ട് കുത്തി ഇറക്കണ്ടാത്ത പുട്ടു തിന്നാം ഇങ്ങനെ ചെയ്താൽ മതി.





Leave A Comment